മാനന്തവാടി: ദുബൈയിൽ അന്തരിച്ച പ്രവാസി വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. മാനന്തവാടി രൂപതയുടെ കത്തീഡ്രൽ ഇടവകയായ കണിയാരം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാര ചടങ്ങുകൾ.
പ്രത്യേക വിമാനത്തിൽ ദുബൈയിൽനിന്നും ഇന്നലെ രാത്രി എട്ടോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാത്രി 12ഓടെ മാനന്തവാടിയിൽ ജോയിയുടെ വസതിയായ അറക്കൽ പാലസിൽ എത്തിച്ചു. ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്ലിൻ ജോയ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
നേരത്തെ തയാറാക്കി പട്ടികയിൽ ഉൾപ്പെട്ട ജനപ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 20 പേർ മാത്രമാണ് അന്തിമോപചാരം അർപ്പിച്ചത്. ഏഴോടെ ഏതാനും വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് വിലാപയാത്ര ആരംഭിച്ചു. ഏഴരയോടെ പള്ളിയിൽ എത്തിച്ച മൃതദേഹം പ്രാർഥനകൾക്ക് ശേഷം മാതാവിന്‍റെ കല്ലറയോട് ചേർന്നുള്ള കുടുംബ കല്ലറയിൽ സംസ്കരിച്ചു.
എട്ടുമണിയോടെ ചടങ്ങുകൾ പൂർത്തിയായി. സംസ്കാര ശുശ്രൂഷകൾക്ക് കത്തീഡ്രൽ പള്ളി വികാരി ഫാ. പോൾ മുണ്ടോലിക്കൽ കാർമികത്വം വഹിച്ചു. എം.എൽ.എമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ എന്നിവർ രാവിലെ അറക്കൽ പാലസിലെത്തി റീത്ത് സമർപ്പിച്ചു. ജില്ല ഭരണകൂടത്തിന് വേണ്ടി എ.ഡി.എം തങ്കച്ചൻ ആന്‍റണി റീത്ത് സമർപ്പിച്ചു. പൊലീസിന് വേണ്ടിയും ഉദ്യോഗസ്ഥരെത്തി അന്തിമോപചാരമർപ്പിച്ചു.
കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി പ്രദേശത്ത് ജില്ല കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ലംഘിക്കുന്നുണ്ടോ എന്നറിയാൻ പൊലീസ് ഡ്രോൺ ഉപയോഗിച്ച് മാനന്തവാടി ടൗണിലും പരിസരങ്ങളിലും നിരീക്ഷണം നടത്തി.
ബർ ദുബൈയിലെ ബിസിനസ് ബേയിൽ ഏപ്രിൽ 23നായിരുന്നു 14നില കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ജോയി അറക്കൽ മരിക്കുന്നത്. മരണം ആത്മഹത്യയാണെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈസ്റ്ററിന് വരും എന്ന് അറിയിച്ച് ദുബൈയിലേക്ക് പോയ ജോയിയുടെ മൃതദേഹം അറക്കൽ പാലസിലേക്ക് കൊണ്ടുവന്നപ്പോൾ പിതാവ് ഉലഹന്നാനും സഹോദരൻ അറക്കൽ ജോണിയും വിതുമ്പി. ഇടയ്ക്കിടെ നാട്ടിൽ വരികയും നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ജോയി നാലുമാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.