ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നടത്തുന്നതിന് സുരക്ഷാക്രമീകരണം പൂര്‍ത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

183 ഡിവൈ.എസ്.പിമാരും 100 ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍/ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലുള്ള 4,540 പേരും തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ /സിവില്‍ പൊലീസ് ഓഫീസര്‍മാരും ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നുള്ള 4,383 പൊലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളില്‍ നിന്ന് 4,464 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പില്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും. ഹോം ഗാര്‍ഡില്‍ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസില്‍ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഡ്യൂട്ടിയില്‍ ഉണ്ടാകും.

20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന്‍ സബ്ഡിവിഷനുകള്‍ ഉണ്ടാകും. ഡിവൈ.എസ്.പിമാര്‍ക്കാണ് ഇതിന്‍റെ ചുമതല. ഓരോ പൊലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിങ് ടീമുകള്‍ ഉണ്ടായിരിക്കും. കൂടാതെ തെരഞ്ഞെടുപ്പ് ദിവസത്തേക്കായി ദ്രുതകര്‍മ്മ സേനയുടെ ഒരു സംഘം വീതം എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഉണ്ടായിരിക്കും. പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാവോവാദി ബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സുരക്ഷാനടപടി സ്വീകരിച്ചിരിക്കുന്നത്. പ്രശ്നബാധിതമെന്നു കണ്ടെത്തിയ പോളിങ് സ്റ്റേഷനുകളിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. എ.ഡി.ജി.പി. എം.ആർ അജിത് കുമാറാണ് പൊലീസ് വിന്യാസത്തിന്‍റെ സംസ്ഥാനതല നോഡൽ ഓഫീസർ. പൊലീസ് ആസ്ഥാനത്തെ ഐ.ജി ഹർഷിത അട്ടലൂരി അസിസ്റ്റന്‍റ് പൊലീസ് നോഡൽ ഓഫീസറാണ്.

Tags:    
News Summary - 41,976 policemen are on Lok Sabha election duty in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.