ശബരിമലയിൽ മകര സംക്രമപൂജ നടന്നു; ഇന്ന് മകരവിളക്ക്

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള മകരസംക്രമപൂജ ശബരിമലയിൽ നടന്നു. പുലർച്ചെ 1.27നാണ് പൂജ നടന്നത്. സൂര്യൻ ധനു രാശിയിൽ നിന്ന് മകരരാശിയിലേക്ക് മാറുന്ന നിമിഷമാണ് മകരസംക്രമപൂജ നടക്കുക. കൂടാതെ മകരസംക്രമ അഭിഷേകവും നടന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന നെയ്യ് ഉപയോഗിച്ചാണ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തത്. തുടർന്ന് രണ്ടു മണിക്ക് നടയടച്ചു. തുടര്‍ന്ന് പതിവുപോലെ പൂജകള്‍ക്കും നെയ്യഭിഷേകത്തിനുമായി മൂന്നു മണിക്ക് നട വീണ്ടും തുറന്നു. വൈകിട്ട് 6.40നാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കുക.

അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര രാവിലെ ആറുമണിക്ക് ളാഹ സത്രത്തിൽ നിന്ന് പുനരാരംഭിച്ചു. അട്ടത്തോട്ടിലെത്തുന്ന ഘോഷയാത്ര കാനനപാതയിലൂടെ ചെറിയാനവട്ടം, വലിയാനവട്ടം വഴി വൈകുന്നേരം നാലിന് ശരംകുത്തിയിലെത്തുമ്പോൾ എക്സിക്യൂട്ടിവ് ഓഫിസര്‍ ബി.എല്‍. രേണുഗോപാലിന്‍റെ  നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. കൊടിമരച്ചുവട്ടില്‍  മന്ത്രി വി.എസ്. ശിവകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, പൊലീസ് അധികാരികള്‍, അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. സോപാനത്തില്‍വെച്ച് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്, മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങും. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ കൊണ്ടു പോയി അയ്യപ്പസ്വാമിക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തും. ഈ സമയമാണ്  പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക.

ഇന്ന് ഉച്ചക്ക് 12നുശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ കടത്തിവിടില്ല. 12.30ന് നടക്കുന്ന ഉച്ചപൂജക്കുശേഷം തീര്‍ഥാടകരെ പതിനെട്ടാംപടി ചവിട്ടാനും അനുവദിക്കില്ല. കൂടാതെ, മൂന്ന് മണിക്ക് പതിവുപോലെ നട തുറന്നാല്‍ മാത്രമേ പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കാറുള്ളൂ. മകരവിളക്ക് ദിവസമായ ഇന്ന് മുതല്‍ ജനുവരി 19വരെ തുടര്‍ച്ചയായി അഞ്ചു ദിവസം എഴുന്നള്ളത്ത് നടത്തും.

ഭക്തജനങ്ങള്‍ക്ക് മികച്ച സൗകര്യമൊരുക്കിയതായി അവലോകന യോഗത്തില്‍ വകുപ്പ് മേധാവികള്‍ അറിയിച്ചു. അപകടാവസ്ഥയിലായിരുന്ന മുഴുവന്‍ മരങ്ങളും മുറിച്ചുനീക്കി. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ പൊലീസിന്‍റെയും ഫയര്‍ഫോഴ്സ്, എക്സൈസ് വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കി. ദര്‍ശനത്തിനുശേഷം പാണ്ടിത്താവളത്തു നിന്ന് വരുന്നവരെ ഘട്ടംഘട്ടമായി നിയന്ത്രിച്ച് പമ്പയിലേക്ക് തിരിച്ചയക്കുന്നതിനുള്ള സംവിധാനം നടപ്പാക്കി.  

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.