ഗോപികയെ സഹായിക്കാന്‍ പഞ്ചായത്തുകളുടെ മുന്‍കൈ

മണ്ണുത്തി: കാഴ്ച ക്രമേണ മങ്ങുന്ന അപൂര്‍വ രോഗം ബാധിച്ച ഗോപികയെ സഹായിക്കാന്‍ ബ്ളോക്, ഗ്രാമപഞ്ചായത്തുകള്‍ കൈകോര്‍ക്കുന്നു. മുക്കാട്ടുകര സെന്‍റ് ജോര്‍ജ് യു.പി സ്കൂളില്‍ ആറാം ക്ളാസിലേക്ക് ജയിച്ചിട്ടും സ്കൂളില്‍ പോവാന്‍ കഴിയാത്ത മാടക്കത്തറ പുല്ലാനിക്കാട്ട് കാഞ്ഞിരത്തിങ്കല്‍ ഗോപി-രമ ദമ്പതികളുടെ ഏക മകള്‍ ഗോപികയെ സഹായിക്കാന്‍ ഗോപിക ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു.

അപൂര്‍വ രോഗം മൂലം സ്കൂളിലേക്ക് പോവാനാവാതെ വീട്ടില്‍ തളച്ചിടപ്പെട്ട ഗോപികയുടെയും മകളെ ചികിത്സിക്കാന്‍ വകയില്ലാതെ പ്രതിസന്ധിയിലായ, കൂലിപ്പണിക്കാരായ മാതാപിതാക്കളെയുംപറ്റി ഈമാസം ഒന്നിന് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കണ്ണിന്‍െറ കാഴ്ച ക്രമേണ മങ്ങുന്നതാണ് ഗോപികയുടെ പ്രശ്നം. ആദ്യം ഇടതു കണ്ണിനായിരുന്നു അസുഖം.

മൂന്നുവര്‍ഷമായി കണ്ണട ധരിക്കുന്നുണ്ട്. ഇപ്പോള്‍ വലതു കണ്ണിനും അസ്വസ്ഥത. ചരിഞ്ഞോ കമിഴ്ന്നോ കിടന്നില്ളെങ്കില്‍ കടുത്ത വേദനയാണ്. തൃശൂര്‍ ജനറല്‍ ആശുപത്രിയിലും മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജിലും ചികിത്സിച്ച ശേഷം കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ശസ്ത്രക്രിയ നടത്തിയെങ്കിലും അസുഖം ഭേദമായില്ല. ഇനിയും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ‘മാധ്യമം’ വാര്‍ത്ത കണ്ട് പലരും സഹായവുമായി എത്തിയിരുന്നു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. വിനയന്‍ ഗോപികയുടെ വീട് സന്ദര്‍ശിച്ച് തുടര്‍ ചികിത്സക്കും പഠനത്തിനും സഹായം വാഗ്ദാനം ചെയ്തു. അതിന്‍െറ അടിസ്ഥാനത്തിലാണ് സമിതി രൂപവത്കരിച്ചത്.

ഒല്ലൂക്കര ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഐ.എസ്. ഉമാദേവി, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. വിനയന്‍, എന്‍.എസ്.എല്‍.പി സ്കൂള്‍ സ്കൂള്‍ മാനേജര്‍ എന്‍.കെ. രാമന്‍ എന്നിവര്‍ രക്ഷാധികാരികളായ രൂപവത്കരിച്ച സമിതിയുടെ ചെയര്‍പേഴ്സന്‍ മിനി സുരേഷും ട്രഷറര്‍ പി.ആര്‍. സുരേഷ് ബാബുവും കണ്‍വീനര്‍ വി.എസ്. അനൂപുമാണ്. ‘ഗോപിക ചികിത്സാ സഹായ സമിതി’ എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ താണിക്കുടം ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 3543042769. ഐ.എഫ്.എസ്.സി സി.ബി.ഐ 283117. ഫോണ്‍: 9495566484.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.