തലസ്ഥാനത്തെ ഒരു അണ്‍ എയഡഡ് സ്കൂളില്‍ കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന ആരോപണവും അതിനെതുടര്‍ന്നുണ്ടായ വിവാദങ്ങളും ആരും മറന്നുകാണില്ല. ചര്‍ച്ചകളുടെ പെരുമഴയല്ല, പ്രളയം തന്നെയായിരുന്നു സംസ്ഥാനമാകെ. കുറച്ചു ദിവസം കഴിഞ്ഞതോടെ അത് ആര്‍ക്കും വിഷയമല്ലാതായി. അതു പോലെ, കഴിഞ്ഞ വര്‍ഷം തുടങ്ങി ഇക്കൊല്ലം ‘പൂര്‍ണതയിലത്തെിയ’ ഒന്നായിരുന്നു കോഴിക്കോട്ടെ മലാപ്പറമ്പ് സ്കൂള്‍ അടച്ചു പൂട്ടല്‍. മാധ്യമങ്ങളിലെ ഒന്നാം പേജ് വാര്‍ത്തയും ചാനലുകളിലെ ‘മണിക്കൂര്‍’ചര്‍ച്ചയിലും അത് നിറഞ്ഞു നിന്നു. ഒടുവില്‍ അവിടത്തെ കുട്ടികള്‍ക്ക് പഠിക്കാന്‍ കലക്ടറേറ്റില്‍ വരെ സ്ഥലമൊരുങ്ങി. ജില്ലാ കലക്ടര്‍ കോണ്‍ഫറന്‍സ് ഹാളില്‍ കുട്ടിയെ എടുത്തിരുത്തുന്ന ചിത്രവും വൈറലായി.

ഈ രണ്ടു സംഭവങ്ങളിലെയും ചര്‍ച്ചകളും ഇടപെടലുകളും കാണുമ്പോള്‍ പൊതു വിദ്യാലയങ്ങളോട് ജനത്തിന് ഇത്രയും സ്നേഹമോയെന്ന് ആര്‍ക്കും തോന്നിപ്പോകും. എന്നാല്‍ കണക്കുകള്‍ പറയുന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. കഴിഞ്ഞ അധ്യയന വര്‍ഷം മാത്രം സംസ്ഥാനത്ത് ഒരു കുട്ടിപോലുമില്ലാതെ ഒറ്റക്കായി പോയ 12 പള്ളിക്കൂടങ്ങളുണ്ട്.  സംസ്ഥാന സിലബസിലെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത് 52061 കുട്ടികള്‍. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഒരു വര്‍ഷം കൊണ്ട് കുറഞ്ഞത് 22543 ഉംഎയ്ഡഡ് സ്കൂളുകളില്‍ 57323 കുട്ടികള്‍. പൊതുവിദ്യാലയങ്ങളില്‍ വരേണ്ടവരാണ്  സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പോകുന്നത്. ഇതിനു പുറമേ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളും.

ജനന നിരക്കിലുണ്ടാകുന്ന കുറവ് പൊതുവിദ്യാലയങ്ങളെ മാത്രം ബാധിക്കുകയും സി.ബി.എസ്.ഇ സിലബസില്‍ ഉള്ളവയുള്‍പ്പെടെയുള്ള അണ്‍എയ്ഡഡഡ് സ്കൂളുകളെ ബാധിക്കാതിരിക്കുകയും  ചെയ്യുന്നതിന്‍െറ രസതന്ത്രം  പൊതുവിദ്യാലയങ്ങളെക്കുറിച്ച് രൂപപ്പെട്ട പൊതുബോധം തന്നെയാണ്. ‘പൊതു വിദ്യാലയ സ്നേഹം’ ഇത്രയും നിറഞ്ഞു നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഇങ്ങനെ എന്തുകൊണ്ട് സംഭവിക്കുന്നു?
മാധ്യമം ലേഖകന്‍ കെ. നൗഫല്‍ നടത്തുന്ന അന്വേഷണം ഇന്നു മുതല്‍...


