പ്രമുഖ മാധ്യമപ്രവർത്തകൻ ടി.എൻ ഗോപകുമാർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി.എന്‍. ഗോപകുമാര്‍ (58) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.50നായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു.   മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെ സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍  അന്ത്യോപചാരം അര്‍പ്പിക്കാനത്തെി.  വൈകീട്ട് ഒൗദ്യോഗികബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു.

ഇന്ത്യന്‍ എക്സ്പ്രസിലൂടെ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ഗോപകുമാര്‍ പിന്നീട് വിവിധ ദിനപത്രങ്ങളിലും ബി.ബി.സി റേഡിയോയിലും പ്രവര്‍ത്തിച്ചശേഷമാണ് ഏഷ്യാനെറ്റ് ന്യൂസില്‍ എത്തുന്നത്. മാധ്യമം ആരംഭിച്ച ആദ്യനാളുകളില്‍ ഡല്‍ഹി ബ്യൂറോ ഉപദേഷ്ടാവായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍െറ പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടിയായ ‘കണ്ണാടി’  ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് ചരിത്രമായി. വട്ടപ്പള്ളിമഠം നീലകണ്ഠശര്‍മയുടെയും തങ്കമ്മയുടെയും മകനായി 1957ല്‍ ആണ് ജനനം. തങ്കമ്മയുടെ ആദ്യ ഭര്‍ത്താവ് പി. കൃഷ്ണപിള്ളയായിരുന്നു. തിരുവനന്തപുരത്ത് കേരള സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി.

ദില്ലി, പയണം, മുനമ്പ്, ശൂദ്രന്‍, കൂടാരം, ശുചീന്ദ്രംരേഖകള്‍, വോള്‍ഗാ തരംഗങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഏറ്റവുമവസാനം എഴുതിയ ‘പാലും പഴവും’ എന്ന നോവല്‍ ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുകയാണ്. ‘വേരുകള്‍’ എന്ന ടെലിവിഷന്‍ പരമ്പരയും ‘ജീവന്‍മശായ്’ എന്ന ചലച്ചിത്രവും സംവിധാനം ചെയ്തു. കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും തേടിയത്തെി. ഭാര്യ: ഹെദര്‍ ഗോപകുമാര്‍. മക്കള്‍: ഗായത്രി, കാവേരി. മരുമക്കള്‍: രഞ്ജിത്, വിനായക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.