മൈക്രോ ഫിനാന്‍സ് കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണം –ഹൈകോടതി 

കൊച്ചി: എസ്.എന്‍.ഡി.പി യോഗത്തിന്‍െറ മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട കേസുകളെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈകോടതി. പതിനഞ്ച് ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ക്രൈംബ്രാഞ്ചിന്‍െറ സാമ്പത്തിക കേസുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് കൈമാറണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ ഉത്തരവിട്ടു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നടപടിയൊന്നുമില്ളെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ട് അടൂര്‍ സ്വദേശിനി തങ്കമണി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
അടൂര്‍ എസ്.എന്‍.ഡി.പി മൈക്രോ ഫിനാന്‍സ് യൂനിറ്റുമായി ബന്ധപ്പെട്ട് 256 അംഗങ്ങളുടെ പേരിലായി 7.68 കോടിയുടെ വായ്പയെടുത്ത് വഞ്ചിച്ചെന്നാണ് പരാതി. ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍നിന്ന് ഓരോരുത്തര്‍ക്കും പണം തിരിച്ചടക്കണമെന്ന നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പിനിരയായതാണെന്ന് മനസ്സിലായത്. ഓരോരുത്തരും 2.24 ലക്ഷം രൂപ വീതം അടക്കണമെന്ന നിര്‍ദേശത്തോടെയാണ് നോട്ടീസ് എത്തിയത്. യൂനിയന്‍ പിരിച്ചുവിട്ട് നിയമിക്കപ്പെട്ട അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയാണ് തുടര്‍ന്ന് വിപുലരീതിയില്‍ തട്ടിപ്പ് നടന്നതായി കണ്ടത്തെിയത്. തട്ടിപ്പ് സംബന്ധിച്ച് ഹരജിക്കാരി അടൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. പരാതി അന്വേഷിക്കാനായി അടൂര്‍ പൊലീസിന് കൈമാറി. എന്നാല്‍, കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ളെന്നും ക്രൈംബ്രാഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരം കേസുകളില്‍ ലോക്കല്‍ പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമാകില്ളെന്ന നിരീക്ഷണത്തോടെയാണ് കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട ആരോപണത്തിന്‍െറ ആഴവും വ്യാപ്തിയും കണക്കിലെടുത്താല്‍ പൊലീസ് അല്ലാത്ത മറ്റ് ഏജന്‍സികള്‍ തന്നെ അന്വേഷിക്കേണ്ടതാണ്. അതിനാല്‍, ക്രൈംസ് എ.ഡി.ജി.പി അനുയോജ്യനായ ഉദ്യോഗസ്ഥനെ കണ്ടത്തെി  അന്വേഷണച്ചുമതല ഏല്‍പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താനും കോടതി നിര്‍ദേശമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.