മകരവിളക്ക്: സുരക്ഷാ-പൊലീസ് കാര്യങ്ങളില്‍ എ.ഡി.ജി.പി കെ. പത്മകുമാറിന് പൂര്‍ണ അധികാരം

കൊച്ചി: ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച സുരക്ഷയിലും പൊലീസ് വിന്യാസത്തിലും എ.ഡി.ജി.പിയും ശബരിമലയിലെ പൊലീസ് ചീഫ് കോഓഡിനേറ്ററുമായ കെ. പത്മകുമാറിന് ഹൈകോടതി പൂര്‍ണ അധികാരം നല്‍കി. സുരക്ഷാ വിഷയത്തില്‍ സര്‍ക്കാറോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ ഇടപെടരുതെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
മകരവിളക്ക് സീസണിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് എ.ഡി.ജി.പി ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് കെ. പദ്മകുമാറാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. എ.ഡി.ജി.പി രേഖാമൂലം സഹായം ആവശ്യപ്പെട്ടാല്‍ മാത്രം ഇക്കാര്യത്തില്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ ഇടപെടാം. സുരക്ഷയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള മാറ്റങ്ങള്‍ക്ക് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് വഴി ചീഫ് കമീഷണറെ അറിയിച്ച് പരിഹാരം തേടാം.
ആവശ്യമായ കാര്യങ്ങള്‍ ശബരിമല സ്പെഷല്‍ കമീഷണര്‍ ഉറപ്പുവരുത്തണം. മകരവിളക്ക് ദര്‍ശിക്കാന്‍  ഭക്തര്‍ തടിച്ചുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ജനുവരി ഒമ്പതു മുതല്‍ പമ്പയില്‍ 15 ഡിവൈ.എസ്.പിമാരെയും 34 സി.ഐമാരെയും 135 എസ്.ഐമാരെയും 1250 പൊലീസുകാരെയും നിയോഗിക്കുമെന്ന് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സന്നിധാനത്ത് 15 ഡിവൈ.എസ്.പിമാരെയും 30 സി.ഐമാരെയും 105 എസ്.ഐമാരെയും 1600 പൊലീസുകാരെയും നിയോഗിക്കും. പുല്ലുമേട്ടിലും മറ്റും സുരക്ഷയൊരുക്കാന്‍ 1234 പൊലീസുകാരെ നിയോഗിക്കും. എരുമേലിയില്‍  800 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ ഒരു കമ്പനി നാഷനല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സും ഒരു കമ്പനി ദ്രുതകര്‍മ സേനയും സുരക്ഷയൊരുക്കാനത്തെും. ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നായി ഓരോ കമ്പനി പൊലീസിനെയും വിളിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.