കണ്ണൂരിലെ ദലിത് യുവതികളെ  രാഹുല്‍ ഫോണില്‍ വിളിച്ചു 

തലശ്ശേരി: കണ്ണൂരില്‍ സി.പി.എമ്മുകാരുടെ വ്യാജ പരാതിയിന്മേല്‍ ജയിലില്‍ അടയ്ക്കപ്പെട്ട ദലിത് സഹോദരിമാരിലൊരാളായ അഖിലയുമായും പിതാവ് രാജനുമായും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഫോണില്‍ സംസാരിച്ചു. കണ്ണൂരില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ശ്രദ്ധയില്‍പെടുത്തിയതിനെതുടര്‍ന്നാണ് ഇവരുമായി രാഹുല്‍ഗാന്ധി ഫോണില്‍ സംസാരിച്ചത്. 
സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ച രാഹുല്‍ഗാന്ധി, അഖിലക്കും സഹോദരി അഞ്ജനക്കും ഇവരുടെ കുടുംബത്തിനും എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ആശുപത്രിയില്‍ കഴിയുന്ന അഖിലയുടെ സഹോദരി അഞ്ജനയുടെ സ്ഥിതിയില്‍ രാഹുല്‍ ആശങ്ക രേഖപ്പെടുത്തി. 
കോണ്‍ഗ്രസ് പ്രാദേശിക ഘടകത്തോട് ഇവരുടെ കുടുംബത്തിന് എല്ലാ സംരക്ഷണവും നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ കൂടെയുണ്ടെന്നും ആക്രമണ ശക്തികള്‍ക്കു മുന്നില്‍ മുട്ടുമടക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കുടുംബത്തെ ആശ്വസിപ്പിച്ച രാഹുല്‍ നേരില്‍വന്ന് കാണുമെന്നും യുവതികള്‍ക്ക് ഉറപ്പു നല്‍കി.
അതിനിടെ, ജാമ്യം ലഭിച്ച് വീട്ടിലത്തെിയപ്പോള്‍ ആത്മഹത്യക്ക് ശ്രമിച്ച ദലിത് യുവതി അഞ്ജനയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എസ്.പി സഞ്ജയ് കുമാര്‍ ഗുരുദ്ദിന്‍, തലശ്ശേരി സബ് കലക്ടര്‍ നവജോത് ഖോസ എന്നിവര്‍ ആശുപത്രിയിലത്തെി വിവരങ്ങള്‍ ആരാഞ്ഞു. അഞ്ജനയുടെ ആത്മഹത്യാശ്രമത്തിന് പ്രേരണ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ആശുപത്രി സന്ദര്‍ശിച്ച ശേഷം പറഞ്ഞു. 
സി.പി.എം നേതാക്കള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, എ.എന്‍. ഷംസീര്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവരുടെ വിമര്‍ശങ്ങളാണ് യുവതിയെ ആത്മത്യാശ്രമത്തിലേക്ക് നയിച്ചത്. ഇവരുടെ പേരില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍മന്ത്രിമാരായ കെ.പി. മോഹനന്‍, എ.പി. അനില്‍ കുമാര്‍, ആര്‍.എം.പി നേതാവ് കെ.കെ. രമ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, സതീശന്‍ പാച്ചേനി, രജനി രമാനന്ദ്, സി.ടി. ഗിരിജ, അജിത സുരേന്ദ്രന്‍, ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ ആശുപത്രിയിലത്തെി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
അതിനിടെ,  കേസെടുത്ത സംഭവത്തില്‍ എസ്.പി സഞ്ജയ് കുമാര്‍ ഗുരുദ്ദിന്‍  ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഡി.ജി.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. യുവതികള്‍ക്കെതിരെയുള്ള നടപടികള്‍ നിയമാനുസൃതമാണെന്നും പൊലീസിന്‍െറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതികള്‍ക്കെതിരെ ആക്രമണങ്ങളുണ്ടാവാതിരിക്കാന്‍ കണ്ണൂരിലെ കുട്ടിമാക്കൂലില്‍ പ്രത്യേകം പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.