ഷൊര്‍ണൂര്‍: തിരുനെല്‍വേലി-ഹാപ്പ എക്‌സ്പ്രസില്‍ അമ്മയെയും മകളെയും മയക്കി കവർച്ച നടത്തി. സൂറത്തില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന തുളസി (50), മകള്‍ അശ്വതി (19) എന്നിവരുടെ കൈവശമുണ്ടായിരുന്ന 64,000 രൂപയും സ്വര്‍ണാഭരണങ്ങളും ആണ് കൊള്ളയടിച്ചത്. ബാഗുകള്‍ തുറന്നു കിടക്കുന്നത് കണ്ട മറ്റ് യാത്രക്കാർ വിളിച്ച് എഴുന്നേല്‍പ്പിച്ചപ്പോഴാണ് ഇരുവരും മോഷണ വിവരം അറിയുന്നത്. ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ വെച്ച് വിവരം അറിഞ്ഞ ഇരുവരും ബോധരഹിതരായത് പരിഭ്രാന്തിക്ക് വഴിവെച്ചു.
അതേസമയം, ഷൊര്‍ണൂര്‍ റെയിൽവേ സ്റ്റേഷനിലെ ഡോക്ടർ നടത്തിയ പരിശോധനയില്‍ യാത്രക്കാരുടെ ശരീരത്തില്‍ മയക്കുമരുന്നിന്‍റെ അംശമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സഹയാത്രികരില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചിട്ടില്ലെന്ന് യാത്രക്കാർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ പൊലീസ് അറിയിച്ചു.
30 വര്‍ഷമായി സൂറത്തിൽ താമസിക്കുന്ന തുളസി ആലുവയിലുള്ള മൂത്തമകളുടെ അടുത്തേക്ക് വരികയായിരുന്നു. ട്രെയിനിന്‍റെ എസ് 9 കോച്ചിലായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.