തിരുവനന്തപുരം: 2026 ലും കേരളത്തിന്റെ ആരോഗ്യരംഗം ഗുരുതരമെന്നുതന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അമീബിക് മസ്തിഷ്കജ്വരം ആണ് അതിലെ വലിയവില്ലൻ. ഈ വർഷം 16 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ച 10 പേരിൽ നാലുമരണം സംഭവിച്ചുകഴിഞ്ഞു. ജലാശയങ്ങളിൽ നിന്നും വീടുകളിലെ വാട്ടർ ടാങ്കിൽ നിന്നടക്കം ഉറവിടം കണ്ടെത്തിയ അതിഗുരുതര രോഗമാണ് വെല്ലുവിളിയാകുന്നത്. കഴിഞ്ഞ വർഷം ജീവനെടുത്ത പകർച്ചാരോഗങ്ങളിൽ പ്രധാനിയും അമീബീക് മസ്തിഷ്ക ജ്വരമാണ്. കഴിഞ്ഞവർഷം അമീബിക് മസ്തിഷ്കജ്വരംബാധിച്ച 201 പേരിൽ 47 പേർക്കാണ് ജീവൻപൊലിഞ്ഞത്.
ഇതിൽ ഡിസംബറിൽ മാത്രം ചികിത്സതേടിയത് 29 പേരാണ്. അതിൽ അഞ്ചുമരണമാണ് റിപ്പോർട്ട് ചെയ്തത്. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ ആശുപത്രികളിൽ നിരവധിപേർ ഇപ്പോഴും ചികിത്സയിലുമാണ്. രോഗബാധ തീവ്രമായി തുടരുകയാണെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളെല്ലാം മന്ദഗതിയിലാണ്. ജലാശയങ്ങളിലെയും ജലസ്രോതസുകളിലെയും പരിശോധനകളും അവസാനിച്ചുവെന്നും പറയാം.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ വീടുകളിൽ നിന്നും ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളു കളിൽ അമീബയുടെ സാന്നിധ്യം വ്യക്തമായിരുന്നു. എന്നിട്ടും കൂടുതൽ ശാസ്ത്രീയ പരിശോധനകളിലേക്ക് കടന്നില്ലെന്ന പരാതികൾ വ്യാപകമാണ്. ജലാശയങ്ങളും ജലസ്രോതസുകളും മലിനമാകുന്നത് തന്നെയാണ് രോഗബാധക്ക് പ്രധാനകാരണമെന്നാണ് ഡോക്ടർമാരുടെയും അഭിപ്രായം. അതിനനുസരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നത് വസ്തുതയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവ ത്തിലേക്ക് സംവിധാനങ്ങൾ മൊത്തം കടന്നതോടെ അമീബിക് മസ്തിഷ്കജ്വരം രോഗികളിലേക്ക് ഒതുങ്ങി. അതിപ്പോഴും തുടരുകയാണ്.
എന്നാൽ രോഗാവസ്ഥ അതിഗുതരമാണ് ഇപ്പോഴും. കൂടാതെ രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെയും എണ്ണം ഒരുലക്ഷം കടന്നു. ഇതിനൊപ്പം ശബ്ദതടസത്തിന് ഇടയാക്കുന്ന ‘ലാറിഞ്ചൈറ്റിസ്’എന്ന തൊണ്ടയിലെ അണുബാധയും വർധിക്കുന്നു. ചെറിയ പനിയാണെങ്കിലും കടുത്ത തൊണ്ടവേദന, ദിവസങ്ങളോളം ശബ്ദത്തിന് തടസം എന്നിവയാണ് ലക്ഷണങ്ങൾ. നിരവധി പേർ ഈ ലക്ഷണങ്ങളുമായി ചികിത്സതേടുന്നു. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങളും വർധിക്കുന്നു. എലിപ്പനി കഴിഞ്ഞവർഷം കവർന്നത് 222 ജീവനുകളാണ്. ഡെങ്കിപ്പനി ബാധിച്ച് 56 പേരും ഇൻഫ്ലുവൻസ പിടിപെട്ട് 43 പേരും ഹെപ്പറ്റെറ്റിസ് - എ ബാധിച്ച് 69 പേരും പേവിഷബാധയേറ്റ് 29 പേരും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.