സി.പി.എമ്മിനുനേരെ സുധാകരന്‍റെ ‘രാഷ്ട്രീയ മിസൈൽ’

തിരുവനന്തപുരം: സ്ഥാനാർഥി നിർണയവും തന്ത്രങ്ങളുമായി സി.പി.എം തെരഞ്ഞെടുപ്പ് കളത്തിലേക്ക് ചുവടൂന്നുന്നതിനിടെയാണ് സംസ്ഥാന നേതൃത്വത്തെ നേർക്കുനേർ ഉന്നമിട്ടും പാർട്ടികേന്ദ്രങ്ങളെ ഞെട്ടിച്ചും ജി. സുധാകരന്റെ രാഷ്ട്രീയ മിസൈൽ. ‘പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന’ പരാമർശം 63 വർഷം നീണ്ട സി.പി.എംബന്ധം ബന്ധം ഉപേക്ഷിക്കുന്നത് സൂചിപ്പിച്ചുള്ള പരോക്ഷ പ്രഖ്യാപനമാണോ എന്നതാണ് പാർട്ടികേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നത്. കുറച്ചുകാലമായി പാർട്ടിയുമായി ഇണങ്ങിയും പിണങ്ങിയും നിൽക്കുന്ന സുധാകരൻ പക്ഷേ, ഇടഞ്ഞ ഘട്ടങ്ങളിലൊന്നും ഇത്ര കടുത്ത നിലപാട് സ്വീകരിച്ചിട്ടില്ല. തന്‍റെ വാദങ്ങൾക്ക് തെളിവായി സംസ്ഥാന സെക്രട്ടറിയുടെ വിഡിയോ അടക്കം പങ്കുവെച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും കടുത്ത നിലപാടിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണ്.

അച്ചടക്ക നടപടികളും പരസ്യവിമർശനങ്ങളും അദ്ദേഹത്തെ പാർട്ടിയുടെ മുഖ്യധാരയിൽനിന്ന് അകറ്റിയെങ്കിലും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ഉറച്ച വിശ്വാസമുണ്ടെന്നാണ് അദ്ദേഹം ആവർത്തിച്ചിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ അതിനപ്പുറത്തേക്ക് സുധാകരൻ മാറിച്ചിന്തിക്കുന്നുവെന്ന സൂചനകളാണ് ഫേസ്ബുക് പോസ്റ്റിലുള്ളത്. യു.ഡി.എഫാകട്ടെ, സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതിനകം സുധാകരനുമായി ചർച്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നു. അതേസമയം, അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിക്കുമ്പോഴും അതേ പോസ്റ്റിൽ ‘‘ആശയാദർശങ്ങളിൽ ജനലക്ഷങ്ങൾക്കൊപ്പം ഉറച്ചുനിൽക്കും’’ എന്ന് സുധാകരൻ അടിവരയിടുകയും ചെയ്തു. 

അന്വേഷണ കമ്മിറ്റിയും അകൽച്ചയുടെ തുടക്കവും

തിരുവനന്തപുരം: 2021ലെ നിയമസഭ തെരഞ്ഞെടുപ്പോടെയാണ് ജി. സുധാകരനും പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾക്കും പരസ്യഏറ്റുമുട്ടലുകൾക്കും തുടക്കമായത്. രണ്ടുതവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന പാർട്ടിയുടെ നയപരമായ തീരുമാനത്തെതുടർന്ന് അമ്പലപ്പുഴയിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. സ്ഥാനാർഥിയായ എച്ച്. സലാമിനെ സുധാകരൻ സഹായിച്ചില്ലെന്നും പ്രചാരണത്തിൽ നിർജീവമായെന്നും തെരഞ്ഞെടുപ്പിന് ശേഷം പരാതി ഉയർന്നു.

ഇക്കാര്യം അന്വേഷിക്കാൻ എളമരം കരീം, കെ.ജെ. തോമസ് എന്നിവരടങ്ങിയ കമീഷനെയാണ് പാർട്ടി നിയോഗിച്ചത്. കമീഷന് സമർപ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തിൽ താൻ 19 പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തുവെന്ന് സുധാകരൻ വ്യക്തമാക്കി. എന്നാൽ, ഈ വിശദീകരണം തള്ളി 2021 നവംബറിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു. ഇത് മാനസികമായി തളർത്തുകയും പതുക്കെ പാർട്ടി വേദികളിൽനിന്ന് അകന്നു തുടങ്ങുകയും ചെയ്തു.

Tags:    
News Summary - Sudhakaran’s ‘political missile’ aimed at the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.