തിരുവനന്തപുരം: താനൂര്‍ പാലം പുനര്‍നിര്‍മ്മാണത്തിന് 17.35 കോടി രൂപയുടെ ഭരണാനുമതി നല്‍കി. താനൂര്‍ ടൗണിലെ ഫിഷിങ്ങ് ഹാര്‍ബര്‍ പാലം നിർമാണം എന്ന പദ്ധതിക്ക് പകരം താനൂര്‍ പാലം പുനര്‍നിര്‍മ്മാണ പദ്ധതി എന്ന പ്രവൃത്തി പരിഗണിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കാലാവധി 2024 മാര്‍ച്ച് 31 വരെനീട്ടി
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ 2023 മാര്‍ച്ച് 31 ശേഷവും പൂര്‍ത്തീകരിക്കാത്തവയുടെ കാലാവധിയും ഗുണനിലവാരം പരിശോധിക്കുന്നതിന് രൂപീകരിച്ച റിട്ട. സുപ്രണ്ടിങ്ങ് എഞ്ചിനീയര്‍മാരുടെ കാലാവധിയും 2024 മാര്‍ച്ച് 31 വരെ നീട്ടി.
148.0175 കോടി രൂപ കണ്ടെത്തുന്നതിനുള്ള നിര്‍ദേശം അംഗീകരിച്ചു
ജില്ലാ പഞ്ചായത്തുകളുടെ 2022-23 വർഷത്തെ സ്പിൽ ഓവർ ബാധ്യത തീർക്കുന്നതിന് ഈ സാമ്പത്തിക വർഷം 200 ശതമാനത്തിൽ അധികം തുക മെയിന്‍റനന്‍സ് ഗ്രാന്‍റിനത്തിൽ ലഭ്യമായതും, ആകെ വിഹിതം ഒരു കോടി രൂപയിൽ അധീകരിച്ചുവരുന്നതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ 10 സ്ലാബുകളാക്കി തിരിക്കും. അനുവദിക്കപ്പെട്ട ഫണ്ടിൽ നിന്നും 10 മുതൽ 40 ശതമാനം വരെ തുക കുറവ് വരുത്തി 148.0175 കോടി രൂപ കണ്ടെത്തുന്നതിനുള്ള നിര്‍ദേശം മന്ത്രിസഭായോഗം അംഗീകരിച്ചു.
പി. ഗോവിന്ദപ്പിള്ള സംസ്കൃതി പഠന കേന്ദ്രം സ്ഥാപിക്കുന്നതിന് ഭൂമി
പി. ഗോവിന്ദപ്പിള്ള സംസ്കൃതി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് തിരുവനന്തപും തൈക്കാട് ഭൂമി അനുവദിച്ചു. 8.01 ആര്‍ ഭൂമി സൗജന്യ നിരക്കായ ആര്‍ ഒന്നിന് പ്രതിവര്‍ഷം 100 രൂപ നിരക്കില്‍ പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു.
എൻ.എച്ച്.എ.ഐയുടെ മേഖലാ കാര്യാലയം സ്ഥാപിക്കുന്നതിന് തിരുവനന്തപുരം ചെറുവക്കല്‍ വില്ലേജില്‍ 25 സെന്‍റ് ഭൂമി 1,38,92,736 രൂപ ന്യായ വില ഈടാക്കി പതിച്ചു നല്‍കാന്‍ തീരുമാനിച്ചു. നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണിത്.
കരട് ഓര്‍ഡിനന്‍സ് അംഗീകരിച്ചു
2023ലെ കേരള മുന്‍സിപ്പാലിറ്റി (ഭേദഗതി) കരട് ഓര്‍ഡിനന്‍സ് അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) കരട് ഒര്‍ഡിനന്‍സും അംഗീകരിച്ചു. ഇത് ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള പിഴയും ശിക്ഷയുമായി ബന്ധപ്പെട്ടതാണ് ഓര്‍ഡിനന്‍സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.