മാലിന്യക്കുഴി വൃത്തിയാക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു


ഏറ്റുമാനൂര്‍: കാണക്കാരിയില്‍ ഹോട്ടലിന്‍െറ മാലിന്യക്കുഴിയില്‍ മാന്‍ഹോളിലൂടെ ഇറങ്ങിയ രണ്ട് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. കാണക്കാരി സൂര്യക്കുന്നേല്‍ (തേക്കടന്‍കുഴി) ബിനോയ് ജോസഫ് (35), വേദഗിരി ചാത്തമല ഭാഗത്ത് മാങ്കോട്ടില്‍ വാടകക്ക് താമസിക്കുന്ന ജോമോന്‍ (48) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെ കാണക്കാരി കവലയിലെ ഗ്രേസ് ഹോട്ടലിനു മുന്നിലുള്ള മാലിന്യക്കുഴി വൃത്തിയാക്കാനും പൈപ്പിടാനുമായി ഇറങ്ങിയതായിരുന്നു ഇവര്‍. സുഹൃത്ത് വേദഗിരി മാങ്കോട്ടില്‍ അനൂപിനോടൊപ്പം 12.30 ഓടെയാണ് ഇവര്‍ പണി ആരംഭിച്ചത്. ജോമോനും ബിനോയിയും 2.30ഓടെ ഗോവണി ഉപയോഗിച്ച്  മാന്‍ഹോളിലൂടെ എട്ട് അടിയോളം താഴ്ചയുള്ള കുഴിയില്‍ ഇറങ്ങുകയായിരുന്നു. ആദ്യം ജോമോനാണ് ഇറങ്ങിയത്. ജോമോന്‍ കുഴിയില്‍ അനങ്ങാതെ കിടക്കുന്നത് കണ്ട്  ബിനോയിയും  ഇറങ്ങി. ശ്വാസംമുട്ടി ബിനോയിയും കുഴഞ്ഞുവീണു. ഹോട്ടലിന്‍െറ മറുവശത്ത് പുതിയ ടാങ്കിന്‍െറ പണിയിലേര്‍പ്പെട്ടിരുന്ന അനീഷ് പിന്നാലെ എത്തി  മാന്‍ഹോളിലൂടെ നോക്കിയപ്പോഴാണ് ഇരുവരും കുഴിയില്‍ അകപ്പെട്ട വിവരം അറിയുന്നത്. ഫയര്‍ഫോഴ്സിനെ അറിയിച്ചെങ്കിലും എത്താന്‍ ഏറെ വൈകി. ഒടുവില്‍ നാട്ടുകാരില്‍ ചിലര്‍  ധൈര്യം സംഭരിച്ച് കുഴിയിലിറങ്ങി. അരയില്‍ കയര്‍കെട്ടി ഇറങ്ങിയ ഇവര്‍ ഇരുവരെയും പുറത്തെടുത്തെങ്കിലും മരിച്ചു.
അമ്മ, ഭാര്യ, മകന്‍ എന്നിവരോടൊപ്പം കാണക്കാരിയിലെ കൊച്ചുവീട്ടിലാണ് ബിനോയ് താമസിക്കുന്നത്. കാണക്കാരി തട്ടാകുളങ്ങര കുടുംബാംഗം അനുമോളാണ്  ഭാര്യ. അങ്കണവാടി വിദ്യാര്‍ഥിയായ നോയല്‍ (മൂന്ന്) ഏകമകനാണ്. മിനിയാണ് ജോമോന്‍െറ ഭാര്യ. രണ്ട് കുട്ടികളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.