കെ.എസ്.ഇ.ബിയില്‍ അപ്രഖ്യാപിത നിയമന നിരോധം

കോഴിക്കോട്: വൈദ്യുതി ബോര്‍ഡിലെ മസ്ദൂര്‍ തസ്തികയിലെ ഒഴിവുകളില്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥി ആത്മഹത്യാ ഭീഷണി മുഴക്കിയതിനുപിന്നാലെ കാഷ്യര്‍ റാങ്ക് ലിസ്റ്റിലുള്ളവരും സമാന പ്രതിഷേധത്തിന്. മസ്ദൂര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട നെയ്യാറ്റിന്‍കര സ്വദേശിയാണ് കഴിഞ്ഞദിവസം 10 ശതമാനം ഒഴിവുകളില്‍പോലും നിയമനം നടത്തുന്നില്ളെന്ന് ആരോപിച്ച് ആത്മഹത്യാഭീഷണിയുയര്‍ത്തിയത്. സമാനമായ സാഹചര്യമാണ് കാഷ്യര്‍ റാങ്ക്ലിസ്റ്റിലുള്‍പ്പെട്ട ആയിരങ്ങള്‍ക്കും.

സ്വകാര്യവത്കരണത്തിന്‍െറ ഭാഗമായി സംസ്ഥാനത്തെ ഏറ്റവുംവലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബിയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന അപ്രഖ്യാപിത നിയമന നിരോധത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടും വൈദ്യുതി ബോര്‍ഡ് നടപടിയെടുക്കുന്നില്ല. കാഷ്യര്‍ തസ്തികയിലേക്ക് 12,000ത്തിലധികം പേരുടെ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ഉന്നത തസ്തികയിലേക്കുള്‍പ്പെടെ കരാര്‍ നിയമനവും പുറംകരാറും നല്‍കിയാണ് വൈദ്യുതി ബോര്‍ഡ് ഉദ്യോഗാര്‍ഥികളെ വലക്കുന്നത്. മെയിന്‍ ലിസ്റ്റിലും സപ്ളിമെന്‍ററിയിലും 6000 പേര്‍ വീതമുണ്ടെങ്കിലും 2017ല്‍ കാലാവധി അവസാനിക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്ന് 162 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം നല്‍കിയത്.

ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് കാറ്റില്‍പറത്തി ടെക്നിക്കല്‍ ജീവനക്കാരെ നിയമവിരുദ്ധമായി മിനിസ്റ്റീരിയല്‍ തസ്തികയില്‍ ജോലിചെയ്യിപ്പിക്കുകയാണ്. ഓണ്‍ലൈന്‍ ബില്ലിങ് നടപ്പാക്കിയതിനാലാണ് 2014ലെ കാഷ്യര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കാത്തതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി പോലുള്ള സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം നിലനില്‍ക്കുമ്പോഴും നിരവധി കൗണ്ടറുകള്‍ പുതുതായി തുടങ്ങുന്നുണ്ട്. ബോര്‍ഡില്‍ ഒഴിവുള്ള 7632 തസ്തികയില്‍ 3241 എണ്ണം പി.എസ്.സിയും ബാക്കി സ്ഥാനക്കയറ്റം വഴിയുമാണ് നികത്തേണ്ടത്.

നിലവില്‍ സബ്എന്‍ജിനീയര്‍, കാഷ്യര്‍, ജൂനിയര്‍ അസിസ്റ്റന്‍റ്, മസ്ദൂര്‍ റാങ്ക് ലിസ്റ്റുകള്‍ നിലനില്‍ക്കുന്നുണ്ട്. അഞ്ചുവര്‍ഷം മുമ്പ് ഒഴിവുള്ള 404 കാഷ്യര്‍ തസ്തിക ഇപ്പോള്‍ 1000ത്തിലധികമായിട്ടും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 2011ലാണ് അവസാനമായി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത്. മസ്ദൂര്‍ തസ്തികയില്‍ 1300ഓളം ഒഴിവുകള്‍ നിലവിലുണ്ട്. വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്ത കരാര്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് ഈ കുറവ് നികത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.