ആന്‍റണി, വീരേന്ദ്രകുമാര്‍, സോമപ്രസാദ് രാജ്യസഭയിലേക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി, ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍, സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. സോമപ്രസാദ് എന്നിവര്‍ രാജ്യസഭയിലേക്ക്. മൂന്ന് ഒഴിവിലേക്ക് മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക മാത്രമേ ഉണ്ടാകൂവെന്നതില്‍ വോട്ടെടുപ്പ് വേണ്ടിവരില്ല. ഇടതുപക്ഷം രണ്ടാമതൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ളെന്ന് തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പ് ഒഴിവായത്.
പത്രിക സമര്‍പ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കും. ശനിയാഴ്ച സൂക്ഷ്മ പരിശോധന. 14 വരെയാണ് പത്രിക പിന്‍വലിക്കാം. മത്സരമില്ളെങ്കില്‍ ഇതോടെ മൂവരും വിജയിച്ചതായി കണക്കാക്കും. ഈമാസം 21നാണ് വോട്ടെടുപ്പ്. മൂവരും വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചു.

രാജ്യസഭാ സ്ഥാനാര്‍ഥിയായി എ.കെ. ആന്‍റണി നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന് മുമ്പാകെ പത്രിക സമര്‍പ്പിക്കുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭാ സ്ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാര്‍, മന്ത്രി രമേശ് ചെന്നിത്തല, കെ.എം. മാണി എം.എല്‍.എ, വി.എം. സുധീരന്‍, മന്ത്രി കെ.സി. ജോസഫ് എന്നിവര്‍ സമീപം
 

വ്യാഴാഴ്ച രാവിലെ 11ന്  ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍ ഉള്‍പ്പെടെ യു.ഡി.എഫ് കക്ഷിനേതാക്കള്‍ക്കൊപ്പം എത്തിയാണ് ആന്‍റണിയും വീരേന്ദ്രകുമാറും വരണാധികാരി കൂടിയായ നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ഉച്ചക്ക് രണ്ടിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് കെ. സോമപ്രസാദ് പത്രിക നല്‍കിയത്.  എ.കെ. ആന്‍റണിയുടെ പേര് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിക്കുകയും പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള 10പേര്‍ പിന്താങ്ങുകയും ചെയ്തു. വീരേന്ദ്രകുമാറിന്‍െറ പേര് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിക്കുകയും മന്ത്രി എം.കെ. മുനീര്‍ ഉള്‍പ്പെടെ 10 പേര്‍ പിന്താങ്ങുകയും ചെയ്തു. വി.എസ്. അച്യുതാനന്ദനാണ് സോമപ്രസാദിന്‍െറ പേര് നിര്‍ദേശിച്ചത്. എം.എ. ബേബി ഉള്‍പ്പെടെ 10 പേര്‍ പിന്താങ്ങി. സെക്രട്ടറിക്കുമുന്നില്‍ ആന്‍റണി ഇംഗ്ളീഷിലും വീരേന്ദ്രകുമാറും സോമപ്രസാദും മലയാളത്തിലും സത്യവാചകം ചൊല്ലി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.