സമയനഷ്ടം: പ്രതിവാര ട്രെയിനുകള്‍ ഷൊര്‍ണൂര്‍ ജങ്ഷന്‍ ഒഴിവാക്കി ഓടിക്കാന്‍ ആലോചന

പാലക്കാട്: ഷൊര്‍ണൂര്‍ ജങ്ഷന്‍ വഴി പോകുന്ന ദീര്‍ഘദൂര പ്രതിവാര ട്രെയിനുകള്‍ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ ഒഴിവാക്കി ലിങ്ക്ലൈന്‍ വഴി ഓടിക്കാന്‍ ആലോചന. സമയനഷ്ടവും പാതയിലെ തിരക്കും ഒഴിവാക്കാനാണ് റെയില്‍വേ നടപടി. ഡിവിഷന്‍തല റെയില്‍വേ യൂസേഴ്സ് കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റി (ഡി.ആര്‍.യു.സി.സി) യോഗത്തില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ആനന്ദ് പ്രകാശാണ് ഇക്കാര്യം അറിയിച്ചത്. ഷൊര്‍ണൂരില്‍ എന്‍ജിന്‍ മാറ്റാനും മറ്റുമായി 35 മിനിറ്റ് എടുക്കുന്നുണ്ട്.

രാവിലെ ഒമ്പതിനും 12നും ഇടയില്‍ റൂട്ടില്‍ ഇതുമൂലം ട്രെയിനുകള്‍ക്ക് സമയനിഷ്ട പാലിക്കാന്‍ കഴിയുന്നില്ല. ഷൊര്‍ണൂര്‍-മംഗളൂരു പാതയിലെ വൈദ്യുതീകരണം അതിവേഗം മുന്നോട്ടുപോകുകയാണ്. കോഴിക്കോട്-കണ്ണൂര്‍ സെക്ഷനിലെ പ്രവൃത്തി പൂര്‍ത്തിയായി. ശേഷിക്കുന്ന മംഗളൂരു വരെയുള്ള പ്രവൃത്തി നാലുമാസത്തിനം തീര്‍ക്കും. പാലക്കാട് ജങ്ഷനിലും കോഴിക്കോടും എസ്കലേറ്ററുകള്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു. ടിക്കറ്റ് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കൂടുതല്‍ സ്റ്റേഷനുകളില്‍ കാഷ് ആന്‍ഡ് കോയിന്‍ ഓപറേറ്റിങ് യന്ത്രങ്ങള്‍ സ്ഥാപിക്കും. കണ്ണൂര്‍ സ്റ്റേഷനില്‍ നാലാമത്തെ പ്ളാറ്റ്ഫോം നിര്‍മിക്കാന്‍ റെയില്‍വേ ബോര്‍ഡില്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. മെമു സര്‍വിസ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സീനിയര്‍ ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജര്‍ പി.എ. ധന്‍ജയന്‍, അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ എ. മേനോന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍, എം.പിമാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.