കേന്ദ്ര സര്‍വകലാശാലയില്‍ പ്രക്ഷോഭം; വൈസ് ചാന്‍സലര്‍ അവധിയില്‍

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത യൂനിയന്‍ പഠിപ്പുമുടക്ക് സമരം നടത്തി. കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ഫെലോഷിപ് തടഞ്ഞുവെക്കല്‍ ഉള്‍പ്പെടെയുള്ള പീഡനം, ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് എന്‍.എസ്.യു, എസ്.എഫ്.ഐ, എം.എസ്.എഫ്, എസ്.ഐ.ഒ, ബി.എസ്.എഫ്, പി.എസ്.എ, എ.എസ്.എ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. അതേസമയം, സമരത്തിന്‍െറ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ അവധിയില്‍ പ്രവേശിച്ചു.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലേതിന് സമാനമായ വിദ്യാര്‍ഥിവിരുദ്ധ നടപടികള്‍ കേരള കേന്ദ്ര സര്‍വകലാശാലയിലുമുണ്ടായതാണ് വിദ്യാര്‍ഥികളെ സംയുക്ത സമിതി രൂപവത്കരിക്കാനും സമരത്തിനും  പ്രേരിപ്പിച്ചത്. രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് കെ.സി. ബൈജുവിന്‍െറ വിദ്യാര്‍ഥിവിരുദ്ധ മനോഭാവമാണ് സമരത്തിന് അടിസ്ഥാന കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

നായന്മാര്‍മൂല, പടന്നക്കാട്, പെരിയ കാമ്പസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുത്തു. ഇന്ത്യയൊട്ടാകെ സര്‍വകലാശാലകളില്‍ അഡ്മിനിസ്ട്രേറ്റിവ് ഫാഷിസത്തിനെതിരായ സംയുക്ത സമിതി രൂപവത്കരിക്കാനുള്ള ആഹ്വാനത്തിന്‍െറ ഭാഗമായി സി.യു.കെയിലും ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് രൂപവത്കരിച്ചു.

അനൂപ്, ആശിഷ്, അമ്പിളി (എന്‍.എസ്.യു), ശ്രുതി, സജിയ്, ഗോവിന്ദപ്രസാദ് (എസ്.എഫ്.ഐ), അജിത്, തസ്ലിം, എസ്.പി. അരുണ്‍ (പി.എസ്.എ), സി.സി. ശമീം, മുഹമ്മദലി (എം.എസ്.എഫ്), ഗന്തോട്ടി നാഗരാജ, ആര്‍. വിനോദ്കുമാര്‍ (എ.എസ്.എ), മിറാഷ്, ഭഗത്സിങ് (പാഠാന്തരം), ഷഹല്‍ (സ്റ്റുഡന്‍റ് ഫ്രണ്ട്), ഹസീബ് (എസ്.ഐ.ഒ) എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ പി.കെ. ശ്രീമതി ടീച്ചര്‍, എസ്.ഐ.ഒ, എസ്.എഫ്.ഐ ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.