ചിറ്റൂർ (പാലക്കാട്): ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. കഞ്ചിക്കോട് മേനോൻപാറ സ്വദേശി അജീഷ് (35) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പിന്നാലെ ഫോൺ പരിശോധിച്ചപ്പോഴാണ് ലോൺ ആപ്പ് ഭീഷണിയെക്കുറിച്ച് കുടുംബത്തിന് വിവരം ലഭിച്ചത്.
6000 രൂപയാണ് അജീഷ് വായ്പയെടുത്തത്. എല്ലാ ആഴ്‌ചയും 1000 രൂപ വെച്ച് അടക്കണമെന്നായിരുന്നു ആവശ്യം. തിരിച്ചടവ് വൈകിയതോടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണി തുടങ്ങി. ഇതിന് പിന്നാലെയാണ് അജീഷ് ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു.
വാട്‌സ് ആപ് കോൾ വഴിയായിരുന്നു ഭീഷണി സന്ദേശം. ജോലി ചെയ്യുന്ന സ്ഥലത്ത് വരുമെന്നും ബന്ധുക്കളെ അറിയിക്കുമെന്നും അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നുമെല്ലാം അജീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. അജീഷിന്റെ ഫോണിലുള്ള നമ്പറുകൾ മുഴുവനും അവർ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചിരുന്നു. ആരൊക്കെയാണ് ബന്ധുക്കളെന്നും അവർക്ക് അറിയുമായിരുന്നു.
അജീഷ് മരിച്ചതിന് ശേഷവും ഭീഷണി സന്ദേശം തുടർന്നുകൊണ്ടേയിരുന്നു. അശ്ലീലദൃശ്യങ്ങളും വന്നു. ഇത് കണ്ടപ്പോഴാണ് അജീഷ് ജീവനൊടുക്കാനിടയായ കാരണം വ്യക്തമായത്. പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.