പൊലീസ് ചമഞ്ഞ് 'ഇലക്ഷൻ അർജന്റ്' വാഹനത്തിൽ എത്തി 96 ലക്ഷം കവർന്ന കേസ്; കിളിമാനൂർ സ്വദേശി അറസ്റ്റിൽ

തൃശൂർ: കോയമ്പത്തൂരിൽനിന്ന് മൂവാറ്റുപുഴക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ലോറി തടഞ്ഞു നിർത്തി പൊലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയിലെ 96 ലക്ഷം രൂപ കവർച്ച ചെയ്തതിന് നേതൃത്വം കൊടുത്ത യുവാവിനെ തൃശൂർ സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസും ഒല്ലൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഷൂമാക്കർ എന്നറിയപ്പെടുന്ന വിഷ്ണുരാജ് (36) ആണ് പിടിയിലായത്. രണ്ടുവർഷമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

2021 മാർച്ച് 22നാണ് സംഭവം നടന്നത്. മൂവാറ്റുപുഴയിലെ പച്ചക്കറി വ്യാപാര സ്ഥാപനത്തിലേക്ക് കോയമ്പത്തൂരിൽനിന്ന് പച്ചക്കറിയുമായി വരികയായിരുന്ന ലോറിയെ കുട്ടനെല്ലൂരിൽ വെച്ച് 'ഇലക്ഷൻ അർജന്റ്' എന്ന ബോർഡ് വച്ച ഇന്നോവ കാറിൽ വന്ന സംഘം തടഞ്ഞു നിർത്തുകയായിരുന്നു. ലോറിയിലെ ഡ്രൈവറേയും സഹായിയേയും പൊലീസാണെന്നും ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ് ചോദ്യം ചെയ്യാനെന്ന വ്യാജേന ബലം പ്രയോഗിച്ച് ഇന്നോവ കാറിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു.

കുറച്ചു ദൂരം പോയിക്കഴിഞ്ഞ് തിരികെ അവരെ ലോറിയുടെ അടുക്കലെത്തിച്ച് ഇറക്കി വിടുകയും ചെയ്തു. പിന്നീട് ഡ്രൈവറും സഹായിയും കൂടി ലോറി പരിശോധിച്ചപ്പോഴാണ് ലോറിയിൽ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 96 ലക്ഷം രൂപ കവർച്ച ചെയ്തതായി അറിഞ്ഞത്. ഇവർ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഈ കേസിൽ നേരത്തെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോയമ്പത്തൂരിൽ നിന്ന് പച്ചക്കറി ലോറിയിൽ കോടിക്കണക്കിന് രൂപ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെതുടർന്ന് നിരവധി കവർച്ച കേസുകളിൽ പ്രതികളായ തിരുവനന്തപുരം, കണ്ണൂർ, തൃശൂർ ജില്ലകളിലെ സംഘങ്ങളുമായി കൊടുവള്ളി സ്വദേശികളായ നിരവധി കവർച്ച കേസുകളിൽ പ്രതികളായ 'കൊടുവള്ളി പൊലീസ് ഗ്യാങ്ങ്' എന്നറിയപ്പെടുന്ന സംഘവും ചേർന്ന് ഗൂഢാലോചനകൾ നടത്തുകയും ലോറിയിൽ കടത്തുന്ന പണം കള്ളപ്പണമാണെന്ന നിഗമനത്തിൽ പണം കവർച്ച ചെയ്യാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇവരുടെ പദ്ധതിപ്രകാരം അന്ന് ഇവർ ഒരു തവണ കവർച്ചക്കായി ശ്രമിച്ചെങ്കിലും പണം കവർച്ച ചെയ്യാൻ സാധിച്ചിരുന്നില്ല.

അറസ്റ്റിലായ വിഷണുരാജ് കവർച്ച സംഘത്തിെൻറ ഡ്രൈവർ ആണ്. സംഭവത്തിനുശേഷം വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കോവളത്തെ ഒളിത്താവളത്തിൽ നിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്. കവർച്ച സംഘം സഞ്ചരിച്ചിരുന്ന രണ്ട് കാറും ലോറി ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടുപോയ ഇന്നോവ കാറും പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തു.

ഒല്ലൂർ അസി. കമീഷണർ സുരേഷിെൻറ നേതൃത്വത്തിൽ ഒല്ലൂർ ഐ.എസ്.എച്ച്.ഒ ബെന്നി ജേക്കബ്, ഒല്ലൂർ എസ്.ഐ പ്രകാശ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ലാല, എന്നിവരും തൃശൂർ സിറ്റി ഷാഡോ പോലീസിലെ എസ്.ഐമാരായ എൻ.ജി.സുവൃതകുമാർ,.പി. രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഒാഫീസർ ടി.വി. ജീവൻ, സിവിൽ പൊലീസ് ഒാഫീസർമാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിൻ ദാസ് എന്നിവരടങ്ങിയ പൊലീസ് ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - 96 lakh stolen case; Kilimanoor native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT