വൈദികനെ ചാണകം തീറ്റിപ്പിച്ച അതേ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘമാണ് കേരളത്തിലും ക്രൈസ്തവ പ്രേമം നടിക്കുന്നത് -പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഒഡീഷയില്‍ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘം വൈദികനെ ക്രൂരമായി ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവും മതേതരത്വത്തിനും രാജ്യത്തിനും അപമാനകരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഞായറാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനിടെയാണ് വൈദികനു നേരെ ആക്രമണമുണ്ടായത്. അഴുക്ക്ചാലിലെ വെള്ളം കുടിപ്പിക്കുകയും ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെരുപ്പ്മാല അണിയിക്കുകയും ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൂരമായ ഈ സംഭവത്തെ ആള്‍ക്കൂട്ട ആക്രമമാക്കി ലഘൂകരിക്കാനാണ് ഒഡീഷയിലെ സംഘ്പരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത കലര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യുകയെന്ന തന്ത്രമാണ് രാജ്യത്താകെ സംഘ്പരിവാര്‍ ശക്തികള്‍ നടപ്പാക്കുന്നത്.

സംഘ്പരിവാര്‍ ഭരണത്തിനു കീഴില്‍ ഓരോ ദിവസവും രാജ്യവ്യാപകമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. ഒഡീഷയില്‍ വൈദികനെ ആക്രമിച്ച സംഘ്പരിവാര്‍ ക്രിമിനലുകള്‍ തന്നെയാണ് കേരളത്തിലും ക്രൈസ്തവ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നതെന്നത് മറക്കരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.

അതേസമയം, പാസ്റ്ററെ ആൾക്കൂട്ടം ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ എന്നിവർക്ക് കത്തയച്ചു. മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഭരണഘടന എല്ലാ പൗരർക്കും ഉറപ്പ് നൽകുന്നതാണെന്നും വിശ്വാസത്തിനതീതമായി ആൾക്കൂട്ട ആക്രമണങ്ങളിൽനിന്ന് എല്ലാ പൗരരെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.

പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതികളെ ഉടനടി അറസ്റ്റ് ചെയ്ത് കുറ്റവിചാരണ ചെയ്യണം. സംഭവത്തിനു പിന്നാലെ ഭയം മൂലം ഏഴ് ക്രിസ്ത്യൻ കുടുംബങ്ങൾ അവരുടെ ഭവനങ്ങളിൽനിന്ന് ഒഴിയാൻ നിർബന്ധിതരായി. ഇത്തരം പ്രവൃത്തികൾക്ക് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ല. പ്രസ്തുത സംഭവത്തിലും മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള വിശാലമായ ആക്രമണ ഘടനകളിലും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നിർബന്ധിത മതപരിർത്തനം ആരോപിച്ച് ജനുവരി നാലിനാണ് പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിച്ചതും ചാണകം തീറ്റിച്ചതും. 

Tags:    
News Summary - Odisha pastor forcefully made to eat cow dung is shocking -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.