വീരേന്ദ്രകുമാറുമായി ചെന്നിത്തലയുടെ കൂടിക്കാഴ്ച

കോഴിക്കോട്: മുന്നണിമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച. തിങ്കളാഴ്ച ഉച്ചക്ക് വീരേന്ദ്രകുമാറിന്‍െറ ചാലപ്പുറത്തെ വീട്ടില്‍ രണ്ടുമണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. ഉച്ചക്ക് പന്ത്രണ്ടരയോടെ എത്തിയ ആഭ്യന്തരമന്ത്രി രണ്ടരയോടെയാണ് മടങ്ങിയത്. മുന്നണിയിലെ അവഗണന സംബന്ധിച്ച പരാതിയാണ് വീരന്‍ പ്രധാനമായും ഉന്നയിച്ചത്. പാലക്കാട്ടെയും തദ്ദേശതെരഞ്ഞെടുപ്പിലെയും തോല്‍വി, രാജ്യസഭാസീറ്റ്, നിയമസഭാ സീറ്റുകളിലെ അര്‍ഹമായ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങളാണ് ചെന്നിത്തലക്കുമുന്നില്‍ അവതരിപ്പിച്ചത്. താന്‍ നൂറുകാര്യങ്ങള്‍ ഉന്നയിച്ചിട്ടും ഒരു കാര്യത്തിനുപോലും ഉമ്മന്‍ ചാണ്ടി മറുപടി പറയുന്നില്ല. മന്ത്രി കെ.പി. മോഹനനെ അടര്‍ത്തിയെടുക്കാന്‍ യു.ഡി.എഫ് ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഫെബ്രുവരി ആദ്യം പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനാല്‍ ഇതിനകം തീരുമാനമുണ്ടാകണം. എന്നാല്‍, അടുത്തമാസം ആദ്യവാരം എ.കെ. ആന്‍റണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവരുമായി ചര്‍ച്ചയാകാം എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
ജെ.ഡി.യുവിനെ പിളര്‍ത്താ നുള്ള നീക്കത്തിന് കൂട്ടുനില്‍ക്കില്ളെന്നും ഒരുവിഭാഗത്തെ മാത്രമായി യു.ഡി.എഫില്‍ നിര്‍ത്താന്‍ ശ്രമിക്കില്ളെന്നും എങ്ങനെയാണൊ പാര്‍ട്ടി യു.ഡി.എഫില്‍ എത്തിയത് അതേപടി പാര്‍ട്ടിക്ക് തിരിച്ചുപോകാനും സൗകര്യമൊരുക്കുമെന്നും ചെന്നിത്തല വീരേന്ദ്രകുമാറിനെ അറിയിച്ചു. ജെ.ഡി.യു മത്സരിക്കുന്നില്ളെങ്കില്‍ ആ സീറ്റുകളില്‍ക്കൂടി കോണ്‍ഗ്രസ് മത്സരിക്കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. എന്നാല്‍, ആ ആവശ്യത്തിന് നേതൃത്വം ചെവികൊടുത്തിട്ടില്ല. കൂട്ടായിനിന്നാല്‍ യു.ഡി.എഫ് തിരിച്ചുവരും. ജെ.ഡി.യുവിന്‍െറ ഇളക്കം പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. വീരേന്ദ്രകുമാര്‍തന്നെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണമെന്നും ചെന്നിത്തല കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.