എൽ.ഡി.എഫിനായി സ്വാധീനിക്കാൻ ശ്രമിച്ചത് ആരാണെന്നറിയില്ല -സരിത

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾ തുറന്നു പറയാൻ സി.പി.എം നേതാവ് ഇ.പി ജയരാജൻ 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് സോളാർ കമീഷൻ മുമ്പാകെ നൽകിയ വെളിപ്പെടുത്തൽ തിരുത്തി സരിത നായർ. ഇ.പി ജയരാജൻ പണം വാഗ്ദാനം നൽകിയിട്ടില്ലെന്നാണ് സരിത ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ഇടതു മുന്നണിക്കായി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചത് ആരാണെന്ന് അറിയില്ല. പ്രശാന്ത് എന്ന് പേരുള്ള ഒരാളാണ് പണം നൽകാമെന്ന് പറഞ്ഞത്. ഈ പ്രശാന്ത് സി.പി.എമ്മുകാരനാണോ അദ്ദേഹത്തിന്‍റെ വീട് എവിടെയാണോ തുടങ്ങിയ വിവരങ്ങൾ തനിക്കറിയില്ലെന്നും സരിത പറഞ്ഞു. രഹസ്യ വിസ്താരത്തിന്‍റെ വിശദാംശങ്ങൾ പുറത്തു പറയില്ലെന്നും സരിത വ്യക്തമാക്കി.

അതേസമയം, കമീഷന്‍റെ അനുമതി നൽകിയതിനെ തുടർന്ന് സരിത നായരെ ബിജു രാധാകൃഷ്ണൻ രഹസ്യമായി ക്രോസ് വിസ്താരം നടത്തി‍. മാധ്യമങ്ങളെ ഒഴിവാക്കി രഹസ്യ വിസ്താരം വേണമെന്ന സരിതയുടെ അപേക്ഷ പരിഗണിച്ച് കമീഷനാണ് ഇതിന് നിർദേശം നൽകിയത്. ഉച്ചക്കഴിഞ്ഞ് കമീഷന്‍റെ ചേംബറിൽ നടന്ന വിസ്താരത്തിന് സരിതക്കും ബിജു രാധാകൃഷ്ണനും പുറമേ കമീഷൻ ചെയർമാനും ഉദ്യോഗസ്ഥരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ, ചേംമ്പറിലെ വിസ്താര സമയത്ത് ഹാജരാകാൻ അനുവദിക്കണമെന്ന സർക്കാർ അഭിഭാഷകന്‍റെ വാദം കമീഷൻ തള്ളി. സ്റ്റേറ്റ് പൊതുസമൂഹത്തിൽ ഉൾപ്പെടില്ലെന്ന വാദം ഉന്നയിച്ചാണ് സർക്കാർ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, താനും ബിജുവും നല്ല ബന്ധത്തിലല്ലെന്നും തന്നെ അപകീർത്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നും സരിത കമീഷനെ അറിയിച്ചു.

സോളാര്‍ അന്വേഷണ കമീഷന്‍െറ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നുവെന്ന് സരിത കമീഷനിൽ മൊഴി നല്‍കി. മുഖ്യമന്ത്രിക്കു വേണ്ടി തോമസ് കുരുവിളക്ക് 1.90 കോടി രൂപ കൊടുത്തതിന് കൃത്യമായ രേഖകളില്ല. ഇക്കാര്യത്തില്‍ സ്വകാര്യ ഡയറിയിലെ വിവരങ്ങള്‍ കമീഷനു മുമ്പാകെ ഹാജരാക്കാന്‍ തയാറാണെന്നും സരിത വ്യക്തമാക്കി.

സോളാര്‍ കമീഷനെതിരെ ഹൈകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത് താന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നു അഭിഭാഷകന്‍ മുഖേന ഹര്‍ജി സമര്‍പ്പിച്ചത്. ബെന്നി ബെഹനാന്‍ എം.എല്‍.എ ഗണേഷ് കുമാറിന്‍െറ പി.എ പ്രദീപ്കുമാര്‍ മുഖേന അഭിഭാഷകനായ അഡ്വ. എസ് രാജീവിനെ ധരിപ്പിച്ചത് പ്രകാരമാണ് കമീഷന്‍െറ അധികാര പരിധിയെപ്പോലും ചോദ്യം ചെയ്തുകൊണ്ട് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശ പ്രകാരമെന്നത് മനപൂര്‍വം കളവ് പറയുന്നതല്ല. സത്യസന്ധമായ കാര്യമാണത്. അക്കാലത്ത് ഇവരുടെയൊക്കെ നിര്‍ദേശപ്രകാരമായിരുന്നു താന്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനാലാണ് അപ്രകാരം ചെയ്തതെന്നും സരിത വ്യക്തമാക്കി.

കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനായി 40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതിനാല്‍ 20 ലക്ഷം രൂപയാണ് നല്‍കിയത്. മറിച്ചുള്ള പത്രവാര്‍ത്തകള്‍ തെറ്റാണ്. എന്നാല്‍ പണം എപ്പോള്‍ ആവശ്യപ്പെട്ടുവെന്നോ, ഫോണ്‍ വഴിയോ, നേരിട്ടോ തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ല.  വാട്സാപ്പില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ക്കെതിരെ ഡി.ജി.പി, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതായാണ് അറിവ്. ഇപ്രകാരം ചെയ്തത് ആരായിരിക്കാം എന്ന് സംശയമുള്ള ഒന്ന്, രണ്ടാളുടെ പേരുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആലപ്പുഴയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനു പിന്നിലുണ്ടെന്ന് വിശദമായ അന്വേഷണത്തില്‍ മനസിലായി. ഇതോടെ അത് നിലച്ച രീതിയിലാണ്.

എ.പി അബ്ദുല്ലക്കുട്ടിക്കെതിരായ പരാതിയിൽ പറഞ്ഞതെല്ലാം സത്യമാണ്. തന്‍റെ വീഡിയോ വാട്സ്ആപ്പിലൂടെ പ്രചരിച്ചതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഇതിന്‍റെ അന്വേഷണം ആലപ്പുഴയിലെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് മരവിപ്പിച്ചതായും സരിത കമീഷൻ മുമ്പാകെ പറഞ്ഞു.

ഹൈബി ഈഡൻ എം.എൽ.എയുമായി സംസാരിച്ചത് സോളാർ ഇടപാടിനെ കുറിച്ചല്ലെന്നും ഫെബ്രുവരി 27ന് കമീഷൻ മുമ്പാകെ ഹാജരാകാൻ പോകവെ തമ്പാനൂർ രവി തന്നെ ഫോണിൽ വിളിച്ചതായും സരിത വ്യക്തമാക്കി. മോൻസ് ജോസഫ് എം.എൽ.എയുടെ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ സോളാർ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് ഫീസിബിലിറ്റി സ്റ്റഡി നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സരിത കമീഷനോട് പറഞ്ഞു.

രണ്ടു തവണ മുഖ്യമന്ത്രിയെ കാണാൻ വീട്ടിൽ പോയിരുന്നതായും ഒരു തവണ 50,000 രൂപയോളം മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സരിതയുടെ ഡ്രൈവർ ശ്രീജിത്ത് സോളാർ കമീഷന് മൊഴി നൽകി. പണം നൽകിയ വിവരം സ്ഥിരീകരിച്ച സരിത, സോളാർ വാട്ടർ ഹീറ്റർ സ്ഥാപിക്കുന്നതിനുള്ള പർച്ചേസ് ഒാർഡർ റദ്ദാക്കിയതിനെ തുടർന്നാണ് 50,000 രൂപ തിരികെ നൽകിയതെന്നും കമീഷനെ അറിയിച്ചു.

സരിതയുടെ ക്രോസ് വിസ്താരം ചൊവാഴ്ച തുടരും. തിങ്കളാഴ്ച കണ്ണൂര്‍, കോഴിക്കോട് കോടതികളില്‍ സരിതക്ക് ഹാജരാകണമെന്നതിനാലാണ് വിസ്താരം ചൊവാഴ്ചത്തേക്ക് നീട്ടിയത്. നാളെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, ഒന്‍പതിന് ഏബ്രഹാം കലമണ്ണില്‍, 12ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി എന്നിവര്‍ വിസ്താരത്തിനു ഹാജരാകണമെന്നു കമീഷന്‍ ഉത്തരവിട്ടു. കമീഷനെ അധിക്ഷേപിച്ച് മന്ത്രി ഷിബു ബേബിജോണ്‍ പ്രസംഗിച്ചെന്ന പരാതിയില്‍ മന്ത്രിയുടെ അഭിഭാഷകന്‍ ശിവന്‍ മഠത്തില്‍ 15നു ഹാജരായി വിശദീകരണം നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.