കൊല്ലം കോർപറേഷൻ കൗണ്‍സിലര്‍ കോകില എസ്. കുമാറും അച്ഛനും കാറിടിച്ചു മരിച്ചു

കൊല്ലം: കൊല്ലം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ തേവള്ളി ഓലയില്‍ വരവര്‍ണിനിയില്‍ കോകില എസ്.കുമാറും(23) അച്ഛന്‍ സുനില്‍കുമാറും (50)കാറിടിച്ചു മരിച്ചു. ഗുരുതര പരിക്കേറ്റ സുനില്‍കുമാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10ന് പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയപാതയില്‍ ആല്‍ത്തറമൂടിനു സമീപമായിരുന്നു അപകടം.

അമിതവേഗത്തില്‍ പിന്നാലെവന്ന കാര്‍ കോകിലയും അച്ഛനും സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി. കാറില്‍ സഞ്ചരിച്ചിരുന്നവര്‍ മദ്യപിച്ചിരുന്നെന്ന് സംശയിക്കുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മറ്റു പല വാഹനങ്ങളിലും ഉരസിയ ശേഷമാണ് കാര്‍ സ്‌കൂട്ടറിന്‍റെ പിന്നിലിടിച്ചത്. ശക്തികുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപമുള്ള റെസിഡന്‍റ്സ് അസോസിയേഷന്‍റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു ഇരുവരും.  

കോകില സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോകിലയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പരവൂര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഡ്രൈവറാണ് സുനില്‍കുമാര്‍.

കൊല്ലം കര്‍മലറാണി ട്രെയിനിങ് കോളജിലെ ബി.എഡ് വിദ്യാര്‍ഥിനി കൂടിയായ കോകില കോര്‍പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറാണ്. തേവള്ളി ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. ഷൈലജയാണ് അമ്മ. സഹോദരങ്ങൾ: കാര്‍ത്തിക, ശബരി.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.