തിരുവനന്തപുരം: വിധവാവിവാഹത്തിലൂടെ കേരളീയ നവോത്ഥാനചരിത്രത്തിലിടം നേടിയ ആര്യ പ്രേംജി അന്തരിച്ചു. 99 വയസായിരുന്നു. നടനും സാമൂഹ്യപരിഷ്കര്‍ത്താവും ഭരത് അവാര്‍ഡ് ജേതാവുമായ പ്രേംജിയുടെ ഭാര്യയാണ്. തിരുവനന്തപുരം അമ്പലമുക്കിലുള്ള വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. തൈക്കാട് ശാന്തി കവാടത്തിലായിരുന്നു സംസ്കാരം.
വിധവാ വിവാഹത്തിന് നമ്പൂതിരി സമുദായം വിലക്കേര്‍പ്പെടുത്തിയരുന്ന കാലത്ത് നമ്പൂതിരിയോഗക്ഷേമ സഭ നടത്തിയ നവോത്ഥാന പ്രവര്‍ത്തനത്തിന്‍െറ ഭാഗമായാണ് പ്രേംജി ആര്യയെ വിവാഹം ചെയ്തത്. വിധവാ വിവാഹം അന്ന് നമ്പൂതിരി സമുദായത്തില്‍ വിപ്ളവം സൃഷ്ടിച്ചു. 14ാം വയസിലായിരുന്നു ആദ്യവിവാഹം.
15ാം വയസില്‍ വിധവയായി. 12 വര്‍ഷം വിധവയായി ജീവിച്ച ആര്യയെ 27ാം വയസിലാണ് പ്രേംജിയെന്ന എം.പി.ഭട്ടത്തിരിപ്പാട് വിവാഹം കഴിച്ചത്. ആര്യയ്ക്കും വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും നമ്പൂതിരി സമുദായം ഭൃഷ്ട് കല്‍പിച്ചു. 1964 ല്‍ തൃശൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പട്ടു. ആര്യയെകുറിച്ച് മകന്‍ നീലന്‍ തയാറാക്കിയ അമ്മ എന്ന ഹൃസ്വചിത്രത്തിനു ദേശീയ പുരസ്കാരം ലഭിച്ചു. മക്കള്‍: അന്തരിച്ച നടന്‍ കെ.പി.എ.സി പ്രേമചന്ദ്രന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നീലന്‍ , ഹരീന്ദ്രനാഥ്, ഇന്ദുചൂഡന്‍, സതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.