റാഗിങ്: ചികിത്സയുടെ വിശദാംശങ്ങള്‍ ശേഖരിച്ചു : അന്വേഷണസംഘം കോഴിക്കോട്ടേക്ക് തിരിച്ചു

കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ക്രൂരമായ റാഗിങ്ങിനിരയായ ദലിത് നഴ്സിങ് വിദ്യാര്‍ഥിനി അശ്വതിയുടെ ചികിത്സാവിവരങ്ങള്‍ മെഡിക്കല്‍ കോളജ് പൊലീസ് ശേഖരിച്ചു. കര്‍ണാടകയിലെ ആശുപത്രിയില്‍നിന്ന് പെണ്‍കുട്ടിയെ നാട്ടിലത്തെിച്ചതിനുശേഷം പ്രവേശിപ്പിച്ച എടപ്പാളിലെയും തൃശൂരിലെയും ആശുപത്രികളില്‍ നിന്നുള്ള വിവരങ്ങളാണ് സി.ഐ ജലീല്‍ തോട്ടത്തിലിന്‍െറ നേതൃത്വത്തിലെ അന്വേഷണസംഘം ശേഖരിച്ചത്.

സംഭവത്തില്‍ പ്രധാന പ്രതികളായ കൊല്ലം, ഇടുക്കി സ്വദേശികളായ രണ്ടു പെണ്‍കുട്ടികളെക്കൂടാതെ മൂന്നുപേര്‍ക്കെതിരെക്കൂടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളായ ജോ, രേഷ്മ, കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് കേസ്. എന്നാല്‍, ഇവര്‍ക്ക് മേയ് ഒമ്പതിന് രാത്രി ഹോസ്റ്റല്‍ മുറിയില്‍ നടന്ന സംഭവത്തില്‍ നേരിട്ട് പങ്കില്ളെന്നും സംഭവസ്ഥലത്ത് ഇവരില്ലായിരുന്നെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര എന്നിവരാണ് അന്ന് ക്രൂരമായി ഉപദ്രവിച്ചത്. മറ്റ് മൂന്നുപേരും മുമ്പ് പലപ്പോഴും റാഗിങ്ങിന് ഇരയാക്കിയിട്ടുണ്ടെന്ന് അശ്വതി വെളിപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്മി, ആതിര എന്നിവര്‍ക്കെതിരെ ചുമത്തിയ വധശ്രമം, ദലിത് പീഡനം, റാഗിങ് എന്നീ വകുപ്പുകളായിരിക്കില്ല ഇവര്‍ക്കെതിരെ ചുമത്തുക. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍നിന്ന് അയച്ച എഫ്.ഐ.ആര്‍ കലബുറഗി റോസ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി.

കലബുറഗി റോസ പൊലീസിലെ എ ഡിവിഷന്‍ ഡിവൈ.എസ്.പി ജാന്‍വിക്കാണ് അന്വേഷണചുമതല. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ അന്വേഷണസംഘം കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന അശ്വതിക്ക് എന്‍ഡോസ്കോപി നടത്താനുള്ള പ്രാഥമിക പരിശോധന നടത്തി. സൂപ്രണ്ടും സര്‍ജറി വിഭാഗം വിദഗ്ധനുമായ ഡോ. കെ.സി. സോമന്‍െറ നേതൃത്വത്തില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് കുട്ടിയെ പരിശോധനക്ക് വിധേയമാക്കിയത്. ഗാസ്ട്രോ എന്‍ററോളജി വിഭാഗം ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ ആരോഗ്യനില അല്‍പം കൂടി ഭേദമായതിനുശേഷം എന്‍ഡോസ്കോപി നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.


കോളജിന്‍െറ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച –വനിതാ കമീഷന്‍
കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ദലിത് നഴ്സിങ് വിദ്യാര്‍ഥിനി എടപ്പാള്‍ കളരിക്കപ്പറമ്പില്‍ അശ്വതിക്ക് നീതി ഉറപ്പാക്കണമെന്ന് വനിതാ കമീഷന്‍ അംഗം നൂര്‍ബിന റഷീദ് ആവശ്യപ്പെട്ടു. അശ്വതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.  ഇത്രയും ക്രൂരമായ ആക്രമണമുണ്ടായിട്ടും സംഭവത്തില്‍ ഇടപെടാത്തത് കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്.

