കഞ്ചിക്കോട്ടെ ഹിന്ദിക്കാറ്റ്

സംസ്കാരത്തിന്‍െറ ഇഴുകിച്ചേരലുകളുടെ പേരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ചോദ്യമുനയില്‍ നിര്‍ത്തപ്പെടുകയാണ്. എന്നാല്‍, കേരളത്തിന്‍െറ വ്യവസായികവും കാര്‍ഷികവുമായ ആവശ്യങ്ങളില്‍ അവരുടെ പങ്ക് വിലമതിക്കാനാവാത്തതാണ്. 300ഓളം വ്യവസായങ്ങളുള്ള കഞ്ചിക്കോട് വികസിക്കുന്നത് മാറ്റിനിര്‍ത്തണമെന്ന് നാം വാശിപിടിക്കുന്ന ഇതരരിലൂടെയാണ്.

പാലക്കാട് കഞ്ചിക്കോടിന് സമീപം സത്രപ്പടിയിലത്തെിയാല്‍ ഒറ്റനോട്ടത്തില്‍ ഏതെങ്കിലും ഉത്തരേന്ത്യന്‍ ടൗണ്‍ഷിപ്പില്‍ ചെന്ന പ്രതീതിയാണ് ഉളവാകുക. എവിടെയും ഹിന്ദി സംസാരിക്കുന്നവര്‍. അരിക്കടക്കും സ്റ്റുഡിയോക്കും മരുന്നുകടക്കുമെല്ലാം ഹിന്ദി ബോര്‍ഡുകള്‍. ഉത്തരേന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട ഉരുളക്കിഴങ്ങും സവാളയും പച്ചക്കറിക്കടകളില്‍ സുലഭം. മൊബൈല്‍ ഷോപ്പുകളില്‍ ഹിന്ദി ഗാനങ്ങള്‍ റെക്കോഡ് ചെയ്യുന്ന തിരക്ക്. കേരളത്തിലേക്ക്  ഇതര സംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്ക് ഉണ്ടാകുന്നതിന് പതിറ്റാണ്ട് മുമ്പുതന്നെ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ വലിയ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് കഞ്ചിക്കോട് വ്യവസായ മേഖല. ഇതിനു ചുറ്റുമുള്ള സത്രപ്പടിയടക്കം കൊച്ചുകവലകള്‍  ടൗണ്‍ഷിപ്പായി വികസിച്ചത് ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ കടന്നുവരവോടെയാണ്. കെമിക്കല്‍, സ്റ്റീല്‍ കമ്പനികളടക്കം ചെറുതും വലുതുമായ 300 വ്യവസായ കേന്ദ്രങ്ങളാണ് കഞ്ചിക്കോട് ഉള്ളത്. സംസ്ഥാനത്തെ എറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖലയായ ഇവിടെ ഒഡിഷ, യു.പി, ബംഗാള്‍, ഝാര്‍ഖണ്ഡ്, തമിഴ്നാട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നടക്കം കാല്‍ ലക്ഷത്തോളം തൊഴിലാളികള്‍  ജോലിചെയ്യുന്നു.

