വിമാനത്താവളം: ആഭ്യന്തര ടെര്‍മിനല്‍ നവീകരണത്തിന് പദ്ധതി

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനല്‍ നവീകരണത്തിന് പദ്ധതി. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ പദ്ധതി തയാറാക്കി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സമര്‍പ്പിച്ചു. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മാണത്തിനൊപ്പം ആഭ്യന്തര ടെര്‍മിനലും നവീകരിക്കാനാണ് നീക്കം. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ആഭ്യന്തര ടെര്‍മിനലില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഒരുക്കും. കൂടുതല്‍ ടോയ്ലറ്റുകള്‍ നിര്‍മിക്കുന്നതിനൊപ്പം സെക്യൂരിറ്റി ഏരിയ വിപുലപ്പെടുത്തുകയും ചെയ്യും. കരിപ്പൂര്‍ വഴിയുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് നവീകരണ പദ്ധതി തയാറാക്കിയിരിക്കുന്നത്.

വിമാനത്താവളത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ അന്താരാഷ്ട്ര  ടെര്‍മിനലിന്‍െറ നിര്‍മാണം പുരോഗമിക്കുകയാണ്. കിഴക്ക് ഭാഗത്തായി നിലവിലെ ടെര്‍മിനലിനോട് ചേര്‍ന്നാണ് 17,000 ചതുരശ്ര അടിയില്‍ 85.5 കോടി രൂപ ചെലവില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്.
നവീകരണത്തിന്‍െറ ഭാഗമായി ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ നിലവില്‍ റണ്‍വേ അടച്ചിടുകയാണ്. ഈ വര്‍ഷം അവസാനത്തോടെ റണ്‍വേ റീകാര്‍പ്പറ്റിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
നവീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ആഭ്യന്തര സര്‍വിസുകള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.