കസ്റ്റഡിയില്‍ യുവാവിന്‍െറ മരണം: പൊലീസ് മര്‍ദനം മൂലമെന്ന് കംപ്ളയ്ന്‍റ് അതോറിറ്റി

കൊച്ചി: കസ്റ്റഡിയിലിരിക്കെ യുവാവിന്‍െറ മരണം  ആത്മഹത്യയല്ളെന്നും  പൊലീസ് മര്‍ദനത്തത്തെുടര്‍ന്നാണെന്നും പൊലീസ് കംപ്ളയ്ന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവന്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് (27) മരിച്ച സംഭവത്തിലാണ് സുപ്രധാന വെളിപ്പെടുത്തല്‍.  കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ശ്രീജീവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന പാറശാല പൊലീസിന്‍െറ വാദം കള്ളമാണെന്ന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ശ്രീജീവിന്‍െറ കുടുംബത്തിന് 10 ലക്ഷം  രൂപ നഷ്ടപരിഹാരമായി നല്‍കണം. സംഭവത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും നാരായണക്കുറുപ്പ് ആവശ്യപ്പെട്ടു. ശ്രീജീവിന്‍െറ സഹോദരന്‍ ശ്രീജിത് നല്‍കിയ പരാതിയിലാണ് നടപടി.
2014 മേയ് 19ന് രാത്രി 11.30ന് പൂവാറില്‍നിന്നാണ് പാറശാല പൊലീസ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തത്. 2013ലെ മോഷണക്കേസിലാണ് ഒരുവര്‍ഷം കഴിഞ്ഞ് ശ്രീജീവിനെ കസ്റ്റഡിയിലെടുക്കുന്നത്. 20ന് രാത്രിയോടെ  അവശനിലയില്‍ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശ്രീജീവ് വിഷം കഴിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. 21ന് രാവിലെ ആറേകാലോടെ മരിച്ചു. കസ്റ്റഡിയിലിരിക്കെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ഫ്യൂറഡാന്‍ കഴിച്ചാണ്  മരിച്ചതെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍, മര്‍ദിച്ചതിനാലാണ് മരണമെന്ന്  സഹോദരന്‍ ശ്രീജിത് പരാതിയില്‍ പറഞ്ഞു.
പൂവാറില്‍നിന്ന് പാറശാലയിലേക്കുള്ള യാത്രാമധ്യേ ശ്രീജീവിനെ പൊലീസ് വാഹനത്തിലിട്ട് മര്‍ദിച്ചതായാണ് സൂചനകളെന്ന് കെ. നാരായണക്കുറുപ്പ് പറഞ്ഞു. വിഷം കഴിച്ചയാള്‍ക്ക് നല്‍കുന്ന പ്രതിരോധ മരുന്ന് അളവില്‍ കൂടുതല്‍ ശ്രീജീവിന് നല്‍കിയിരുന്നു. രക്തം കലര്‍ന്ന മൂത്രമാണ് പോയിരുന്നത്. പൊലീസ് കണ്ടെടുത്തെന്ന് പറയുന്ന ആത്മഹത്യാകുറിപ്പ് വ്യാജമാണെന്നും തെളിഞ്ഞു. അഞ്ചാം ക്ളാസ് വിദ്യാഭ്യാസവും കൂലിപ്പണിക്കാരനുമായ ശ്രീജീവ് അയല്‍വാസിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹത്തലേന്നാണ് പഴയ മോഷണക്കേസ് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മകന്‍ ഇനി പൂഴികുന്ന് കാണില്ളെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ശ്രീജീവിന്‍െറ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇയാളുടെ ബന്ധുവും എ.എസ്.ഐയുമായ ഫിലിപ്പോസിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ്.
 മരണത്തില്‍ പാറശാല സി.ഐ ആയിരുന്ന ഗോപകുമാര്‍, എ.എസ്.ഐ ഫിലിപ്പോസ് എന്നിവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് അതോറിറ്റി കണ്ടത്തെി. ഫ്യൂറഡാന്‍ കഴിച്ച് ആത്മഹത്യയെന്ന കഥ ഇവരാണ് ചമച്ചത്. സീനിയര്‍ സി.പി.ഒ പ്രതാപചന്ദ്രന്‍, എ.എസ്.ഐ വിജയദാസ് എന്നിവര്‍ കൂട്ടുനിന്നു. വ്യാജരേഖകളുണ്ടാക്കാന്‍ എസ്.ഐ ഡി. ബിജുവും സഹായിച്ചു.
ഇവര്‍ക്കെതിരെ എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണം ആരംഭിക്കണം. ശ്രീജീവിന്‍െറ സഹോദരന്‍ ശ്രീജിത്, അമ്മ രമണി എന്നിവര്‍ക്ക് 10 ലക്ഷം  രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍നിന്ന് അത് ഈടാക്കാമെന്നും ജസ്റ്റിസ് പറഞ്ഞു. സാക്ഷികളില്ലാതിരുന്ന കേസില്‍ ഫോറന്‍സിക് വിദഗ്ധര്‍, ക്രിമിനോളജിസ്റ്റുകള്‍ തുടങ്ങിയവരുടെ നിര്‍ദേശങ്ങളും മെഡിക്കല്‍ രേഖകളും  പരിശോധിച്ചാണ് അതോറിറ്റിയുടെ തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.