വായ്പ തിരിച്ചുപിടിക്കാന്‍ കൈയൂക്ക് പ്രയോഗിക്കരുത് –ഹൈകോടതി

തൃശൂര്‍: വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പേശീബലം പ്രയോഗിക്കരുതെന്ന് ഹൈകോടതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ ‘സ്മാര്‍ട്ട് സെക്യൂരിറ്റി ആന്‍ഡ് സീക്രട്ട് സര്‍വിസ് ഏജന്‍സി’ എന്ന സ്ഥാപനം നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്‍െറ ഈ നിരീക്ഷണം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ തിരിച്ചുപിടിക്കാന്‍ ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറോടും കോടതി നിര്‍ദേശിച്ചു.

 വായ്പ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയോഗിച്ച ഏജന്‍സിയാണ് സ്മാര്‍ട്ട് സെക്യൂരിറ്റി ആന്‍ഡ് സീക്രട്ട് സര്‍വിസസ് ഏജന്‍സി. തങ്ങള്‍ ഇടപെട്ട് വായ്പ തിരിച്ചടപ്പിച്ച കേസില്‍ ബാങ്ക് ധാരണയനുസരിച്ച് നല്‍കേണ്ട അഞ്ച് ശതമാനം കമീഷന്‍ നല്‍കിയില്ളെന്നായിരുന്നു ഹരജി. വായ്പ തിരിച്ചടക്കാത്ത ഇടപാടുകാരനെ ഏജന്‍സി സമീപിച്ചശേഷം തിരിച്ചടക്കുകയാണെങ്കില്‍ തുകയുടെ അഞ്ച് ശതമാനം കമീഷനായി നല്‍കാമെന്ന് ഇരുകൂട്ടരും ധാരണയില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് ഏജന്‍സി ഹൈകോടതിയില്‍ ബോധിപ്പിച്ചത്. വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ ഇത്തരം രീതി കൈക്കൊള്ളുന്നത് ആശാസ്യമല്ളെന്ന് കോടതി വിലയിരുത്തി. വ്യക്തമായ നിയമവും കൃത്യമായി പ്രവര്‍ത്തിക്കുന്ന നീതിന്യായ സംവിധാനവുമുള്ള ഒരു ജനാധിപത്യരാജ്യത്ത് വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്ക് ‘മസില്‍മാനെ’ ഏല്‍പിക്കുന്നത് നിയമരാഹിത്യം സൃഷ്ടിക്കും. നീതിന്യായ വ്യവസ്ഥക്ക് വേഗം പോരാത്തത് ഇതിനൊരു കാരണമായിരിക്കാം. എങ്കില്‍പോലും  ഈ രീതി അംഗീകരിക്കാനാകില്ല. ബാങ്കുകളുടെ വായ്പ വ്യവസ്ഥാപിത മാര്‍ഗത്തിലൂടെയല്ലാതെ തിരിച്ചുപിടിക്കാന്‍ ഏര്‍പ്പാടുണ്ടാക്കരുത്. ഇത് നിയമവിരുദ്ധമാണെന്നുമാത്രമല്ല, അധാര്‍മികവും പൊതുജന താല്‍പര്യങ്ങള്‍ക്ക് എതിരുമാണെന്ന് കോടതി നിരീക്ഷിച്ചു.

വായ്പ തിരിച്ചുപിടിച്ച് നല്‍കാന്‍ ഏജന്‍സിയുമായി കരാറുണ്ടാക്കിയ ബാങ്കിന്‍െറ നടപടി പൊതുനയത്തിന് എതിരായതിനാല്‍ നടപ്പാക്കാന്‍ പാടില്ലാത്തതാണ്. ഇടപാടുകാരെ മാന്യമായി സമീപിച്ചല്ല ഏജന്‍സി വായ്പ തിരിച്ചുപിടിക്കുന്നതെന്ന് ബാങ്കിന് അറിയാമെന്നുവേണം കരുതാന്‍. സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണെങ്കില്‍ ബാങ്കിന്‍െറ ഉദ്യോഗസ്ഥര്‍ക്കുതന്നെ അത് ചെയ്യാന്‍ കഴിയേണ്ടതാണ്. വിപരീത ഫലമുണ്ടാക്കുന്നതൊന്നും ചെയ്യരുതെന്ന് കരാറില്‍ വ്യവസ്ഥ വെച്ചതുതന്നെ ഏജന്‍സി പരിധിവിട്ട് പ്രവര്‍ത്തിക്കുമെന്ന് ബാങ്കിന് അറിയാവുന്നതുകൊണ്ടാണെന്നും ജസ്റ്റിസ് സുരേഷ് കുമാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്ന പ്രവണത ഏറിവരുന്ന സാഹചര്യത്തില്‍ ഹൈകോടതി നിരീക്ഷണം പ്രസക്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സമീപകാലത്ത് വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് പൊതുമേഖലാ ബാങ്കുകള്‍തന്നെ സ്വകാര്യ ധനകാര്യ കുത്തകകളുടെ സേവനം തേടുന്നത് വിവാദമുയര്‍ത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.