കൊച്ചി: സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് ഭൂ പതിവ് ചട്ടം 1971 ഭേദഗതി പ്രകാരം പട്ടയം അനുവദിക്കുന്നതിന് ഹൈകോടതിയുടെ വിലക്ക്. സർക്കാർ ഭൂമി കൈയേറി കൈവശം വെച്ചിരിക്കുന്നവർക്കും പട്ടയം നൽകാൻ അനുവദിക്കുന്നതാണ് ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ അഞ്ച്, ഏഴ് ചട്ടങ്ങളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകും വരെയാണ് പട്ടയ വിതരണത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ഇടുക്കി ജില്ല കലക്ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമാണ് കോടതിയുടെ നിർദേശം. അതേസമയം, കൈവശഭൂമി അല്ലാത്തവക്ക് പട്ടയം അനുവദിക്കാൻ ഈ ഉത്തരവ് തടസ്സമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ ചട്ടങ്ങളുടെ നിയമസാധുത സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ വിശദീകരണവും തേടി.
ഇടുക്കി ജില്ലയിലെ കൈയേറ്റങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പട്ടയം ലഭിക്കാൻ ഒരു അവകാശവുമില്ലാത്ത ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നവർപോലും പട്ടയത്തിന് സമീപിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. പൊതുതാൽപര്യത്തിന്റെ അടിസ്ഥാനത്തിൽ അർഹർക്ക് ഭൂമി അനുവദിക്കാനാണ് 1964ൽ ഭൂപതിവ് ചട്ടം കൊണ്ടുവന്നത്. ചട്ടം നാല് പ്രകാരം കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഭൂമി പതിച്ചുനൽകാനാവുക. എന്നാൽ, എതിർപ്പില്ലാത്തപക്ഷം കൈയേറ്റഭൂമിയും ഒരേക്കർ വരെ പതിച്ചുനൽകാമെന്ന് ചട്ടം അഞ്ചിൽ വ്യക്തമാക്കുന്നു. 1964 വരെയുള്ള കൈയേറ്റത്തിന് പട്ടയം നൽകാനായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് 1971നുമുമ്പ് സർക്കാർ ഭൂമി കൈയേറിയവർക്കും അപേക്ഷിക്കാൻ ചട്ടം ഏഴിലെ ഭേദഗതിയിലൂടെ അനുവദിച്ചു. ഭൂപതിവ് ചട്ടം നിലവിൽ വന്നശേഷം കൈയേറിയവർക്കും ഭൂമി പതിച്ചുനൽകാനുള്ള അവസരമാണ് ഫലത്തിൽ ഇതിലൂടെ ഉണ്ടായതെന്ന് കോടതി വിലയിരുത്തി.
1964ലെ ഭൂപതിവ് ചട്ടം പൊതുതാൽപര്യത്തിനോ പൊതു ലക്ഷ്യത്തിനോ വിരുദ്ധമായി ഭൂമി പതിച്ചുനൽകാൻ അനുവദിക്കുന്നില്ല. ചട്ടം 11 പ്രകാരം തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട സ്ഥലം മാത്രമേ പതിച്ചുനൽകാൻ കഴിയൂ. കേരള ഭൂ പതിവ് നിയമത്തിന്റെ ലക്ഷ്യത്തെ തോൽപിക്കുന്ന ചട്ടങ്ങൾ സർക്കാറിന് രൂപവത്കരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.