കാഞ്ഞങ്ങാട്: മലബാറിന്‍െറ രാഷ്ട്രീയ ചരിത്രത്തിനൊപ്പം നടന്ന കെ. മാധവന്‍െറ ദീപ്തസാന്നിധ്യം ഇനി ചരിത്രത്താളുകളില്‍. ഒരു നൂറ്റാണ്ടിന്‍െറ ഉദയാസ്തമയങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ചരിത്ര പുരുഷന്‍െറ ചെങ്കൊടി പുതച്ച ഭൗതികശരീരം കാഹള നാദത്തിന്‍െറ അകമ്പടിയോടെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഉപ്പു സത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലും പങ്കെടുത്തവരില്‍ ജീവിച്ചിരുന്ന അവസാന കണ്ണിയായിരുന്ന കാഞ്ഞങ്ങാടിന്‍െറ  മാധവേട്ടന്‍ എന്ന കെ. മാധവന്‍ ഞായറാഴ്ച രാത്രിയാണ് വിടപറഞ്ഞത്. അത്യുത്തര കേരളത്തിലെ പേരുകേട്ട ജന്മി കുടുംബത്തില്‍ പിറന്നിട്ടും അതിന്‍െറ സൗഭാഗ്യങ്ങളെ വിട്ടെറിഞ്ഞ് ജന്മിത്തത്തിനും ബ്രിട്ടീഷ് ആധിപത്യത്തിനുമെതിരെ ദേശീയ, കര്‍ഷക പ്രസ്ഥാനങ്ങളുടെ മുന്‍നിരയിലത്തെുകയും കമ്യൂണിസത്തിന്‍െറ തീവഴികളെ ഗാന്ധിയന്‍ പാതയിലേക്ക് സമന്വയിപ്പിക്കുകയും ചെയ്ത മാധവേട്ടന്‍െറ വിയോഗത്തോടെ നാടിന് ഗുരുതുല്യമായ രാഷ്ട്രീയ സാന്നിധ്യമാണ് നഷ്ടമായത്.   

 വിലാപ ധ്വനിയോടെ മൂന്നുതവണ പൊലീസിന്‍െറ ബ്യൂഗിള്‍ നാദമുയര്‍ന്നപ്പോള്‍  മൂത്ത മകന്‍ അഡ്വ. സേതു മാധവന്‍  ചിതക്ക് തീ കൊളുത്തിയതോടെ മാധവേട്ടന്‍െറ ചരിത്രത്തിന്‍െറ നിറശോഭയായി. സര്‍ക്കാറിന്‍െറ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.  രണ്ടാമത്തെ മകന്‍ ഡോ.അജയകുമാര്‍, പേരമക്കള്‍ എന്നിവരും സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
 ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം  വൈകീട്ട് വിലാപയാത്രയായി നെല്ലിക്കാട്ടെ വീട്ടുവളപ്പിലത്തെിച്ച ശേഷമാണ് അന്ത്യോപചാര ചടങ്ങുകള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കും വേണ്ടി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ ഭരണകൂടത്തിനുവേണ്ടി ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവും പുഷ്പചക്രം  സമര്‍പ്പിച്ചു.

പി. കരുണാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  എ.ജി.സി. ബഷീര്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട്, സിന്‍ഡിക്കേറ്റ് അംഗം വി.പി.പി. മുസ്തഫ, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, നഗരസഭാ ചെയര്‍മാന്മാരായ വി.വി.രമേശന്‍, പ്രഫ. കെ.പി. ജയരാജന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി. ജയരാജന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.വി. ജയരാജന്‍, ബിനോയ് വിശ്വം, സത്യന്‍ മൊകേരി,
എ.കെ നാരായണന്‍,  കെ.പി. സതീഷ്ചന്ദ്രന്‍, സി.എന്‍. ചന്ദ്രന്‍, എഴുത്തുകാരായ സി.വി. ബാലകൃഷ്ണന്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, എം.എ. റഹ്മാന്‍, മാധവന്‍ പുറച്ചേരി, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ട്രഷറര്‍ എം.ഒ. വര്‍ഗീസ് തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.