എവിടെയും സ്ഥിരമായി നില്‍ക്കാത്ത ‘ഫ്ളോട്ടിങ് പോപ്പുലേഷന്‍’ എന്ന ഉത്തരേന്ത്യന്‍ തൊഴില്‍പ്പട കഞ്ചിക്കോടുള്ള മലയാളി പെണ്‍കുട്ടികളെ വിവാഹം ചെയ്ത് സ്വന്തമായി വീടുവെച്ചു താമസിക്കുന്നുണ്ട്. സത്രപ്പടിയില്‍ ഹിന്ദി കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഒരു കോളനിയുണ്ട്. ഇവിടെ ഉത്തരേന്ത്യക്കാരുടെ വസ്ത്രങ്ങള്‍ തുന്നാന്‍ പ്രത്യേകമായി തുറന്ന തയ്യല്‍ക്കടയും  തൊഴിലാളികള്‍ക്കുവേണ്ടി ഹിന്ദിക്കാര്‍ തുടങ്ങിയ സ്പെഷല്‍ ചായക്കടയുമുണ്ട്.  വഴിയോരത്ത് ഇരുത്തി ക്ഷൗരംചെയ്യുന്ന ഹിന്ദി ബാര്‍ബര്‍ തൊഴിലാളികള്‍ കഞ്ചിക്കോട്ടെ കൗതുകക്കാഴ്ചയാണ്.  ഇതുവഴിയുള്ള ബസുകള്‍ക്ക് ഹിന്ദിയിലും സ്ഥലനാമം എഴുതിയ ബോര്‍ഡുകളുണ്ട്. വലിയ ആരവങ്ങളോടെയാണ് കഞ്ചിക്കോട് എല്ലാ വര്‍ഷവും ഹോളി ആഘോഷിക്കപ്പെടുന്നത്.   കഞ്ചിക്കോട് സര്‍ക്കാര്‍ സ്കൂളിലേക്കും  സമീപമുള്ള അണ്‍ എയ്ഡഡ് സ്കൂളുകളിലേക്കും കുട്ടികളെ പഠിപ്പിക്കാന്‍ വിടുന്ന ഇതര സംസ്ഥാന കുടുംബങ്ങള്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയും സമ്പാദിച്ചിട്ടുണ്ട്.

ഹിന്ദിക്കു പുറമേ ഒറിയ, ഗുജറാത്തി, നേപ്പാളി, ബംഗാളി, തമിഴ്, അസമീസ് ഭാഷകള്‍ സംസാരിക്കുന്നവരും തൊഴിലാളികള്‍ക്കിടയിലുണ്ട്. കഞ്ചിക്കോട് ജി.എല്‍.പി സ്കൂളില്‍ ഉത്തരേന്ത്യന്‍ കുടുംബങ്ങളില്‍നിന്നുള്ള 70ലധികം കുട്ടികളാണ് പഠിക്കുന്നത്.  ഓരോ വര്‍ഷവും 15നും 20നും ഇടയില്‍ കുട്ടികള്‍ പ്രീപ്രൈമറിയില്‍ ചേരുന്നുണ്ടെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് പറയുന്നു. ദ്വിഭാഷിയെ വെച്ചാണ് കുട്ടികളെ മലയാളം പഠിപ്പിക്കുന്നത്. കലോത്സവങ്ങളില്‍ വിവിധ ഹിന്ദി ഇനങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ കുട്ടികള്‍ ഇവിടെയുണ്ട്. പ്രൈമറി പഠനം കഴിഞ്ഞാല്‍ കഞ്ചിക്കോട് ഗവ. ഹൈസ്കൂളിലത്തെും. ബാല-ബാലിക വിവാഹം ഉത്തരേന്ത്യന്‍ കുടുംബത്തില്‍ ഇപ്പോഴും കുറവല്ല. പ്രമുഖ ഐ.സി.എസ്.ഇ സ്കൂളില്‍ എട്ടുവരെ പഠിച്ച നേപ്പാളി കുടുംബത്തിലെ വിദ്യാര്‍ഥി നാട്ടില്‍ പോയശേഷം മടങ്ങിയത്തെിയത് വിവാഹിതനായി. പിന്നീട് ഇവന്‍ പഠനം അവസാനിപ്പിച്ച് ഫാക്ടറിയില്‍ കുറഞ്ഞ കൂലിക്ക് തൊഴിലാളിയായി.

