ഗോപിനാഥന്‍നായരുടെ പത്മശ്രീ സമാധാനദൂതിനുള്ള അംഗീകാരം

തിരുവനന്തപുരം: കലാപഭൂമികളില്‍ മതാതീത മാനവികതയുടെ സ്നേഹദൂതുമായത്തെി സമാധാന സംസ്ഥാപനത്തിന് നേതൃത്വം നല്‍കിയതിനുള്ള അംഗീകാരമാണ് പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ക്ക് ലഭിച്ച പത്മശ്രീ ബഹുമതി. ഏതാണ്ട് ഏഴ് പതിറ്റാണ്ടായി സമൂഹത്തിന്‍െറ കര്‍മമണ്ഡലത്തില്‍ അദ്ദേഹം ഗാന്ധിയന്‍ ഇടപെടലുകളുമായി രംഗത്തുണ്ട്.

നിലവില്‍ ഗാന്ധി സ്മാരകനിധിയുടെ അധ്യക്ഷനാണ്. 1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച അദ്ദേഹം ഗാന്ധിമാര്‍ഗത്തിലേക്ക് ചെറുപ്പത്തില്‍തന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന ഗാന്ധിജിയെ നേരില്‍ കണ്ടത് ഇപ്പോഴും തുടിക്കുന്ന ഓര്‍മയാണ്. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി.

ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്.1946-48 കാലത്ത് ചീനാഭവനില്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി. മണിപ്പൂര്‍ മുതല്‍ കശ്മീര്‍വരെ എല്ലാ സംസ്ഥാനത്തും അദ്ദേഹത്തിന്‍െറ കാല്‍പ്പാടുകള്‍ പതിഞ്ഞു. 1951ല്‍ കെ. കേളപ്പന്‍െറ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയായിരുന്നു കേരളത്തിലെ ആദ്യ രംഗവേദി. പിന്നീട് അതിന്‍െറ അധ്യക്ഷ സ്ഥാനത്തത്തെി. സര്‍വസേവാ സംഘത്തിന്‍െറ കര്‍മസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്‍റായും സംഘത്തെ നയിച്ചു.

1995ല്‍ ഗാന്ധിയന്‍ പ്രസ്ഥാനത്തിന്‍െറ ഭാഗമായ സേവാഗ്രാമത്തിന്‍െറ അധ്യക്ഷനായി അഞ്ച് വര്‍ഷത്തേക്ക് നിയോഗിക്കപ്പെട്ടു. പഞ്ചാബിലെ ഹിന്ദു- സിഖ് സംഘര്‍ഷഭൂമിയില്‍ രണ്ട് മാസം താമസിച്ച് സമാധാനസന്ദേശം പ്രചരിപ്പിച്ചു. ബംഗ്ളാദേശ് കലാപകാലത്ത് ഇന്ത്യയിലേക്ക് പ്രവഹിച്ച അഭയാര്‍ഥികളുടെ ക്യാമ്പുകളിലത്തെി ആശ്വാസം നല്‍കി. മാറാട് നടന്ന ഹിന്ദു- മുസ്ലിം ലഹള ശമിപ്പിക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഗോപിനാഥന്‍നായര്‍ക്ക്  കഴിഞ്ഞു. 

ഭൂദാനയജ്ഞത്തിന് നേതൃത്വം നല്‍കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപിനാഥന്‍നായര്‍ പങ്കെടുത്തു. ജയപ്രകാശ് നാരായണന്‍ നയിച്ച സത്യഗ്രഹങ്ങളില്‍ പ്രധാന പങ്കുവഹിച്ചു. പത്മശ്രീ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.