സ്റ്റാമ്പ് ശേഖരണം ജീവിതചര്യയാക്കി അബ്ദുല്‍ ശുക്കൂര്‍

പൊന്നാനി: ടൗണിലെ മാഞ്ഞാമ്പ്രയത്ത് അബ്ദുല്‍ ശുക്കൂറിന് സ്റ്റാമ്പ് ശേഖരണം ജീവിതചര്യയുടെ ഭാഗമാണ്. 35 വര്‍ഷം മുമ്പ് ആരംഭിച്ച ശേഖരണം ഈ 45കാരന്‍ ഇന്നും തുടരുന്നു. എല്‍.പി ക്ളാസില്‍ പഠിക്കുമ്പോഴാണ് ശുക്കൂറിന് സ്റ്റാമ്പുകളോട് പ്രിയം തുടങ്ങിയത്. ജീവിതപ്രാരാബ്ധത്തെ തുടര്‍ന്ന് അഞ്ചാം ക്ളാസില്‍ പഠനം നിര്‍ത്തിയെങ്കിലും സ്റ്റാമ്പുകളടക്കം പുരാതന വസ്തുക്കളുടെ ശേഖരവുമായി മുന്നോട്ടുപോയി. മൂവായിരത്തില്‍പരം സ്റ്റാമ്പുകള്‍ ശുക്കൂറിന്‍െറ ശേഖരത്തിലുണ്ട്. ഇതില്‍ അഞ്ഞൂറിലധികം സ്റ്റാമ്പുകള്‍ ഇന്ത്യയുടേതാണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, പാകിസ്താന്‍, ഇറാഖ്, തുര്‍ക്കി, ഇറാന്‍ തുടങ്ങി 150ഓളം വിദേശ രാഷ്ട്രങ്ങളുടെ സ്റ്റാമ്പുകളാണ് ബാക്കി വരുന്നത്. വാടകവീട്ടിലെ ഇടുങ്ങിയ മുറിയില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഇവയില്‍ ചിലതെല്ലാം ചിതലരിച്ചുപോയി.
വൈവിധ്യങ്ങളായ ഗാന്ധി സ്റ്റാമ്പുകള്‍, നെഹ്റു സ്റ്റാമ്പുകള്‍, ഇന്ദിരാഗാന്ധി സ്റ്റാമ്പുകള്‍ എന്നിവയെല്ലാം യഥേഷ്ടമുണ്ട്.

ശ്രീനാരായണ ഗുരു, രാജാരവിവര്‍മ, വള്ളത്തോള്‍, ഇ.എം.എസ്, മന്നത്ത് പത്മനാഭന്‍, കെ. കേളപ്പന്‍, ശ്രീശങ്കരാചാര്യര്‍, എ.കെ. ഗോപാലന്‍, വി.കെ. കൃഷ്ണമേനോന്‍, വക്കം അബ്ദുല്‍ഖാദര്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, എസ്.കെ. പൊറ്റെക്കാട്ട്, ആര്‍. ശങ്കര്‍, വേലുത്തമ്പിദളവ, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, അയ്യങ്കാളി, ജി. ശങ്കരകുറുപ്പ്, പി.എന്‍. പണിക്കര്‍, ചട്ടമ്പിസ്വാമികള്‍, പ്രേംനസീര്‍ തുടങ്ങി മലയാളികളുടെ ചിത്രമുള്ള സ്റ്റാമ്പുകളും ശുക്കൂറിന്‍െറ ശേഖരത്തിലുണ്ട്. ശംഖ് രൂപത്തിലുള്ള ശ്രീലങ്കന്‍ സ്റ്റാമ്പ്, ആമയുടെ രൂപമുള്ള ഇന്തോനേഷ്യന്‍ സ്റ്റാമ്പ്, ത്രികോണാകൃതിയില്‍ ഇന്ത്യ ഇറക്കിയ അപൂര്‍വ സ്റ്റാമ്പ്, കുവൈത്തിന്‍െറ വൃത്താകൃതിയിലുള്ള സ്റ്റാമ്പ്, കൊച്ചി തിരുവിതാംകൂറിന്‍െറ മലയാളത്തില്‍ എഴുതിയ സ്റ്റാമ്പ് എന്നിവയെല്ലാം വിലമതിക്കാത്ത ശേഖരങ്ങളാണ്.

നിരവധി സ്ഥലങ്ങളില്‍ സ്റ്റാമ്പ് ശേഖരം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്റ്റാമ്പുകള്‍ക്ക് പുറമെ ലക്ഷങ്ങള്‍ വിലമതിക്കുന്ന അപൂര്‍വ വസ്തുക്കളുടെ ഉടമയാണ് ശുക്കൂര്‍.
അഞ്ഞൂറിലേറെ വിദേശ കറന്‍സികള്‍ ഇദ്ദേഹത്തിന്‍െറ കൈവശമുണ്ട്. സ്വതന്ത്ര ഭാരതത്തില്‍ ഇറങ്ങിയ അച്ചടിപ്പിശകുള്ള നാണയങ്ങള്‍, ഇന്ത്യയിലെ വിവിധ നാട്ടുരാജാക്കന്മാരുടെ കാലഘട്ടത്തില്‍ നിലനിന്ന നാണയങ്ങള്‍ എന്നിവയും ശുക്കൂറിന്‍െറ ശേഖരത്തിലുണ്ട്. ഭാര്യ മെഹ്റുന്നിസയും മക്കളായ മഷ്ക്കൂര്‍, ശാക്കിര്‍, മുഹ്സിന എന്നിവരും പിന്തുണയുമായി കൂടെയുണ്ട്.           

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.