മതസൗഹാര്‍ദപ്പെരുമയില്‍ എരുമേലി പേട്ടതുള്ളല്‍

എരുമേലി: എരുമേലിയില്‍ അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങളുടെ ഭക്തിനിര്‍ഭരമായ പേട്ടതുള്ളല്‍. വര്‍ണങ്ങള്‍ വാരിവിതറി തോളില്‍ വേട്ടക്കമ്പും പേറി ശരണമന്ത്രങ്ങളുമായി അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങളുടെ പേട്ട തുള്ളല്‍ ആരംഭിച്ചപ്പോള്‍ എരുമേലിയും പരിസരവും ശരണം വിളികളാല്‍ മുഖരിതമായി. ഉഗ്രരൂപിണിയായ മഹിഷിയെ നിഗ്രഹിച്ച അയ്യപ്പന്‍െറ സ്മരണ നിലനിര്‍ത്താനാണ് എരുമേലിയില്‍ അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങള്‍ പേട്ടതുള്ളുന്നത്.  മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയില്‍ നടന്ന ചരിത്രപ്രസിദ്ധമായ പേട്ടതുള്ളല്‍ കാണാന്‍ പതിനായിരങ്ങള്‍ ഒഴുകിയത്തെി. രാവിലെ സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ സംഘം പേട്ടതുള്ളലിനായി കൊച്ചമ്പലത്തിലത്തെി ഒരു മണിക്കൂര്‍ പിന്നിട്ടതോടെ ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. ഇതോടെ പേട്ടതുള്ളല്‍ ആരംഭിച്ചു.
നെറ്റിപ്പട്ടം കെട്ടി, തിടമ്പേറ്റിയ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും ചെണ്ടമേളത്തിന്‍െറയും അകമ്പടിയോടെയായിരുന്നു പേട്ടതുള്ളല്‍. കൊച്ചമ്പലത്തില്‍നിന്ന് പേട്ട സംഘം എരുമേലി നൈനാര്‍ മസ്ജിദില്‍ എത്തിയപ്പോള്‍ പുഷ്പവൃഷ്ടിയോടെയും ചന്ദനം തളിച്ചും സ്വീകരിച്ചു. പള്ളിക്കു വലംവെച്ച് പിന്നോട്ടിറങ്ങി വലിയമ്പലത്തിലേക്ക് പേട്ടകെട്ട് നീങ്ങിയപ്പോള്‍ റോഡിനിരുവശവും തിങ്ങിനിറഞ്ഞ വിശ്വാസികളെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പണിപ്പെട്ടു. ജമാഅത്ത് പ്രസിഡന്‍റ് പി.എ. ഇര്‍ഷാദ്, സെക്രട്ടറി സി.യു. അബ്ദുല്‍ കരീംതുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പള്ളിയില്‍ സ്വീകരണം.
വാവരുടെ പ്രതിനിധിയായ എം.എം. യുസുഫ് അമ്പലപ്പുഴ സംഘത്തോടൊപ്പം വലിയമ്പലത്തിലേക്ക് യാത്ര തിരിച്ചു. ഉച്ചക്ക് ആരംഭിച്ച പേട്ടതുള്ളല്‍ മൂന്നുമണിയോടെയാണ് വലിയമ്പലത്തിലത്തെിയത്.
വൈകുന്നേരം 3.10നായിരുന്നു ആലങ്ങാട് സംഘം പേട്ടതുള്ളല്‍ തുടങ്ങിയത്. ആലങ്ങാട് സംഘത്തിന്‍െറ പേട്ടതുള്ളലിന്  സമൂഹപെരിയോന്‍ എ.കെ. വിജയകുമാര്‍ നേതൃത്വം നല്‍കി. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരുസ്വാമിയും ശബരിമലക്ക് പോകുന്നുവെന്ന വിശ്വാസത്തിന്‍െറ അടിസ്ഥാനത്തില്‍ ആലങ്ങാട് സംഘം നൈനാര്‍ മസ്ജിദില്‍ കയറാറില്ല. ഗജവീരന്മാര്‍, കാവടി, ശിങ്കാരി-ചെണ്ട മേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ആലങ്ങാട് സംഘത്തിന്‍െറയും പേട്ടതുള്ളല്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ പി.കെ. കുമാരന്‍, അജയ് തറയില്‍, ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമീഷണര്‍ കെ.ആര്‍. മോഹന്‍ലാല്‍, മേല്‍ശാന്തി ജയരാജന്‍ നമ്പൂതിരി, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി മുരളീധരന്‍ എന്നിവര്‍ അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിന് സ്വീകരണം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.