നിങ്ങള്‍ക്കറിയോ.. ഞങ്ങള്‍ കലക്ടറേറ്റിലാ പഠിക്കുന്നേ!

കോഴിക്കോട്: കലക്ടറേറ്റില്‍ പഠിക്കാന്‍ അപൂര്‍വഭാഗ്യം ലഭിച്ച മലാപ്പറമ്പിലെ കുട്ടികള്‍ക്ക് പക്ഷേ, അതിന്‍െറ ജാടയൊട്ടുമില്ലായിരുന്നു. മറിച്ച് സ്വന്തം വീട്ടില്‍നിന്ന് മറ്റൊരു വീട്ടിലേക്ക് വിരുന്നുവന്നവരുടെ അപരിചിതത്വവും കൗതുകങ്ങളുമായിരുന്നു പലരുടെയും മുഖത്ത്. സിവില്‍ സ്റ്റേഷനിലെ എന്‍ജിനീയേഴ്സ് ഹാളില്‍ ക്ളാസ് തുടങ്ങിയപ്പോള്‍ അധ്യാപികമാര്‍ കുട്ടികളെ ആദ്യം പറഞ്ഞുപഠിപ്പിച്ചതും ഇക്കാര്യം തന്നെ, ‘ഇതു നമ്മുടെ വീടല്ല, നമ്മുടെ സ്വന്തം സ്കൂളല്ല. മറ്റൊരു വീട്ടിലേക്ക് വിരുന്നുവന്നവരെപ്പോലെ നമ്മള്‍ ശ്രദ്ധിക്കണം. അച്ചടക്കം കാണിക്കണം, നല്ല കുട്ടികളായി ഇരിക്കണം’. ഇതുകേട്ട കുഞ്ഞുമുഖങ്ങളില്‍ നിരാശയോ സങ്കടമോ എന്നു തിരിച്ചറിയാനാവാത്ത ഭാവങ്ങള്‍. ആര്‍ക്കും പുതിയ സ്കൂള്‍ ഇഷ്ടമായില്ളെന്നു വ്യക്തം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവരും ഒരേ സ്വരത്തില്‍ മറുപടി പറയുന്നു; ‘ഞങ്ങള്‍ക്ക് ഇഷ്ടായില്ല ഈ സ്കൂള്‍. ഞങ്ങള്‍ക്ക് ഞങ്ങടെ പഴേ സ്കൂളീ പോയാമതി’.

സുപ്രീംകോടതി ഉത്തരവും സര്‍ക്കാര്‍ ഏറ്റെടുക്കലിന്‍െറ സാങ്കേതികത്വവും ഒന്നും ഈ കുരുന്നുകള്‍ക്കറിയില്ല. എന്നാല്‍, എല്ലാവര്‍ക്കും പഴയ സ്കൂളില്‍ പോണം. എല്‍.കെ.ജി ക്ളാസിലെ സുന്ദരിക്കുട്ടി വിസ്മയ തലകുനിച്ച് സങ്കടത്തോടെയിരിക്കുകയാണ്. പുതിയ സ്കൂളിന്‍െറ അപരിചിതത്വം കാരണമായിരിക്കുമെന്ന് അധ്യാപികയായ അബിഷയുടെ വിശദീകരണം. രണ്ടാം ക്ളാസിലെ ആര്യനാഥിന് പക്ഷേ, പുതിയ സ്കൂള്‍ ഏറെ ഇഷ്ടമായെന്നുതോന്നുന്നു. കാരണം ചോദിച്ചപ്പോള്‍ ഒരു പുഞ്ചിരിയില്‍ അവന്‍ മറുപടി ഒതുക്കി. മറ്റൊരു ലോകത്തത്തെിയ സന്തോഷവും ആകാംക്ഷയും പലരുടെയും നോട്ടങ്ങളിലും ഭാവങ്ങളിലുമുണ്ട്.

പുതിയ സ്കൂള്‍ സ്വന്തം സ്കൂളാക്കി പലരും കളിചിരിയും ബഹളവും തുടങ്ങി. പുതിയ സ്കൂളില്‍ ആദ്യപാഠം പഠിപ്പിക്കാന്‍ അധ്യാപികമാരെല്ലാവരുമുണ്ട്. പനി കാരണം വരാതിരുന്ന എല്‍.കെ.ജിയിലെ രണ്ടു കുട്ടികളൊഴിച്ച് ബാക്കിയെല്ലാവരും ഹാജര്‍. കുട്ടികള്‍ മാത്രമല്ല, പ്രവേശനോത്സവനാളില്‍ കൂട്ടുവരുന്നതുപോലെ രക്ഷിതാക്കളും കലക്ടറേറ്റിലെ സ്കൂളിലത്തെിയിരുന്നു. രാവിലെ മലാപറമ്പ് സ്കൂളില്‍നിന്നാണ് കുട്ടികളെ സ്കൂള്‍ വണ്ടിയില്‍ കലക്ടറേറ്റിലെ പുതിയ ‘സ്കൂളി’ലേക്കത്തെിച്ചത്. രാവിലെത്തൊട്ടേ പത്രക്കാരുടെയും ചാനലുകാരുടെയും തിരക്ക്.

