വനിതാ എം.എല്‍.എമാരുടെ പരാതിയില്‍ എം.എ വാഹിദിനെതിരായ അറസ്റ്റ് തടഞ്ഞു

കൊച്ചി: ഇ.എസ്. ബിജിമോള്‍ എം.എല്‍.എയോട് ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസിന്‍െറ അടിസ്ഥാനത്തില്‍ എം.എ. വാഹിദ് എം.എല്‍.എയെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു. കെ.കെ. ലതിക എം.എല്‍.എയുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെയുള്ള കേസിലെ തുടര്‍ നടപടികളും ജസ്റ്റിസ് പി. ഉബൈദ് തടഞ്ഞു.
ബിജിമോളുടെ കേസില്‍ ആറാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ട കോടതി ലതികയുടെ പരാതിയിലെ നടപടികള്‍ രണ്ട് മാസത്തേക്കാണ് തടഞ്ഞത്. ഇരുവരുടെയും പരാതിയില്‍ തനിക്കെതിരെ നിലവിലുള്ള രണ്ട് വ്യത്യസ്ത കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാഹിദ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2015 മാര്‍ച്ച് 20ന് ശ്രീകാര്യത്തെ കോണ്‍ഗ്രസ് യോഗത്തില്‍ തനിക്കെതിരെ ലൈംഗിക ചുവയുള്ള പ്രസംഗം നടത്തിയതിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടിയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എ. വാഹിദിനെതിരെ ബിജിമോള്‍ പരാതി നല്‍കിയത്. നിയമസഭയിലെ ബജറ്റ് ചര്‍ച്ചക്കിടെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. 354 എ 14 വകുപ്പ് പ്രകാരം ശ്രീകാര്യം പൊലീസാണ് വാഹിദിനെതിരെ കേസെടുത്തത്. തനിക്കെതിരായ കേസ് നിലനില്‍ക്കില്ളെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍െറ നിയമോപദേശമുണ്ടെന്നും പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ കുറ്റം വ്യക്തമാക്കുന്നില്ളെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാഹിദ് കോടതിയെ സമീപിച്ചത്. ഹരജിക്കാരനെതിരെ 354 എ 14 വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുന്നതാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിക്കട്ടെയെന്ന് വ്യക്തമാക്കിയ  കോടതി അന്വേഷണം തടയണമെന്ന ആവശ്യം അനുവദിച്ചില്ല.
ബിജിമോള്‍ എം.എല്‍.എക്ക് നോട്ടീസ് ഉത്തരവായ കോടതി സര്‍ക്കാറിന്‍െറ വിശദീകരണവും തേടി. അതേസമയം, പ്രതീക്ഷിക്കുന്നതിന് വിരുദ്ധമായ നടപടികളാണ് നിയമസഭയില്‍ നിന്നുണ്ടായതെന്ന് ലതിക നല്‍കിയ കേസ് റദ്ദാക്കണമെന്ന വാഹിദിന്‍െറ ഹരജിയുമായി ബന്ധപ്പെട്ട്  സിംഗ്ള്‍ബെഞ്ച് നിരീക്ഷിച്ചു. നിയമസഭക്കകത്ത് അക്രമ സംഭവങ്ങളുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി വ്യക്തമാക്കി.
ബലപ്രയോഗം നടത്തിയെന്ന് മാത്രമേ പരാതിയില്‍ പോലും പറയുന്നുള്ളൂ. ഹരജിക്കാരന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ കോടതി വിചാരണയുടെ ഭാഗമായി പരിശോധിക്കേണ്ട കാര്യങ്ങളാണെന്ന് വ്യക്തമാക്കിയ സിംഗ്ള്‍ബെഞ്ച് കുറ്റകൃത്യം നിലനില്‍ക്കുന്നതാണോയെന്ന് കോടതി വിചാരണ നടത്തി തീരുമാനിക്കട്ടെയെന്നും വ്യക്തമാക്കി. ഹരജിക്കാരന്‍ ആവശ്യപ്പെടുന്നത് പോലെ കേസ് സ്റ്റേ ചെയ്യാനാവില്ളെന്ന് വ്യക്തമാക്കിയ കോടതി രണ്ടുമാസത്തേക്ക്  നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഉത്തരവിടുകയായിരുന്നു. ഈ ഹരജിയിലും പരാതിക്കാരിയായ ലതിക എം.എല്‍.എക്ക് നോട്ടീസ് ഉത്തരവായ കോടതി സര്‍ക്കാറിനോട് സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.