പ്രീക്കോട്ട് മില്‍ കോളനി, ചുള്ളിമട, അട്ടപ്പള്ളം, ആര്‍.വി. പുതൂര്‍, കൊയ്യാമരക്കാട്, പുതുശ്ശേരി എന്നിവിടങ്ങളില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ സ്ഥിരതാമസമുണ്ടെങ്കിലും സത്രപ്പടിയാണ് ഇവരുടെ തലസ്ഥാനം. ശനിയാഴ്ച വൈകീട്ട് സത്രപ്പടി ജങ്ഷനില്‍ നടക്കുന്ന ആഴ്ചച്ചന്ത ഹിന്ദി കുടുംബങ്ങള്‍ക്കുവേണ്ടിയുള്ളതായി മാറിയിട്ട് വര്‍ഷങ്ങളായി. ഉത്തരേന്ത്യന്‍ കുടുംബങ്ങളുടെ വീടുകളിലേക്ക് വേണ്ട പച്ചക്കറിയും സാധന സാമഗ്രികളും പല വ്യഞ്ജനങ്ങളുമാണ് ഈ ചന്തയില്‍ പ്രധാനമായും ഉണ്ടാവുക.  സവാളയും ഉരുളക്കിഴങ്ങും ചന്തയില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. സാധനങ്ങളുടെ പേരു പറയുന്നതും വിലപേശുന്നതുമെല്ലാം ഹിന്ദി ഭാഷയില്‍. ഞായറാഴ്ച വൈകീട്ടുള്ള പുതുശ്ശേരി ആഴ്ചച്ചന്തക്കും ഉത്തരേന്ത്യന്‍ ടച്ചുണ്ട്.

 എത്ര ബുദ്ധിമുട്ടുള്ള ജോലിയും മടിയേതുമില്ലാതെ, അനായാസം ചെയ്യുന്നവരാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. യന്ത്രങ്ങളെപ്പോലെ പണിയെടുക്കുന്ന ഇവരാണ് കഞ്ചിക്കോട് വ്യവസായ മേഖലയെ പതിറ്റാണ്ടുകളായി ചലിപ്പിക്കുന്നത്. സ്റ്റീല്‍ കമ്പനികളിലെ കഠിനജോലികള്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ നിഷ്പ്രയാസം ചെയ്യുന്നു. കേരളഭവനം ഫൗണ്ടേഷന്‍ കഞ്ചിക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി അപ്നാഘര്‍ എന്ന പേരില്‍ ലേബര്‍ ഹോസ്റ്റല്‍ നിര്‍മിക്കുന്നുണ്ട്. 7.90 കോടി രൂപ ചെലവില്‍ 864 പേര്‍ക്ക് താമസിക്കാവുന്ന ഫ്ളാറ്റ് സമുച്ചയമാണ് രണ്ടുഘട്ടമായി ഒരുക്കുന്നത്.

നെല്ലിയാമ്പതിയില്‍ കഥ വേറെ  

മലയാളി ഇതര സംസ്ഥാന തൊഴിലാളിയെക്കുറിച്ച് കേട്ടറിവുപോലുമില്ലാത്ത കാലത്ത് കേരളമണ്ണിലേക്ക് കുടിയേറി ഇവിടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്ത ഒരുകൂട്ടം തമിഴ് കുടുംബങ്ങള്‍ ഇന്നും നെല്ലിയാമ്പതിയിലെ തോട്ടങ്ങളോട് ചേര്‍ന്നുള്ള പാടികളിലുണ്ട്. നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റുകള്‍ സ്ഥാപിക്കപ്പെട്ടിട്ട് ഒന്നര നൂറ്റാണ്ടിലേറെയായി. ബ്രിട്ടീഷുകാരുടെ ഭരണകാലത്തുതന്നെ അവിടെ ഏലം, കാപ്പി, കുരുമുളക്, ഓറഞ്ച്, തേയില തോട്ടങ്ങളുണ്ട്. നിലവില്‍ 46 എസ്റ്റേറ്റുകള്‍ നെല്ലിയാമ്പതിയിലുണ്ട്.

