തൃശൂർ: ബാങ്ക് സെർവർ തകരാറിനെത്തുടർന്ന് രണ്ട് കോടിയിലധികം രൂപ യുവാക്കളുടെ അക്കൗണ്ടിലേക്ക് എത്തിയ സംഭവത്തിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം ഊർജിതമാക്കി. പുതുതലമുറ ബാങ്ക് അധികൃതരുടെ പരാതിയിൽ അറസ്റ്റിലായ അരിമ്പൂർ വെളുത്തൂർ സ്വദേശികളായ യുവാക്കൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞ 18,19 തീയതികളിലാണ് തുക വഴിമാറിയത്. പുതുതലമുറ ബാങ്കിൽ അക്കൗണ്ടുള്ള യുവാക്കളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 2,44,89,126.68 രൂപയാണ് എത്തിയത്.
മറ്റൊരു ബാങ്കുമായി ലയനനടപടി നടക്കുന്നതിനാൽ അബദ്ധത്തിലാണ് ബാങ്കിൽനിന്ന് യുവാക്കളുടെ അക്കൗണ്ടിൽ പണമെത്തിയതെന്നാണ് ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ പറയുന്നത്. കിട്ടിയ പണം വിവിധ ഘട്ടങ്ങളിലായി കൈമാറുകയും ചെയ്തു. 19 ബാങ്കിലായി 54 വിവിധ അക്കൗണ്ടുകളിലേക്ക് 171 ഇടപാടുകളായാണ് പണം ഓൺലൈൻ കൈമാറ്റം നടത്തിയത്.
അക്കൗണ്ട് ഉടമകളെക്കുറിച്ച വിവരം തുടരന്വേഷണത്തിലേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ക്രിപ്റ്റോ ട്രേഡിങ് നടത്തുന്നതിനാണ് ഒന്നര മാസം മുമ്പ് യുവാക്കൾ പുതുതലമുറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ടിൽ വന്ന പണം പിൻവലിച്ച് നാല് ഐ ഫോണുകൾ വാങ്ങാൻ നാല് ലക്ഷം ചെലവിട്ടു.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലുണ്ടായിരുന്ന നാല് ലക്ഷത്തിന്റെ കടബാധ്യത തീർത്തു. തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എ. അഷ്റഫിന്റെ നേതൃത്വത്തിെല സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.