തൃശൂർ: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായിരിക്കെയുണ്ടായ ദത്തുവിവാദം വീണ്ടും ചർച്ചയായതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ നേതാവ് ഷിജുഖാനെ കേരള സാഹിത്യ അക്കാദമിയുടെ സാർവദേശീയ സാഹിത്യോത്സവത്തിൽനിന്ന് മാറ്റിനിർത്തണമെന്ന ആവശ്യവുമായി കുഞ്ഞിന്റെ അമ്മയും സഹ പാനലിസ്റ്റും. ഏറെ വിവാദം സൃഷ്ടിച്ച ദത്തുകേസിലെ കുഞ്ഞിന്റെ അമ്മ അനുപമയും ഷിജുഖാനൊപ്പം ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്ന അഭിഭാഷക കുക്കു ദേവകിയുമാണ് സമൂഹ മാധ്യമങ്ങളിൽ എതിർപ്പുമായി രംഗത്തെത്തിയത്.
ബുധനാഴ്ച വൈകുന്നേരം മൂന്ന് മുതൽ നടക്കുന്ന ‘കുട്ടികളും പൗരരാണ്’ ചർച്ചയിൽ അധ്യക്ഷത വഹിക്കുന്നത് ഷിജുഖാനാണ്. ഇതിനെതിരെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ദത്തുവിവാദത്തിലെ കുഞ്ഞിന്റെ അമ്മ അനുപമ രംഗത്തെത്തിയത്. തന്റെ കുഞ്ഞിനെ രഹസ്യമായി കടത്താൻ ഗൂഢാലോചന നടത്തിയ ഷിജുഖാന് കുട്ടികളുടെ അവകാശത്തെക്കുറിച്ച് പറയാൻ എന്തവകാശമാണുള്ളതെന്ന് അനുപമ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ ചോദിക്കുന്നു. ദത്തുകേസിൽ ഇപ്പോഴും ഷിജുഖാൻ പ്രതിപ്പട്ടികയിൽ ഉള്ളയാളാണെന്നും അനുപമ പറയുന്നു.
അനുപമയുടെ പ്രതികരണം പുറത്തുവന്നതോടെ, താൻ അനുപമക്കൊപ്പമാണെന്നും ഷിജുഖാൻ നിയന്ത്രിക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്നും സഹ പാനലിസ്റ്റായ അഡ്വ. കുക്കു ദേവകി അറിയിച്ചു. അതേസമയം, ഷിജുഖാനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി രംഗത്തെത്തി. അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽനിന്ന് ഷിജുഖാനെ മാറ്റിനിർത്താൻ വേണ്ടി നടത്തുന്ന കള്ളപ്രചാരണങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.