ഒരുകാലത്ത് അയ്യായിരത്തിനടുത്ത് തൊഴിലാളികളുണ്ടായിരുന്ന നെല്ലിയാമ്പതിയില്‍ ഇന്ന് അതിന്‍െറ പകുതിയോളമേ വരൂ. എസ്റ്റേറ്റില്‍ പണി കുറഞ്ഞതും കുറഞ്ഞ കൂലിയും ഇവര്‍ ഇന്ന് നേരിടുന്ന പ്രതിസന്ധിയാണ്. തോട്ടങ്ങളില്‍ ചിലത് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ പലര്‍ക്കും ജോലിയും ആനുകൂല്യങ്ങളും നഷ്ടമായി. പണി ഇല്ലാതായതോടെ പലരും ആയുസ്സിന്‍െറ സിംഹഭാഗവും വിയര്‍പ്പൊഴുക്കിയ നെല്ലിയാമ്പതിയെ ഉപേക്ഷിച്ച് തമിഴ്നാട്ടിലെ സ്വദേശത്തേക്ക് മടങ്ങി. കുട്ടികള്‍ക്ക് പഠനസൗകര്യം കുറവായതും പാടികളിലെ അസൗകര്യവും അറ്റകുറ്റപ്പണിയുടെ അഭാവവും തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു. അപൂര്‍വം പാടികളേ ഇന്നും കോണ്‍ക്രീറ്റ് ചെയ്തതായുള്ളൂ. മിക്കതും പഴയ ആസ്ബസ്റ്റോസ് ഷീറ്റില്‍ നിര്‍മിച്ചതാണ്. പലതും വാസയോഗ്യമല്ല. വന്യമൃഗശല്യവും തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭീഷണിയാണ്.

വായന വളരാന്‍ ‘ദിഗന്ത മഞ്ച്’

ജനങ്ങളുമായി അടുത്ത് സഹവസിക്കുകയും മാതൃകാപരമായ ജീവിതം നയിക്കുകയും ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ധാരാളം മലപ്പുറത്ത് കാണാം. മലപ്പുറത്ത് ഇവര്‍ക്ക് മാത്രമായി നാട്ടുകാര്‍ നമസ്കാര പള്ളി ഒരുക്കിയിട്ടുണ്ട്.  പെരിന്തല്‍മണ്ണക്കടുത്ത് ശാന്തപുരം പട്ടിക്കാട് ചുങ്കം ജങ്ഷനിലാണ് ഇവര്‍ക്കായി ജുമുഅത്ത് പള്ളിയുള്ളത്. ജമാഅത്ത് നമസ്കാരങ്ങള്‍ക്കും പെരുന്നാള്‍ നമസ്കാരത്തിനും വെള്ളിയാഴ്ച ജുമുഅക്കും ഇവിടെ ധാരാളം പേര്‍ വന്നുപോകുന്നു.

ബംഗാളി ഭാഷയിലാണ് ഖുതുബ. പശ്ചിമ ബംഗാള്‍, അസം, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡിഷ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പതിവായി പള്ളിയില്‍ പ്രാര്‍ഥനക്കത്തെുന്നു. ശാന്തപുരത്തും പരിസര പ്രദേശങ്ങളിലും ജോലിയാവശ്യാര്‍ഥം എത്തിയവരുടെ പെരുന്നാള്‍ അടക്കമുള്ള ആഘോഷങ്ങളും ഇവിടെയാണ്.  ‘ഭായി’മാര്‍ക്ക് മാത്രമായി ഇതേ നാട്ടുകാര്‍ വായനശാലയും ഒരുക്കി നല്‍കി. ‘ദിഗന്ത മഞ്ച്’ എന്നാണ് വായനശാലയുടെ പേര്. ഉര്‍ദുവിലും ബംഗാളിയിലുമുള്ള ഇരുനൂറിലധികം പ്രസിദ്ധീകരണങ്ങള്‍ ഇവിടെ ലഭ്യമാണ്.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.