വീരേന്ദ്രകുമാറുമായി ശത്രുതയില്ല;  വിയോജിപ്പ് രാഷ്ട്രീയമായി –പിണറായി

തിരുവനന്തപുരം: ജനതാദള്‍ -യു സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാറുമായി ശത്രുതയില്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വ്യക്തിപരമായി വിയോജിപ്പില്ല. ഉള്ളത് രാഷ്ട്രീയമായി മാത്രം. അഭിപ്രായങ്ങള്‍ വിദ്വേഷമായി മാറിയിട്ടില്ല. 

എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ പോയപ്പോള്‍ വിമര്‍ശിച്ചത് സ്വാഭാവികമാണ്. കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും തമ്മില്‍ യോജിപ്പും വിയോജിപ്പും ഉണ്ടായിട്ടുണ്ട്. നാളെ ഒരുമിച്ച് പോകുന്നതിന് ഇതു തടസ്സവുമല്ല. വീരേന്ദ്രകുമാര്‍ രചിച്ച ‘ഇരുള്‍ പരക്കുന്ന കാലം’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു പിണറായി. സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക സ്ഥാനം ഇടതുപക്ഷത്താണ്. ജനം ആഗ്രഹിക്കുന്നതും അതാണ്. ജനം ആഗ്രഹിക്കുന്നിടത്തേക്ക് എത്താനുള്ള പുനരാലോചനയാണ് വേണ്ടത്. തങ്ങള്‍ തമ്മിലെ ബന്ധം മാധ്യമപ്രവര്‍ത്തകരുടെ ധാരണാപിശകാണ്. ശത്രുവിന്‍െറ പുസ്തകം ശത്രു പ്രകാശനം ചെയ്യുന്നുവെന്ന തരത്തിലാണ് മാധ്യമങ്ങള്‍ അതു കണ്ടത്. അനുകൂലിച്ചപ്പോഴും എതിര്‍ത്തപ്പോഴും വീരേന്ദ്രകുമാറിന് അര്‍ഹമായ ആദരം നല്‍കി. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന മനസ്സാണ് അദ്ദേഹത്തിന്‍േറത്. ആഗോളീകരണത്തിനെതിരെയും വര്‍ഗീയതക്കെതിരെയും അദ്ദേഹം ധീര നിലപാടെടുത്തു. വര്‍ഗീയതക്കെതിരെ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസിനൊപ്പമല്ല നില്‍ക്കേണ്ടത്. അടിയന്തരാവസ്ഥയില്‍ വീരേന്ദ്രകുമാറുമൊന്നിച്ച് 18 മാസത്തോളം ജയിലില്‍ കഴിഞ്ഞതും പിണറായി അനുസ്മരിച്ചു.

വിശ്വാസത്തിന്‍െറ അടിസ്ഥാനത്തിലാണ് ഒന്നിച്ചുനിന്നതെന്നും തന്‍െറ പുസ്തകം പിണറായി പ്രകാശനം ചെയ്യുന്നതില്‍ അദ്ഭുതപ്പെടാനില്ളെന്നും വീരേന്ദ്രകുമാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തങ്ങള്‍ രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. വര്‍ഗീയതക്കെതിരെ ചില യോജിപ്പുകള്‍ ആവശ്യമാണ്. അതിനു മുന്നണികള്‍ പ്രശ്നമല്ല. വര്‍ഗീയതക്കെതിരായ പിണറായിയുടെ ശബ്ദം ഇപ്പോള്‍ കൂടുതള്‍ ശ്രദ്ധിക്കുന്നുണ്ട്. പോരാട്ടങ്ങളില്‍നിന്ന് സോഷ്യലിസ്റ്റുകള്‍ക്ക് മാറിനില്‍ക്കാനാകില്ല. പിണറായിയോട് വ്യക്തിപരമായ ബഹുമാനമുണ്ട്. പോരാട്ടങ്ങളില്‍ കൈകോര്‍ക്കേണ്ടിവരുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. പിണറായിയും വീരേന്ദ്രകുമാറും വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരേവേദിയില്‍ എത്തിയത്. ചിന്ത പബ്ളിഷേഴ്സ് ചീഫ് എഡിറ്റര്‍ സി.പി. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. ടി.എന്‍. സീമ എം.പി, ഉണ്ണി ആര്‍. എന്നിവര്‍ സംസാരിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.