ശബരിമലയിലെ സ്ത്രീ പ്രവേശം: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിരോധം നീക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചു.
ശബരിമലയില്‍ 10-50 പ്രായക്കാരായ സ്ത്രീകള്‍ക്കുള്ള നിരോധം വിശ്വാസത്തിന്‍െറയും ആചാരത്തിന്‍െറയും പ്രശ്നമാണെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മതപരമായ ആചാരവും വിശ്വാസവും വെച്ചുപുലര്‍ത്താന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്.
അതിനാല്‍ തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛേദ പ്രകാരം ഇത്തരം ആചാരങ്ങളെ ചോദ്യം ചെയ്യാനാവില്ല. ഇടതുപക്ഷ സര്‍ക്കാറിന്‍െറ കാലത്ത് സ്ത്രീകളുടെ ശബരിമല പ്രവേശത്തിന് അനുകൂലമായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് നേര്‍വിപരീതമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി. ആചാരങ്ങളില്‍ ഇടപെടരുതെന്ന നിലപാടാണ് കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ 1990ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഹൈകോടതിയില്‍ സ്വീകരിച്ചതിന് വിരുദ്ധമായ നിലപാട് സുപ്രീംകോടതിയിലെടുക്കാനാവില്ല.
ഇതിന് വിരുദ്ധമായി മുന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ കുറിച്ചറിയുന്നത് കേസ് പരിഗണിക്കുമ്പോള്‍ മാത്രമാണ്. അതിനാല്‍ പഴയ സത്യവാങ്മൂലത്തിലെ വാദങ്ങള്‍ പിന്‍വലിച്ച് പുതിയത് നല്‍കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു. ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര പരിസരത്ത് മുസ്ലിംകളുടെ വാവര് പള്ളിയുണ്ട്. അവിടെ തൊഴുത ശേഷമാണ് ഭക്തര്‍ അയ്യപ്പനെ ദര്‍ശിക്കുന്നത്. അയ്യപ്പന്‍ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയായതിനാലാണ് പ്രായദേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കാത്തതെന്ന വാദം ഹൈകോടതി കണക്കിലെടുത്തതാണ്. ശാരീരിക ശേഷിയുള്ള എല്ലാവര്‍ക്കും ശബരിമലയില്‍ ദര്‍ശനം നല്‍കണമെന്നാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ 2007 നവംബറില്‍ ഇതേ കേസില്‍ സത്യവാങ്മൂലം നല്‍കിയത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.