ഡോ. എൻ.എ കരീം അന്തരിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. എൻ.എ കരീം (90) അന്തരിച്ചു. തിരുവനന്തപുരം പേരൂർക്കട ഇന്ദിര നഗറിലെ വസതിയിലായിരുന്നു അന്ത്യം. സാഹിത്യകാരൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടു.

എൻ.എം അഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനായി 1926 ഫെബ്രുവരി 15ന് കൊച്ചിയിലായിരുന്നു ജനനം. ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് ബിരുദവും അലിഗഢ് മുസ് ലിം സർവകലാശാലയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി നേടിയ കരീം ഡൽഹി ജാമിഅ മില്ലിയ അടക്കം നിരവധി സർവകലാശാലകളിലും കോളജുകളിലും അധ്യാപനം നടത്തി.

1940കളിൽ എറണാകുളം മഹാരാജാസ് കോളജിൽ ബിരുദത്തിന് പഠിക്കുമ്പോൾ വിദ്യാർഥി കോൺഗ്രസിന്‍റെ എറണാകുളം പ്രസിഡന്‍റും അഖില കൊച്ചി വിദ്യാർഥി കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറിയുമായിരുന്നു കരീം. സ്വാതന്ത്ര്യ സമരം കത്തി നിന്ന ഈ കാലയളവിൽ പ്രഫ. പാപ്പാളിയെ കൈയ്യേറ്റം ചെയ്തെന്ന ആരോപണത്തിൽ കോളജിൽ നിന്ന് കരീമിനെ പുറത്താക്കി. ഇതോടെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി നടക്കുന്ന സുഹൃത്തുകളുടെ സാമീപ്യം കരീമിന്‍റെ വിപ്ലവ ബോധത്തെ ആളിക്കത്തിച്ചു.

സോഷ്യലിസ്റ്റ് പ്രവർത്തനത്തിനോടൊപ്പം എഴുത്തും തുടങ്ങിയ കരീം, തൃശൂരിൽ നിന്ന് പുറത്തിറക്കുന്ന ‘എക്സ്പ്രസി’ന്‍റെ എറണാകുളം ലേഖകനായി നിയമിക്കപ്പെട്ടു. കെ.എസ്.പിയുടെ ‘നവോദയം’ എന്ന പത്രികയുടെ എഡിറ്ററായി. കൂടാതെ ‘നവയുഗം’ എന്ന പേരിൽ സ്വന്തം ഉടമസ്ഥതയിൽ ഒരു പത്രം നടത്തുകയും ചെയ്തു.

ബിരുദത്തിന് ശേഷം 'ചന്ദ്രിക' ദിനപത്രത്തിലെ സബ് എഡിറ്റർ ജോലിക്കിടെ ബി.ടി ജയിച്ച് ഫറൂഖ് കോളജിൽ തന്നെ 1953ൽ ട്യൂട്ടറായി സേവനം ആരംഭിച്ചു. ചന്ദ്രിക ദിനപത്രത്തിലെ രണ്ട് വർഷത്തെ പത്രവർത്തനത്തിന് ശേഷം അലിഗഡിൽ എം.എ ബിരുദം പൂർത്തിയാക്കിയ കരീം കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ അധ്യാപകനായി. പിന്നീട് കാലിക്കറ്റ് സർവകലാശാല ആരംഭിച്ചപ്പോൾ സ്റ്റുഡൻസ് ഡീൻ ആയി.

കേരള സർവകലാശാലയിൽ രണ്ട് തവണ പ്രോ വൈസ് ചാൻസലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എ.കെ ആന്‍റണിക്കെതിരെ ഇടത് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ ഗവേഷണ കൗണ്‍സില്‍ അംഗം, വക്കം മൗലവി ഫൗണ്ടേഷൻ ചെയർമാൻ, സ്റ്റേറ്റ് റിസോഴ്സ് സെന്‍റർ ഡയറക്ടർ, ഫിലിം സെൻസർ ബോർഡ് അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: മീന കരീം. മക്കൾ: ബഷീർ അഹമ്മദ്, ഡോ. ഫരീദ കരീം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.