2009ലെ സുപ്രീംകോടതി വിധിയും യു.ജി.സി മാര്‍ഗനിര്‍ദേശവുമനുസരിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്‍റി റാഗിങ് കമ്മിറ്റിയും ആന്‍റി റാഗിങ് സ്ക്വാഡും നിര്‍ബന്ധമാണ്.  എന്നാല്‍, അല്‍ഖമര്‍ നഴ്സിങ് കോളജ് ഈ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.  ഇത്തരം സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യാന്‍ നിയമമുണ്ട്. റാഗിങ് നിരോധ നിയമപ്രകാരം സ്ഥാപനത്തിനെതിരെയും നടപടിയെടുക്കണം.കര്‍ണാടക വനിതാ കമീഷനെയും പൊലീസിനെയും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കര്‍ണാടക കമീഷന്‍െറ മേല്‍നോട്ടമുണ്ടാവാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നൂര്‍ബിന റഷീദ് അറിയിച്ചു. മറ്റൊരു നാട്ടില്‍ പഠിക്കുമ്പോള്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്യേണ്ടവര്‍ തന്നെ ഇങ്ങനെ ചെയ്തത് വേദനജനകമാണെന്നും അവര്‍ പറഞ്ഞു.

എല്ലാ നിയമസഹായവും നല്‍കും- ജനാധിപത്യ മഹിള അസോസിയേഷന്‍
കോഴിക്കോട്: അശ്വതിയുടെ കേസ് നടത്താനാവശ്യമായ എല്ലാ നിയമസഹായവും ജനാധിപത്യ മഹിള അസോസിയേഷന്‍െറ ലീഗല്‍ സെല്‍ നല്‍കുമെന്ന് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി. സതീദേവി പറഞ്ഞു. അശ്വതിയെ ഇത്തരമൊരു അവസ്ഥയിലേക്കത്തെിച്ചത് ആരായാലും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. കുടുംബത്തിന് നീതികിട്ടുന്നതിനായി പരിശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. സംഭവം നടന്നയുടന്‍ ആശുപത്രിയിലേക്കത്തെിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ കഴിയവേ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്.  പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുന്നതിനായി കര്‍ണാടകയിലെ തങ്ങളുടെ സംഘടന നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷന്‍െറ മലപ്പുറം ജില്ലാ ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ.കെ.പി. സുമതിക്കായിരിക്കും ചുമതലയെന്നും സതീദേവി അറിയിച്ചു.


കേന്ദ്രതലത്തില്‍ ശക്തമായ നിയമം വേണം –കെ. സോമപ്രസാദ് എം.പി
കോഴിക്കോട്: കോളജുകളില്‍ റാഗിങ് തടയാന്‍ കേന്ദ്രതലത്തില്‍ ശക്തമായ നിയമനിര്‍മാണം നടത്തണമെന്നും നിരീക്ഷണ സംവിധാനം നടപ്പാക്കണമെന്നും രാജ്യസഭാംഗവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്‍റുമായ കെ. സോമപ്രസാദ് പറഞ്ഞു. സംഭവത്തില്‍ പ്രതികളായ മുഴുവന്‍ പേരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. സ്ഥാപനത്തിന്‍െറ നിലപാട് ഇക്കാര്യത്തില്‍ പ്രതിഷേധാര്‍ഹമാണ്. അശ്വതി കലബുറഗിയില്‍ തുടര്‍ന്നുപഠിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ കേരളത്തിലെ ഏതെങ്കിലും ഗവണ്‍മെന്‍റ് കോളജില്‍ പഠിക്കാനുള്ള സൗകര്യം ഒരുക്കണം. കൂടാതെ ആദ്യവര്‍ഷം കോളജില്‍ അടച്ച ഫീസ് തിരിച്ചുകിട്ടുന്നതിനും ബാങ്ക് ലോണ്‍ തിരിച്ചടക്കുന്നതിനും നടപടിയെടുക്കേണ്ടതുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്‍റിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ദലിത് പീഡനം: സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു
കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിനിയുടെ കുടുംബത്തെ മെഡിക്കല്‍ കോളജില്‍ സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട നിയമസഹായമടക്കം മുഴുവന്‍ പിന്തുണയും നേതൃത്വം ഉറപ്പുനല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്കര്‍ അലി, സദറുദ്ദീന്‍ പുല്ലാളൂര്‍, മുസ്തഫ ഷമീം, നബീല്‍ കുന്ദമംഗലം എന്നിവരാണ് സന്ദര്‍ശിച്ചത്. വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്കര്‍ അലി അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.