പൂട്ടാന്‍ പാകത്തില്‍ നാലല്ല, നാലായിരം പള്ളിക്കൂടങ്ങള്‍

രാജ്യത്തിനുതന്നെ മാതൃകയായി മാറിയ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം പുതിയ അധ്യയനവര്‍ഷം വിത്തിറക്കുന്നത് സ്കൂളുകളുടെ അടച്ചുപൂട്ടല്‍ വാര്‍ത്തകളിലൂടെയാണ്. സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസത്തില്‍ അനുകരണീയ മാതൃകകളിലൂടെ രാജ്യത്തെ നയിച്ച കേരളം ഇപ്പോള്‍ സ്കൂളുകള്‍ പൂട്ടാന്‍ പഴുത് അന്വേഷിക്കുകയാണ്. മുമ്പ് പഠനോത്സാഹത്തിന്‍െറ കലപിലകള്‍ മുഴങ്ങിയ പല സ്കൂളുകളും ഇന്ന് ഒഴിഞ്ഞ ക്ളാസ്മുറികള്‍ക്ക് കാവലിരിക്കാനത്തെുന്ന അധ്യാപകര്‍ക്കായി മാത്രം തുറന്നിരിക്കുന്നവയാണ്. മലയാളിയുടെ വികസന സൂചികയുടെ അടിസ്ഥാനങ്ങളില്‍ ഒന്നായ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രതിസന്ധി ഒരുനാള്‍ കൊണ്ടോ ഒരു വര്‍ഷംകൊണ്ടോ ഒരു പതിറ്റാണ്ടുകൊണ്ടോ രൂപപ്പെട്ടതമല്ല.

കഴിഞ്ഞ അധ്യയനവര്‍ഷം മാത്രം സംസ്ഥാനത്ത് ഒരു കുട്ടിപോലുമില്ലാതെ ഒറ്റക്കായ 12 പള്ളിക്കൂടങ്ങളുണ്ട്. അതില്‍ മൂന്നെണ്ണം സര്‍ക്കാറിന്‍െറ സ്വന്തവും അവശേഷിക്കുന്നവ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന എയ്ഡഡ് മേഖലയിലും. വിദ്യാഭ്യാസം സാമൂഹികാവശ്യം എന്ന തലംവിട്ട് കച്ചവടച്ചരക്കായി മാറുന്ന കാലത്ത്, ലാഭനഷ്ട കണക്കുകളാണ് ഈ മേഖലയെ ഇന്ന് അടക്കിവാഴുന്നത്. സ്കൂള്‍ നടത്തിപ്പ് ആദായവും അനാദായവുമാണെന്ന വിവക്ഷ രൂപപ്പെട്ടിട്ട് വര്‍ഷങ്ങളായി. അവിടെനിന്നാണ് ‘അനാദായ’ സ്കൂളുകളുടെ പിറവി. സര്‍ക്കാര്‍തന്നെ ഒൗദ്യോഗികമായി എല്ലാവര്‍ഷവും അനാദായ സ്കൂളുകളുടെ കണക്കെടുത്ത് പ്രസിദ്ധീകരിക്കുന്നു. ഏറ്റവും ഒടുവില്‍വന്ന കണക്കനുസരിച്ച്  3391 സ്കൂളുകളാണ് സര്‍ക്കാറിന് ആദായമല്ലാത്തവ. അതാകട്ടെ, മാനദണ്ഡം മാറ്റി നിശ്ചയിച്ചപ്പോഴുള്ള എണ്ണവും.  


