കോട്ടയം: ടയര്‍ ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങി റബര്‍ നയപ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീട്ടി. വിലയിടിവില്‍ നട്ടംതിരിയുന്ന ലക്ഷക്കണക്കിന് റബര്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തീരുമാനം ടയര്‍ ലോബിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാണ് ആക്ഷേപം. നയം പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഇതിന്‍െറ ഗുണഭോക്താക്കളില്‍ ഏറെയും കേരളത്തിലെ റബര്‍ കര്‍ഷകര്‍ ആകുമായിരുന്നു. റബര്‍ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഏറെ ആശ്വാസം പകരുമെന്ന് പ്രതീക്ഷിച്ചിരുന്ന റബര്‍ നയം ബുധനാഴ്ച പ്രഖ്യാപിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്.
കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട പാര്‍ലമെന്‍ററി സ്ഥിരം സമിതിയുടെ റിപ്പോര്‍ട്ട് കാലാവധി കഴിഞ്ഞിട്ടും കേന്ദ്രം നടപ്പാക്കാത്തതും വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. റബര്‍ നയം പ്രഖ്യാപിച്ച് റബര്‍ ബോര്‍ഡ് പുന$സംഘടന അടിയന്തരമായി നടപ്പാക്കണമെന്നായിരുന്നു പാര്‍ലമെന്‍ററി സമിതിയുടെ പ്രധാന ശിപാര്‍ശകളില്‍ ഒന്ന്. കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ സമിതി സന്ദര്‍ശിച്ച ശേഷമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്.
റബര്‍ വിലയിടിവ് പരിഹരിക്കാനും കൃഷി പ്രോത്സാഹിപ്പിക്കാനും ബോര്‍ഡ് പുന$സംഘടിപ്പിക്കണമെന്നും സമിതിയുടെ ശിപാര്‍ശയിലുണ്ടായിരുന്നു. എന്നാല്‍, ഇതടക്കം എല്ലാ നിര്‍ദേശങ്ങളും കാറ്റില്‍പറത്തി നയം പ്രഖ്യാപിക്കുന്നതുതന്നെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നുവത്രെ. സ്വാഭാവിക റബറിനെ സമ്പൂര്‍ണ കാര്‍ഷികവിളയായി പ്രഖ്യാപിക്കണമെന്നും വിലയിടിവ് തടയാന്‍ നടപടിയെടുക്കുന്നില്ളെങ്കില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും സമിതി നല്‍കിയിരുന്നു.
നിലവില്‍ വ്യവസായിക ഉല്‍പന്നമായി പരിഗണിക്കുന്ന റബറിനെ സമ്പൂര്‍ണ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചാല്‍ ചരക്ക്-സേവന നികുതി വരുന്നതോടെ ഉണ്ടാകുന്ന നികുതിഭാരം ഒഴിവാക്കാനാകുമെന്നും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ ബി.ജെ.പിയുടെ ചന്ദന്‍ മിത്ര എം.പിയായിരുന്നു. സമിതിയില്‍ വയലാര്‍ രവി, ജോയി എബ്രഹാം എന്നിവര്‍ അംഗങ്ങളുമായിരുന്നു. റബര്‍ വിലയിടിവ് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി അടിക്കടി പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് അട്ടിമറിച്ചതോടെ കര്‍ഷകരുടെ എല്ലാ പ്രതീക്ഷകളും ഇല്ലാതായതായി റബര്‍ കര്‍ഷകരും സംഘടനകളും കുറ്റപ്പെടുത്തുന്നു.
നയം പ്രഖ്യാപിക്കാനുള്ള തീരുമാനം ഇത് രണ്ടാംതവണയാണ് കേന്ദ്ര വാണിജ്യമന്ത്രാലയം മാറ്റിവെക്കുന്നത്. റിപ്പോര്‍ട്ട് അവതരിപ്പിച്ച് ആറുമാസത്തിനകം കരട് നയം പുറത്തിറക്കാനായിരുന്നു ആദ്യ തീരുമാനം. ഇതുസംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ചകളും നടത്തിയിരുന്നു. സമിതിയുടെ കാലാവധി കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിട്ടും നയം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തത് കര്‍ഷകരുടെ പ്രതിഷേധത്തിനും ഇടയാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.