തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സി.പി.എം നേതാവ് എ. പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചതോടെ വെട്ടിലായി എസ്.ഐ.ടിയും ആശ്വാസത്തിൽ സി.പി.എമ്മും. അറസ്റ്റിലാകുമ്പോഴും ജയിൽമോചിതനാകുമ്പോഴും പത്മകുമാർ സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗമാണ്. പത്മകുമാറിനെ അറസ്റ്റ് ചെയ്തപ്പോൾ തുടർനടപടികൾ നോക്കി തീരുമാനമെടുക്കുമെന്നാണ് സി.പി.എം നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ, തുടർനടപടി എങ്ങുമെത്താത്തതും പത്മകുമാറിന് ജാമ്യം ലഭിച്ചതുമാണ് പാർട്ടിക്ക് ആശ്വാസമായത്.
ജാമ്യം കിട്ടി പുറത്തിറങ്ങിയ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ രൂക്ഷമായി വിമർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പത്മകുമാറിന്റെ കാര്യത്തിൽ ഇപ്പോഴും മൗനം തുടരുകയാണ്. എന്നാൽ, പത്മകുമാറിന് ജാമ്യം ലഭിച്ചത് പ്രത്യേകാന്വേഷണ സംഘത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആക്ഷേപത്തിന്റെ മൂർച്ച കൂട്ടുന്നുണ്ട്. അദ്ദേഹത്തിന് ഇപ്പോഴും നൽകുന്ന രാഷ്ട്രീയകവചം, തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിനെയും സർക്കാറിനെയും പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം ആയുധമാക്കുമെന്നും ഉറപ്പ്. അതിന്റെ സൂചനയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയത്. സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കുമെന്നാണ് സതീശൻ പറഞ്ഞത്.
കേസുകളിൽ മൂന്ന് പ്രതികളെ കൂടി ഉൾപ്പെടുത്തുമെന്ന് നേരത്തെ പറഞ്ഞ എസ്.ഐ.ടി പക്ഷേ, ഇക്കാര്യത്തിൽ തുടർനീക്കം നടത്താത്തതും സംശയം ജനിപ്പിക്കുന്നു. കേസിൽ ഇതുവരെ പ്രോസിക്യൂഷൻ അനുമതി തേടാത്തതും പ്രാഥമിക കുറ്റപത്രം പോലും സമർപ്പിക്കാത്തതും എസ്.ഐ.ടിയുടെ വീഴ്ചയായി ചൂണ്ടിക്കാട്ടുകയാണ്.
കേസിലെ 12 പ്രതികളിൽ എട്ടുപേരും ജാമ്യം നേടി പുറത്തിറങ്ങി. ഇതിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻപോറ്റി ഉൾപ്പെടെ ആറുപേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. തന്ത്രി ഉൾപ്പെടെ രണ്ടുപേർക്ക് സാധാരണജാമ്യമാണ്. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍പോറ്റി, മുന്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടിവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്റും കമീഷണറുമായിരുന്ന എന്‍. വാസു, മുന്‍ എക്സിക്യൂട്ടിവ് ഓഫിസര്‍ എസ്. ശ്രീകുമാര്‍, മുൻ പ്രസിഡന്റ് എ. പത്മകുമാർ എന്നിവര്‍ക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠരര് രാജീവര്, മുന്‍ തിരുവാഭരണ കമീഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ക്ക് സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്.
എസ്.ഐ.ടി കൃത്യസമയത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കില്ലായിരുന്നു. നാലുമാസത്തിലേറെ നീണ്ട അന്വേഷണത്തിലും ശബരിമലയിൽനിന്ന് എത്ര സ്വർണം നഷ്ടപ്പെട്ടെന്നും അത് എന്തുചെയ്തെന്നുമുള്ള കാര്യത്തിൽ വ്യക്തത വരുത്താനാകാത്തതും എസ്.ഐ.ടിക്ക് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.