കെ.കെ. രാഗേഷ്, ഡോ. ദിവ്യ എസ്. അയ്യർ

‘പിണറായി തടഞ്ഞു, സതീശൻ വഴങ്ങി’ -ദിവ്യ എസ്. അയ്യരെ മാറ്റാൻ അദാനി നീക്കം നടത്തിയെന്ന് കെ.കെ. രാഗേഷ്

കോഴിക്കോട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാറിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷ്.

തുറമുഖത്തിന്റെ ചുമതല വഹിച്ചിരുന്ന ​ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യരെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ നീക്കം നടത്തിയിരുന്നുവെന്നും മുൻമുഖ്യമന്ത്രി പിണറായി വിജയൻ അവരുടെ സമ്മർദത്തിന് വ​ഴങ്ങിയില്ലെന്നും രാഗേഷ് ഫേസ് ബുക്ക് പേജിൽ കുറിച്ചു. 

വിഴിഞ്ഞം തുറമുഖത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ കർശന നിലപാടെടുത്തിരുന്ന ദിവ്യ എസ്. അയ്യർക്ക് പകരം, പുതിയ സർക്കാർ അധികാരമേറ്റ ഉടൻ അനുഭവപരിജ്ഞാനമില്ലാത്ത ഉദ്യോഗസ്ഥനെ നിയമിച്ചത് ദുരൂഹമാണ്. അദാനിക്ക് വേണ്ടി പൊതുമുതൽ തീറെഴുതാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ദിവ്യ എസ്. അയ്യരെ മാറ്റിയതെന്നും രാഗേഷ് ആരോപിച്ചു.

‘ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി.ഡി. സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം ഓരോന്നായി പറത്തുവരാൻ തുടങ്ങിയിരിക്കുന്നു. വകുപ്പ് ഏറ്റെടുത്തപ്പോൾ ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രി ഏറ്റെടുത്തത് യാദൃശ്ചികമല്ല എന്ന് ഇപ്പോൾ വ്യക്തമാകുന്നു.’ എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ, മുഖ്യമന്ത്രിയുടെ വാക്കാൽ അനുമതിയില്ലാതെ കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഓഹരി കൈമാറ്റത്തിനുള്ള കരാർ ഉണ്ടാക്കാനും തുടർനടപടി സ്വീകരിക്കാനും അദാനി ധൈര്യപ്പെടില്ല എന്നുതന്നെയാണ് കേരള സമൂഹം വിശ്വസിക്കുന്നതെന്ന് സൂചിപ്പിക്കുന്നുണ്ട്.

വിഴിഞ്ഞം പോർട്ടിൽ 5400 കോടി രൂപ സർക്കാർ ചെലവഴിച്ചപ്പോൾ അദാനി ചെലവാക്കിയത് 2400 കോടി മാത്രമാണ്. ഇപ്പോൾ 49% ഓഹരി കൈമാറുന്നതിലൂടെ അദാനിക്ക് 13,000 കോടിയിലേറെ രൂപ ലഭിക്കാൻ പോകുന്നു. ഇതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്.

ഓഹരി കൈമാറ്റം എം.എസ്‌.സി എന്ന ഷിപ്പിങ് കമ്പനിയുടെ കൈകളിലേക്ക് പോർട്ടിനെ എത്തിക്കും. ഇത് വിഴിഞ്ഞം പോർട്ടിന്റെ വരുമാനം മറ്റു തുറമുഖങ്ങളിലേക്ക് മാറ്റാനും, മറ്റു ഷിപ്പിങ് കമ്പനികളുടെ പ്രവേശനം തടയാനും ഇടയാക്കും. ഓഹരി കൈമാറ്റം എംപവേർഡ് കമ്മിറ്റി പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും പ്രഹസനമാണെന്ന് രാഗേഷ് കൂട്ടിച്ചേർത്തു.

‘ഈ ഓഹരിവിൽപനക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സതീശൻ തയാറാകുമോ എന്നതും പ്രസക്തമാണ്. കേരളത്തിന്റെ സ്വപ്‌നപദ്ധതിയെ, ഭാവികേരളത്തിന്റെ പ്രതീക്ഷയെ കോർപറേറ്റുകൾക്ക് അടിയറവെച്ച യു.ഡി.എഫ് സർക്കാരും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ അതിശക്തമായ ജനരോഷം ഉയരുകതന്നെ ചെയ്യും.’ -എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

Tags:    
News Summary - Adani Tried Removing Divya S. Iyer: K K Ragesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.