എറണാകുളത്ത് മൂന്ന് അപകടങ്ങളില്‍ നാല് മരണം

കൊച്ചി/പെരുമ്പാവൂര്‍/പള്ളുരുത്തി: ജില്ലയില്‍ ബുധനാഴ്ച മൂന്ന് അപകടങ്ങളില്‍ നാല് മരണം. പെരുമ്പാവൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുത്തശ്ശിയും പേരക്കുട്ടിയും തല്‍ക്ഷണം മരിച്ചപ്പോള്‍ പള്ളുരുത്തിയില്‍: കെ.എസ്.ആര്‍.ടി.സി ബസ് തട്ടി സ്കൂട്ടര്‍ യാത്രക്കാരി മരണപ്പെട്ടു. എറണാകുളം എളമക്കരയില്‍ ഫ്ളാറ്റ് നിര്‍മാണത്തിനിടെ ഝാര്‍ഖണ്ഡ് സ്വദേശി ഷോക്കേറ്റ് മരിച്ചു. മൂന്ന് സംഭവങ്ങളിലുമായി അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

പെരുമ്പാവൂര്‍ എം.സി റോഡ് പുല്ലുവഴി താക്കരചിറയില്‍ ബുധനാഴ്ച വൈകുന്നേരം 3.45ഓടെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പേഴക്കാപ്പിള്ളി പായിപ്ര കവല കോട്ടേപറമ്പില്‍ വീട്ടില്‍ കുഞ്ഞുമൈതീന്‍െറ ഭാര്യ നൂര്‍ജഹാന്‍ (55), ഇവരുടെ മകള്‍ റഫുന്‍സിയുടെ മകന്‍ മുഹമ്മദ് റിസ്വാന്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൂര്‍ജഹാന്‍െറ മകന്‍ ഹാറൂണ്‍ അഫ്സല്‍ (27), മരിച്ച റിസ്വാന്‍െറ പിതാവ്  മുളവൂര്‍ കുഞ്ഞിലഞ്ഞിക്കുടിയില്‍ വീട്ടില്‍ അബ്ദുല്ല (44), ഭാര്യ റഫുന്‍സി (30) എന്നിവരെ പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും എതിരെവന്ന ഐഷര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.  മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നൂര്‍ജഹാന്‍െറ മൃതദേഹം പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാമസ്ജിദിലും റിസ്വാന്‍െറ മൃതദേഹം മുളവൂര്‍ ജുമാമസ്ജിദിലും ഖബറടക്കും. നൂര്‍ജഹാന്‍െറ മറ്റൊരു മകള്‍ സൈഫുന്നിസ.  മരുമകന്‍: ജമാല്‍. മരിച്ച റിസ്വാന്‍െറ സഹോദരന്‍ മുഹമ്മദ് ഹാദില്‍.

പള്ളുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്കൂട്ടറില്‍ തട്ടിയുണ്ടായ അപകടത്തില്‍ ചെല്ലാനം ലജി തിയറ്ററിനുസമീപം പുല്ലനാട്ട് വീട്ടില്‍ ഫ്രാന്‍സിസിന്‍െറ മകള്‍ ഗ്രീഷ്മയാണ് (22) മരിച്ചത്. സ്കൂട്ടര്‍ ഓടിച്ച ചെല്ലാനം കമ്പനിപ്പടിയില്‍ മൂര്‍ത്തിങ്കല്‍ വീട്ടില്‍ വിജയന്‍െറ മകള്‍ വിദ്യ ( 21 ) ഗുരുതര പരിക്കുകളോടെ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ 8.10ന് ചെല്ലാനം ഗണപതിക്കാട് ക്ഷേത്രത്തിനുസമീപമാണ് അപകടം. സ്വകാര്യബസിനെ കെ.എസ്.ആര്‍.ടി.സി ബസ് മറികടക്കവേയായിരുന്നു അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.  സ്കൂട്ടറിന്‍െറ ഹാന്‍ഡില്‍ ബാറില്‍ ബസ് തട്ടിയതോടെ പിറകില്‍ ഇരിക്കുകയായിരുന്ന ഗ്രീഷ്മ ബസിന്‍െറ ടയറിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മരടിലെ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്‍റാണ് മരിച്ച ഗ്രീഷ്മ. ഷീജയാണ് മാതാവ്. എബിന്‍ ഏക സഹോദരനും.

എറണാകുളം എളമക്കര പുതുക്കലവട്ടത്ത് നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റിന്‍െറ ഡ്രില്ലിങ് ജോലിക്കിടെയാണ് ഝാര്‍ഖണ്ഡ് സ്വദേശി നിര്‍മല്‍ (22) ഷോക്കേറ്റ് മരിച്ചത്.  ഒപ്പമുണ്ടായിരുന്ന ബംഗാള്‍ സ്വദേശി ജെന്‍ഡുവിനും ഷോക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് 12.15 ഓടെയായിരുന്നു അപകടം.  സമീപത്തെ സ്വകാര്യ ആശുപത്രിയിലത്തെിക്കും മുമ്പുതന്നെ നിര്‍മല്‍ മരിച്ചു. ജെന്‍ഡുവിന് നിസ്സാര പരിക്കേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.