ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു, വൈകിയോട്ടം തുടരുന്നു

തിരുവനന്തപുരം: കരുനാഗപ്പള്ളിക്ക് സമീപം ഗുഡ്സ് ട്രെയിന്‍ പാളംതെറ്റിയതിനത്തെുടര്‍ന്ന് താളംതെറ്റിയ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും അപകടസ്ഥലത്തെ വേഗനിയന്ത്രണത്തിന് പിന്നാലെ വൈകിയോട്ടവും തുടരുന്നു. പാളം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഗതാഗതം പുന$സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ബുധനാഴ്ച രാവിലെ 9.15നാണ് ഇതുവഴി ട്രെയിന്‍ സര്‍വിസ് നടത്താനായത്. ഇതോടെ രാവിലെ 6.30നും 10നും ഇടയില്‍ തലസ്ഥാനത്ത് എത്തേണ്ട മലബാര്‍, ജയന്തി ജനത, ഇന്‍റര്‍സിറ്റി എക്സ്പ്രസുകള്‍ ഉള്‍പ്പെടെ പല ട്രെയിനും മൂന്ന് മണിക്കൂറിലധികം വൈകി.

പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനുകളും ബുധനാഴ്ച വൈകിയാണ് ഓടിയത്. രാവിലെ ആറിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട ജനശതാബ്ദി 7.45നും അഞ്ചിന് പുറപ്പെടേണ്ട വേണാട് 8.30നുമാണ് യാത്ര തുടങ്ങിയത്. ഇതിനുപുറമെ, അപകടസ്ഥലത്തെ നിയന്ത്രണം കൂടിയായതോടെ ജനശതാബ്ദി മൂന്ന് മണിക്കൂറും വേണാട് അഞ്ചര മണിക്കൂറും വൈകിയാണ് ബുധനാഴ്ച സര്‍വിസ് നടത്തിയത്.

അപകടം നടന്ന ലൈനില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗമാണ് റെയില്‍ സുരക്ഷാവിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്കുശേഷം പാളത്തിന്‍െറ ക്ഷമത ഉറപ്പുവരുത്തിയേ വേഗനിയന്ത്രണം ഒഴിവാക്കൂ. തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസ് നാല് മണിക്കൂറും തിരുവനന്തപുരം-ഗൊരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ് മൂന്നര മണിക്കൂറും കൊച്ചുവേളി ഹൈദരാബാദ് ശബരി എക്സ്പ്രസ് രണ്ടര മണിക്കൂറും കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ്, തിരുവനന്തപുരം-ലോകമാന്യതിലക് എക്സ്പ്രസ് എന്നിവ ഒന്നേകാല്‍ മണിക്കൂറും വൈകിയാണ് ബുധനാഴ്ച സര്‍വിസ് നടത്തിയത്. ഇതിനുപുറമെ, 16341 ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി, 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എന്നിവ ബുധനാഴ്ച പൂര്‍ണമായി റദ്ദാക്കിയിരുന്നു. നാഗര്‍കോവിലില്‍നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ട പരശുറാം, ഏറനാട് എക്സ്പ്രസുകളുടെ എറണാകുളം വരെയുള്ള യാത്ര റദ്ദാക്കിയതും യാത്രക്കാരെ ദുരിതത്തിലാക്കി.

ഇരുട്രെയിനും എറണാകുളത്തുനിന്നാണ് ബുധനാഴ്ച സര്‍വിസ് ആരംഭിച്ചത്.  കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് വൈകീട്ട് ആറിനും ഷൊര്‍ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഉച്ചക്ക് 2.35ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് വൈകീട്ട് 6.15നുമാണ് യാത്ര തിരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.