വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച ഡോ.എന്‍.എ കരീം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. 1942ല്‍ അഖിലേന്ത്യാ സ്റ്റുഡന്‍റ് ഫെഡറേഷനിലൂടെയായിരുന്നു തുടക്കം. തുടര്‍ന്ന് ക്വിറ്റ് ഇന്ത്യാ സമരത്തോട് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ജി. രവീന്ദ്രവര്‍മയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ സ്റ്റുഡന്‍സ് കോണ്‍ഗ്രസിന് രൂപം നല്‍കി. അതിനുകീഴിലെ അഖില കൊച്ചി വിദ്യാര്‍ഥി കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നു ഡോ. കരീം. പിന്നീട് കൊച്ചി രാജ്യപ്രജാ മണ്ഡലത്തിന്‍െറ കൗണ്‍സില്‍ അംഗമായി. തുടര്‍ന്ന് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. മഹാരാജാസ് കോളജില്‍ സീനിയര്‍ ബി.എക്ക് പഠിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ പേരില്‍ പുറത്താക്കപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും അലീഗഢ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കേരള സര്‍വകലാശാലയില്‍നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. അലീഗഢ് സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്ത് മികച്ച ഇംഗ്ളീഷ് പ്രസംഗകനുള്ള ചാന്‍സലറുടെ സ്വര്‍ണ മെഡലും നേടിയിട്ടുണ്ട്.

സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മാസികയായ ‘നവോദയ’ത്തിന്‍െറ പത്രാധിപരും ‘സോഷ്യലിസ്റ്റ്’ വാരികയുടെ പത്രാധിപസമിതി അംഗവുമായിരുന്നു. തുടര്‍ന്ന് ‘നവയുഗം’ എന്ന പേരില്‍ സ്വന്തമായൊരു പത്രവും നടത്തി. ചന്ദ്രികയില്‍ സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഠനത്തിനുശേഷം, അക്കാദമിക് രംഗത്ത് സജീവമായി. കാലിക്കറ്റ് സര്‍വകലാശാല സ്റ്റുഡന്‍സ് ഡീനായും സേവനമനുഷ്ഠിച്ചു. മലയാളത്തിലും ഇംഗ്ളീഷിലുമടക്കം നിരവധി പുസ്തകങ്ങള്‍ രചിച്ചു. വിദ്യാഭ്യാസ നയവൈകല്യങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിലും മുന്‍നിരയിലുണ്ടായിരുന്നു. ഇക്കാലത്തിനിടെ, ഒരുതവണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഒരുകൈ നോക്കി.  1995ല്‍ തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആന്‍റണിക്കെതിരെ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചത് ഇദ്ദേഹമായിരുന്നു.

1926 ഫെബ്രുവരി 15ന് എറണാകുളം എടവനക്കാട്ട് നടുവിലകത്ത് അഹമ്മദിന്‍െറയും കടമ്പോട്ട് കുഞ്ഞുബീപാത്തുവിന്‍െറയും മകനായിട്ടായിരുന്നു ജനനം. വിദ്യാഭ്യാസമേഖലയിലെ സമഗ്രസംഭാവനക്കുള്ള പി.എന്‍. പണിക്കര്‍ അവാര്‍ഡ്, ടി.എ. മജീദ് മെമ്മോറിയല്‍ അവാര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍െറ വിവിധ കമ്മിറ്റികളിലും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിലും അംഗമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.