കെ.എസ്.ആര്‍.ടി.സി നന്നാക്കിയിട്ടാകാം എയര്‍ കേരള –മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പുതിയ വ്യോമയാന നയത്തിലെ ഇളവുകള്‍ പ്രയോജനപ്പെടുത്തി എയര്‍ കേരള തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ എന്ന ചോദ്യത്തിന്, ആദ്യം കെ.എസ്.ആര്‍.ടി.സി നന്നാക്കി പ്രാപ്തി കാണിക്കുകയാണ് വേണ്ടതെന്നാണ് തന്‍െറ അഭിപ്രായമെന്ന് വാര്‍ത്താലേഖകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍െറ മറുപടി. എന്നിട്ടാകാം എയര്‍ കേരള. വിമാനക്കമ്പനികള്‍ അവധിക്കാലങ്ങളില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്ന കാര്യം കേന്ദ്രത്തിനും ബോധ്യമുണ്ട്.
വിദേശകാര്യ മന്ത്രി സുഷമസ്വരാജുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ഇങ്ങനെ വിമാനക്കമ്പനികള്‍ ചെയ്യാമോ എന്ന നിലപാടാണ് കേന്ദ്രമന്ത്രിയും പ്രകടിപ്പിച്ചത്. നിരക്കു കൊള്ള പ്രശ്നം വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്.
പ്രവാസി പുനരധിവാസ നടപടികള്‍ക്ക് കേന്ദ്രസഹായം ചോദിച്ചെങ്കിലും, കേന്ദ്രത്തിന്‍െറ പക്കല്‍ വിഭവമില്ളെന്ന മറുപടിയാണ് കിട്ടിയത്. എങ്കിലും ധനവകുപ്പിന്‍െറ പരിഗണനയില്‍ ഇക്കാര്യം ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനമുണ്ട്. പുറംനാടുകളില്‍ ജയിലുകളില്‍ കഴിയുന്ന ആയിരത്തിലേറെ മലയാളികള്‍ക്ക് കിട്ടുന്ന നിയമസഹായം അപര്യാപ്തമാണെന്ന പ്രശ്നം പരിശോധിക്കുമെന്ന ഉറപ്പും കിട്ടി. വിദേശത്തു മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലത്തെിക്കാന്‍ കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നയതന്ത്ര കാര്യാലയങ്ങളില്‍ മലയാളി ഉദ്യോഗസ്ഥരെ കൂടുതലായി നിയമിക്കും. 10ാം ക്ളാസ് പാസായവര്‍ ഇ.സി.എന്‍.ആര്‍ വിഭാഗത്തില്‍ പെടുന്നതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുന്നില്ളെന്നിരിക്കെ, ഇതിന് വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തുന്ന കാര്യം വിശദമായി കേന്ദ്രം ചര്‍ച്ച ചെയ്യും.
കേരളത്തില്‍ എയിംസ് തുടങ്ങണമെന്ന ആവശ്യം പരിഗണിച്ച് വിദഗ്ധ സംഘത്തെ അയക്കാമെന്ന് ആരോഗ്യമന്ത്രി ജെ.പി. നദ്ദ കൂടിക്കാഴ്ചയില്‍ തന്നെ അറിയിച്ചിട്ടുണ്ട്. കിനാലൂര്‍, നെട്ടുകാല്‍ത്തേരി, കോട്ടയം മെഡിക്കല്‍ കോളജ് പരിസരം, കൊച്ചിയിലെ എച്ച്.എം.ടി ഭൂമി എന്നിവയാണ് എയിംസിന് പറ്റിയ സ്ഥലങ്ങളായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇടുക്കി മെഡിക്കല്‍ കോളജിലെ പ്രവേശാനുമതി പ്രശ്നം പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളാക്കുന്നതിന് 150 കോടി രൂപ കേന്ദ്രം നല്‍കും. കാന്‍സര്‍ സെന്‍ററിന് 44 കോടി അനുവദിച്ചതില്‍ 25 കോടി നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴയിലെ കെട്ടിട പ്രശ്നത്തില്‍ വൈകാതെ തീരുമാനം എടുക്കും. മലബാര്‍ കാന്‍സര്‍ സെന്‍റര്‍ വികസനത്തിന് സമര്‍പ്പിച്ച 45 കോടിയുടെ പദ്ധതി പ്രത്യേകം പരിഗണിക്കാമെന്ന് വാഗ്ദാനമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.