ഇതില്‍ 14 സ്വകാര്യ സ്കൂളുകളുടെ മാനേജ്മെന്‍റുകള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അപേക്ഷനല്‍കി കാത്തിരിക്കുകയാണ്.  ക്ളാസില്‍ 15 കുട്ടികള്‍ എന്ന രൂപത്തില്‍ ആകെ 60 കുട്ടികളെങ്കിലുമില്ലാത്ത സ്കൂളുകളാണ്  ഈ പട്ടികയില്‍ ഇപ്പോള്‍.
മുമ്പ് ക്ളാസില്‍ 25 കുട്ടികള്‍ എന്ന കണക്കില്‍ 100 കുട്ടികളെങ്കിലും ഇല്ലാത്തവയായിരുന്നു ഈ ഗണത്തില്‍. മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതുകൊണ്ട് മാത്രമാണ്  നല്ളൊരുശതമാനവും സ്കൂളുകളും ഇത്തവണ അനാദായ പട്ടികയില്‍ ഇടംപിടിക്കാതെ പോയത്. എന്നിട്ടും 28 ശതമാനം സ്കൂളുകളും അനാദായ പട്ടികയിലാണ്.

3391ല്‍ 1319 സര്‍ക്കാറും  1474 എണ്ണം എയ്ഡഡ് മേഖലയിലും. 58 സര്‍ക്കാര്‍ സ്കൂളുകളിലും 85 എയ്ഡഡ് സ്കൂളുകളിലും കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ചുള്ളത് ഒന്നുമുതല്‍ ഒമ്പതുവരെ കുട്ടികള്‍. ഇവയില്‍ എത്രയെണ്ണം ഇത്തവണ സ്വാഭാവിക അന്ത്യത്തിലേക്ക് പോയെന്ന കണക്ക് പുറത്തുവരാനിരിക്കുന്നേയുള്ളൂ.  10 വര്‍ഷത്തിനിടെ അനാദായ സ്കൂളുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
എല്‍.പി സ്കൂളുകള്‍ അനാദായ പട്ടികയില്‍ വര്‍ധിച്ചതാണ്  10 വര്‍ഷത്തിനിടെ എണ്ണം ഇരട്ടിയാകാന്‍ കാരണമായത്.  ഒന്നാം ക്ളാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായ കുറവാണ് ഇത്രയധികം സ്കൂളുകളെ അനാദായ പട്ടികയില്‍ എത്തിച്ചത്.
അതേമയം, സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളിലും സി.ബി.എസ്.ഇ, 148 ഐ.സി.എസ്.ഇ  സ്കൂളുകളിലും കുട്ടികളുടെ എണ്ണം കുടുന്നതായും മനസ്സിലാകുന്നു. സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളില്‍ 2014-15 വര്‍ഷത്തില്‍ ആകെയുണ്ടായിരുന്ന കുട്ടികളുടെ എണ്ണം 3,52,928 ആണ്. ഒരുവര്‍ഷം കഴിഞ്ഞ്   ഇത് 4,04,989 ആയി വര്‍ധിച്ചു. അഥവാ, ഒരുവര്‍ഷംകൊണ്ട് കൂടിയത്  52,061 കുട്ടികള്‍! എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെ സ്ഥിതി തിരിച്ചും. ഒരുവര്‍ഷം കൊണ്ട് ഇവിടെ കുറഞ്ഞത് 22,543 കുട്ടികളാണ്.

എയ്ഡഡ് സ്കൂളുകളില്‍ കുറഞ്ഞത്  57,323 കുട്ടികള്‍. പൊതുവിദ്യാലയങ്ങളില്‍ വര്‍ധിക്കേണ്ട കുട്ടികളാണ് സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളില്‍ വര്‍ധിച്ചത്.  2014-15ലെ കണക്കുകള്‍ പ്രകാരം 1178 സി.ബി.എസ്.ഇ, 148 ഐ.സി.എസ്.ഇ  സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  
2013-14ല്‍ സി.ബി.എസ്.ഇ സ്കൂളുകളുടെ എണ്ണം 978ഉം ഐ.സി.എസ്.ഇ സ്കൂളുകളുടെ എണ്ണം 139ഉം ആയിരുന്നു. എല്ലാവര്‍ഷവും ഇത്തരം സ്വകാര്യവിദ്യാലയങ്ങള്‍ കൂടുന്നുവെന്ന് ചുരുക്കം.