പഠിക്കുന്നതിനെക്കാള്‍ കളിക്കാനാണ് കുട്ടികള്‍ക്ക് ആവേശം. നല്ല കുട്ടികളായി ടീച്ചര്‍മാരുടെ മുന്നിലിരിക്കുന്നുണ്ടെങ്കിലും കണ്ണുതെറ്റിയാല്‍ പുറത്തേക്കിറങ്ങാനും തുള്ളിക്കളിക്കാനും തിരക്കുകൂട്ടുന്നുണ്ട് കുരുന്നുകള്‍. പ്രത്യേക പരിചരണം ആവശ്യമുള്ള അന്‍സിയയുടെയും അഭിരാമിയുടെയും കൂടെ കണ്ണുതെറ്റാതെ അധ്യാപികമാരുണ്ട്. സ്കൂളിലെ മതില്‍ക്കെട്ടിനകത്ത് സുരക്ഷിതരായിരുന്ന ഈ 60 കുട്ടികളെ ഏറെ ശ്രദ്ധയോടെയാണ് അധ്യാപകര്‍ നോക്കുന്നത്. വൈകുന്നേരം 3.45ന് പുതിയ സ്കൂളിലെ ആദ്യദിനത്തിലെ അവസാനബെല്‍ മുഴങ്ങിയതോടെ എല്ലാവരും ബാഗുമെടുത്ത് പുറത്തിറങ്ങി. വീട്ടില്‍ ചെന്ന് എല്ലാവരോടും അഭിമാനത്തോടെ പറയണം. ഞങ്ങള്‍ കലക്ടറേറ്റിലാ പഠിച്ചത് എന്ന് -കുരുന്നുകള്‍ ആവേശത്തോടെ സ്കൂള്‍ വണ്ടിയിലേക്ക്.

ഒറ്റ രാത്രികൊണ്ട് ഒരു ‘സ്കൂള്‍’ ഉണ്ടായ കഥ

ഒരു സ്കൂള്‍ നിര്‍മിക്കാന്‍ എത്ര കാലമെടുക്കും, മാസങ്ങളോ അതോ വര്‍ഷങ്ങളോ. ഒന്നും വേണ്ട, ഒറ്റ രാത്രിമതി ഒരു സ്കൂള്‍ ഒരുങ്ങാന്‍. ബുധനാഴ്ച അടച്ചുപൂട്ടിയ മലാപറമ്പ് എ.യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി കോഴിക്കോട് കലക്ടറേറ്റില്‍ പുതിയ സ്കൂള്‍ സംവിധാനമൊരുങ്ങിയത് ഒരുരാത്രിയിലെ എട്ടുമണിക്കൂര്‍ കൊണ്ടാണ്.

കോടതി ഉത്തരവു പ്രകാരം കഴിഞ്ഞ ദിവസം താഴിട്ടുപൂട്ടിയ സ്കൂളില്‍നിന്ന് കുട്ടികളെ കലക്ടറേറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. സിവില്‍ സ്റ്റേഷനിലെ എന്‍ജിനീയേഴ്സ് ഹാളില്‍ ഈ കുട്ടികള്‍ക്കായി ബുധനാഴ്ച രാത്രിതന്നെ ഏഴ് മുറികളുള്ള സ്കൂള്‍ തയാറായി. വിശാലമായ ഹാള്‍ പൈ്ളവുഡ് കൊണ്ടാണ് ഏഴ് ക്ളാസുകളാക്കി തിരിച്ചത്. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ നേതൃത്വത്തിലായിരുന്നു എല്ലാ തയാറെടുപ്പുകളും. പ്രവേശനോത്സവത്തിന്‍െറ മേളവും അലങ്കാരവും പുതിയ സ്കൂളിലുമുണ്ടായിരുന്നു. കയറിച്ചെല്ലുന്നിടത്ത് ബലൂണുകളും തോരണങ്ങളും തൂക്കി അലങ്കരിച്ചിട്ടുണ്ട്. ഒപ്പം ഒരു വൃത്താകൃതിയിലുള്ള ബെല്ലും.

ഏഴ് ക്ളാസുകളിലേക്കാവശ്യമായ കസേരകളും ബ്ളാക് ബോര്‍ഡുമെല്ലാം നടക്കാവ് എസ്.എസ്.എ അര്‍ബന്‍ റിസോഴ്സ് സെന്‍ററിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ മറ്റു സ്കൂളുകളില്‍ നിന്നാണ് എത്തിച്ചത്. രാവിലത്തെന്നെ ജില്ലാ കലക്ടറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഗിരീഷ് ചോലയിലും കുട്ടികളെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം കലക്ടറേറ്റ് കാന്‍റീനില്‍ തയാറാക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ മലാപ്പറമ്പ് സ്കൂളിലെ പാചകക്കാരി തന്നെ ഈ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കും. വാതിലുകളില്ളെങ്കിലും എല്ലാ ക്ളാസിലും ഫാനുള്‍പ്പടെയുള്ള സൗകര്യങ്ങളുണ്ട്. ഹാളിനു തൊട്ടപ്പുറത്ത് ശൗചാലയവും ഉണ്ട്. കുട്ടികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നത് എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെയും കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്‍െറയും നിര്‍ബന്ധമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.