തൃശൂർ: മിച്ചഭൂമി ഏറ്റെടുക്കുന്നതിലും വിതരണം ചെയ്യുന്നതിലും സംസ്ഥാന ലാൻഡ് ബോർഡ് ഗുരുതര വീഴ്ച വരുത്തിയെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് മിച്ചഭൂമിയായി പ്രഖ്യാപിച്ച 3517.1573 ഹെക്ടറിൽ വലിയൊരു ഭാഗം ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഈ കാലതാമസം ഭൂപരിഷ്കരണം നടപ്പാക്കാതിരിക്കുന്നതിനും യോഗ്യരായ ഗുണഭോക്താക്കൾക്ക് ഭൂമി പുനർവിതരണം ചെയ്യുന്നത് തടയുന്നതിനും ഇടയായെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
മിച്ചഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസത്തിന് പുറമേ, 887.0421 ഹെക്ടർ മിച്ചഭൂമി വിതരണം ചെയ്യപ്പെടാതെ കിടക്കുന്നു. ഈ ഭൂമി വിതരണം ചെയ്യാത്തത് ഭൂപരിഷ്കരണ പ്രക്രിയയിൽ കാര്യക്ഷമതയില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് ഭൂരഹിതർക്കും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും വേണ്ടിയുള്ള സാമൂഹിക-സാമ്പത്തിക നേട്ടങ്ങളെ ഗുരുതരമായി ബാധിക്കും.
കോട്ടയം പോലുള്ള ചില ജില്ലകളിൽ ഏറ്റെടുക്കാനോ വിതരണം ചെയ്യാനോ ഉള്ള മിച്ചഭൂമി താരതമ്യേന കുറവാണ്. അതേസമയം പാലക്കാട്-221, മലപ്പുറം-490, കാസർകോട്-761 ഹെക്ടർ വീതം മിച്ചഭൂമി ഏറ്റെടുക്കാനുണ്ട്. ഇത് ജില്ല അല്ലെങ്കിൽ താലൂക്ക് തലത്തിലുള്ള സാധ്യമായ ഭരണപരമായ തടസ്സങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നിശ്ചിത സമയപരിധിക്കുള്ളിൽ താലൂക്ക് ലാൻഡ് ബോർഡുകൾ ശേഷിക്കുന്ന മിച്ചഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന ലാൻഡ് ബോർഡ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്. കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടപടി വേണം. നിയമം ഉദ്ദേശിക്കുന്നതുപോലെ ഭൂമിയുടെ തുല്യമായ പുനർവിതരണം ഉറപ്പാക്കാൻ താലൂക്ക് ലാൻഡ് ബോർഡുകൾ മിച്ചഭൂമി വിതരണം വേഗത്തിലാക്കണമെന്നും ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.