500ല്‍ പരം സി.ബി.എസ്.ഇ സ്കൂളുകള്‍ക്കാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ യു.ഡി.എഫ് സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കിയത്. സംസ്ഥാന സിലബസില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന 400ഓളം സ്കൂളുകള്‍ക്കാണ് രണ്ടുതവണയായി കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയത്.
ഇവിടേക്കെല്ലാം പോകുന്നത് പൊതുവിദ്യാലയങ്ങളില്‍ എത്തിപ്പെടേണ്ടവരും. കഴിഞ്ഞ സി.ബി.എസ്.ഇ 10ാം ക്ളാസ് പരീക്ഷ കേരളത്തില്‍നിന്ന് എഴുതിയ വിദ്യാര്‍ഥികളുടെ എണ്ണം 79000 ത്തോളമാണ്. ഇതിലും അധികമാണ് ഓരോ വര്‍ഷവും സി.ബി.എസ്.ഇ സ്കൂളുകളിലെ ഒന്നാം ക്ളാസില്‍ പ്രവേശം നേടുന്നത്.

2014ല്‍ ഡോ. ബി.എ. പ്രകാശ് ചെയര്‍മാനായ കേരള പൊതുചെലവ് അവലോകന കമ്മിറ്റിയുടെ പ്രധാന ശിപാര്‍ശകളില്‍ ഒന്ന് പത്തില്‍ താഴെ കുട്ടികളുള്ള മുഴുവന്‍ സ്കൂളുകളും അടച്ചുപൂട്ടാനായിരുന്നു. അത്തരത്തില്‍ 191 സ്കൂളുകള്‍ ഉണ്ടെന്നായിരുന്നു കമ്മിറ്റി കണ്ടത്തെിയത്. ഇവിടത്തെ കുട്ടികളെ തൊട്ടടുത്ത സ്കൂളുകളില്‍ ചേര്‍ക്കണമെന്നും നിര്‍ദേശിച്ചു. ഇത്തരം സ്കൂളുകളിലായി 695 അധ്യാപകരുണ്ട്.   ഒരു അധ്യാപകന്‍െറ പ്രതിമാസ ശമ്പളം ശരാശരി 25,000 നിരക്കില്‍ പ്രതിവര്‍ഷം ഇവര്‍ക്കായി 20.85 കോടി രൂപയാണെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പാഴ്ച്ചെലവാണെന്ന് കണ്ടാണ് സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള ശിപാര്‍ശ. അനാദായ സ്കൂളുകളുടെ എണ്ണം വര്‍ധിച്ചത് തസ്തികയില്ലാത്ത അധ്യാപകരുടെ എണ്ണവും കൂട്ടി. ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കാതെയാണ് അധ്യാപകര്‍ക്ക് സംരക്ഷണവും ശമ്പളവുമാണ് നല്‍കിയത്. 2013-14ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ അനാദായക സ്കൂളുകളുടെ എണ്ണം  3531 ആണ്.  ഇവിടെ 19,885 അധ്യാപകരുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന സാമ്പത്തികാവലോകനത്തിലും അനാദായ സ്കൂളുകള്‍ പ്രധാന ചര്‍ച്ചാവിഷയമാണ്. ചുരുക്കത്തില്‍ ഈ സ്കൂളുകള്‍ ഭരണകൂടത്തിന് ബാധ്യതയായിട്ട് ഒരു പതിറ്റാണ്ടിലധികമായി. ഈ ബാധ്യതയിലേക്കുള്ള വഴികള്‍ തുറന്നുവെച്ചതില്‍ ഒന്നാം പ്രതി ഭരണകൂടം തന്നെയാണ്.  

ആ വഴികളെക്കുറിച്ച് നാളെ....

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.